റോഡ് വികസനം: മരങ്ങൾ മുറിച്ചുനീക്കിയില്ല
text_fieldsപുൽപള്ളി: റോഡ് വീതികൂട്ടിയപ്പോൾ വീട്ടിമരങ്ങൾ റോഡിന് നടുവിൽ. പുൽപള്ളി-മാനന്തവാടി റൂട്ടിലാണ് പലയിടത്തും ഗതാഗതത്തിന് ഭീഷണിയായി മരങ്ങൾ നിൽക്കുന്നത്. ചില മരങ്ങൾ സമീപത്തെ വീടുകൾക്കും ഭീഷണിയാണ്.
ഏതാനും മാസം മുമ്പാണ് പയ്യമ്പള്ളി മുതൽ കാപ്പിസെറ്റ് വരെ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മരങ്ങളുടെ വേരും മറ്റും മുറിച്ച് നീക്കിയിരുന്നു. വേരുറപ്പ് ഇല്ലാതെ നിൽക്കുന്ന മരങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്നും നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ റോഡരികിൽ നിന്ന മരമാണ് കാപ്പിസെറ്റിൽ നിലംപൊത്തിയത്. ആനപ്പാറയിലും ദാസനക്കരക്കടുത്തും മറിഞ്ഞു വീഴാറായ മരങ്ങളുണ്ട്.
രണ്ട് വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ കടന്നുപോകാനും ബുദ്ധിമുട്ടാണ്. ഭീഷണിയായ മരങ്ങൾ മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകേണ്ടത് വനം വകുപ്പാണെന്നാണ് പറയുന്നത്. നൂറുകണക്കിന് വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന റോഡിന്റെ നടുവിലെ മരങ്ങൾ നീക്കം ചെയ്യാത്തത് ദുരിതങ്ങൾ വർധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.