അപകടഭീഷണിയായി റോഡരികിലെ മരങ്ങൾ
text_fieldsമൂപ്പൈനാട്: പുതിയപാടി പ്രധാന പാതക്കരികിൽ പൊട്ടിവീഴാവുന്ന നിലയിൽ അപകടഭീഷണി ഉയർത്തിനിൽക്കുന്ന രണ്ട് വാക മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയില്ല. പരാതി നൽകിയിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുയർന്നു. രണ്ട് മരങ്ങളിൽ ഒന്ന് കുറേ നാൾ മുമ്പ് ഇടിമിന്നലേറ്റ് പകുതി ഭാഗം കരിഞ്ഞതാണ്. അതിന്റെ കൊമ്പുകൾ ഉണങ്ങി ദ്രവിച്ച് ഇടക്കിടെ പൊട്ടിവീണുകൊണ്ടിരിക്കുകയാണ്. മരക്കൊമ്പുകൾ വീണ് ചുവട്ടിൽ നിർത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങൾക്ക് വലിയ തോതിൽ കേടുപാടുകൾ പറ്റിയ സംഭവവുമുണ്ടായിട്ടുണ്ട്.
ഒരു മരം അപകടകരമായ വിധത്തിൽ റോഡിലേക്ക് ചെരിഞ്ഞാണ് നിൽക്കുന്നത്. ഭാര വണ്ടികൾ കടന്നുപോകുമ്പോൾ വാഹനത്തിന്റെ വശം മരത്തിൽ തട്ടുന്നതും പതിവാണ്. നെടുങ്കരണ സ്കൂളിലേക്ക് നിരവധി വിദ്യാർഥികളടക്കം ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നുണ്ട്. കാറ്റടിച്ചാൽ മരക്കൊമ്പുകൾ ഏതു നിമിഷവും റോഡിലേക്ക് പൊട്ടിവീഴാനിടയുണ്ട്.
ഇതെല്ലാം ചൂണ്ടിക്കാട്ടി പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത്, റവന്യൂ വകുപ്പധികൃതർക്കെല്ലാം നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ, മരങ്ങൾ വെട്ടിനീക്കാൻ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പുൽപള്ളി പൊലീസ് സ്റ്റേഷൻ വളപ്പിൽ മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയില്ല
പുൽപള്ളി: പുൽപള്ളി പൊലീസ് സ്റ്റേഷൻ വളപ്പിലെ നിരവധി മരങ്ങൾ വീഴാനായി നിന്നിട്ടും മുറിച്ചുനീക്കാൻ നടപടിയില്ല. മരങ്ങൾ മുറിച്ചുനീക്കാൻ ലേല നടപടികൾ പൂർത്തിയാക്കിയെങ്കിലും ഇത് വിലക്കെടുക്കാൻ ആരും എത്തിയിട്ടില്ല. പൊലീസ് സ്റ്റേഷന്റെ മുൻഭാഗത്തെ മതിലിനോട് ചേർന്നാണ് കൂറ്റൻ കാറ്റാടിമരം ഉണങ്ങി നിൽക്കുന്നത്.
ഇതിന് പുറമേ സ്റ്റേഷൻ വളപ്പിൽ തന്നെ വേറെയും മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. ഇതിന്റെ ചുവട്ടിൽ വാഹനങ്ങൾ നിർത്തിയിടാൻ ആളുകൾക്ക് ഭയമാണ്. പൊലീസ് വണ്ടികളും മഴക്കാലം തുടങ്ങിയതോടെ ഇതിന് താഴെ നിർത്തിയിടാൻ പറ്റാത്ത അവസ്ഥയിലാണ്. 50,000 രൂപയാണ് മരങ്ങൾക്ക് വിലയിട്ടിരിക്കുന്നത്.
എന്നാൽ, 20,000 രൂപയുടെ മരം പോലുമില്ലെന്നാണ് ഇവിടെ ലേലത്തിനായെത്തുന്നവർ പറയുന്നത്. കൂറ്റൻ മതിൽകെട്ടിനകത്താണ് പൊലീസ് സ്റ്റേഷൻ. മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ കൂടിയാണ് പുൽപള്ളിയിലേത്. ഇതിനിടെയാണ് ഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കാൻ വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.