വിട പറയുമ്പോൾ... വയനാട് @2024
text_fieldsരാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് വയനാട് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. മുണ്ടക്കൈ ഉരുൾ ദുരന്തവും പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടമായതെല്ലാം വയനാടിന്റെ ഈ വർഷത്തെ വലിയ രോദനങ്ങളായിരുന്നു. മന്ത്രി ഒ.ആർ കേളുവിന്റെ മന്ത്രി സ്ഥാനവും ഇന്ത്യയുടെ വനിത ക്രിക്കറ്റിൽ വയനാടിന്റെ താരങ്ങൾ ഇടംപിടിച്ചതും അണ്ടർ -20 സംസ്ഥന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായ ജില്ല കിരീടമണിഞ്ഞതും ഈ വർഷത്തെ ജില്ലയുടെ അഭിമാനമായി.
ഈ വർഷം രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകൾക്കാണ് വയനാട്ടുകാർ വിരലിൽ മഷി പുരട്ടിയതെന്നതും മറ്റൊരു ചരിത്രം. ഇരുളിൽ ആണ്ടു പോയ അനേകം മനുഷ്യരേയും മഹാദുരന്തത്തിൽ ബാക്കിയായി കണ്ണീരോർമകളിൽ കഴിയുന്നവരേയും ചേർത്തുപിടിക്കാനുള്ള ശ്രമത്തിലാണ് വയനാട്. ദുരന്തത്തിന്റെ ബാക്കി പാത്രമായി ശ്വാസം നിലച്ചുപോയ വയനാടിന്റെ ടൂറിസം രംഗത്തെ വീണ്ടും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു. 2024ലെ ജില്ലയിലെ പ്രധാന സംഭവങ്ങളിലേക്ക്....
ജനുവരി
1. സുൽത്താൻ ബത്തേരിയിൽ ശബരിമല തീർഥാടകരുടെ വാഹനമിടിച്ച് പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു
4. കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകനായ കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിൽ ആത്മഹത്യ ചെയ്തു
9. വയനാട്ടില്‍ ഏഴ് ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
18. കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് രാജിവെച്ചു
22. പൊതുജന പങ്കാളിത്തത്തോടെ തയാറാക്കിയ സംസ്ഥാനത്തെ ആദ്യ റിസ്ക് ഇന്ഫോമ്ഡ് മാസ്റ്റര്‍ പ്ലാന്‍ പദവി മാനന്തവാടി നഗരസഭക്ക്
-ജില്ല പൊലീസ് മേധാവിയായി ടി. നാരായണൻ ചുമതലയേറ്റു
27. കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷനല്‍ ജില്ല പദ്ധതിയില്‍ വയനാടിന് മികച്ചനേട്ടം
30. ജില്ല പൊലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
ഫെബ്രുവരി
1. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ ജില്ലയിൽ
3. മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞു. ബന്ദിപ്പൂർ രാമപുരയിലെ ആന ക്യാമ്പിൽ എത്തിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്
7. കൽപറ്റ നഗരസഭ ചെയർമാനായി ടി.ജെ. ഐസക് തെരഞ്ഞെടുക്കപ്പെട്ടു
8. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്
-ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിട്ടും ജോലി തുടർന്ന് ഡോക്ടര്‍ക്ക് സസ്പെന്ഷന്. വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്
10. മാനന്തവാടി ചാലിഗദ്ധയിൽ പനച്ചയിൽ അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കര്‍ണാടകയില്‍നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടയച്ച കാട്ടാനായാണ് അജീഷിനെ അയൽവാസിയുടെ വീട്ടിൽ കയറി ചവുട്ടിക്കൊന്നത്.
13. പനച്ചയിൽ അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വയനാട്ടിൽ ഹർത്താൽ
-ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
14. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിൽ
16. കാട്ടാന ആക്രമണത്തില്‍ കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന് പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്പോൾ കൊല്ലപ്പെട്ടു
21. ലോണ്‍ ആപ്പ് തട്ടിപ്പിനിരയായി പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടില്‍ സി.എസ്. അജയരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാലുപേരെ വയനാട് പൊലീസ് ഗുജറാത്തില്‍നിന്ന് സാഹസികമായി പിടികൂടി
23. ബത്തേരി അർബൻ ബാങ്ക് ചെയർമാനടക്കം എട്ടു അംഗങ്ങളെ അയോഗ്യരാക്കി
-മീനങ്ങാടിയിൽ ‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം
-പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികൾക്ക് സസ്പെൻഷൻ
-പ്രത്യേക പരിശീലനം ലഭിച്ച ടിൻസി എന്ന പൊലീസ് എക്സ്പ്ലോസീവ് സ്നിഫര്‍ ഡോഗ് ഓര്‍മയായി
-പട്ടയ വിതരണത്തിലൂടെ ജില്ലയിൽ 429 പേർക്ക് ഭൂരേഖകൾ സ്വന്തമായി
29. പുൽപള്ളിയിൽ വാർത്തസമ്മേളനത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരായ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.പി. മധുവിനെ സ്ഥാനത്തുനിന്ന് നീക്കംചെയ്തു.
മാർച്ച്
1. ഗർഭാശയ മുഴ നീക്കാൻ ശസ്ത്രക്രിയ നടത്തിയ നീർവാരം കുന്നുംപുറത്ത് മനോഹരന്റെ ഭാര്യ കെ.വി. നിഷ മരിച്ചു
2.ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്
3. വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം; എസ്.എഫ്.ഐക്കാർ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
5. കാട്ടിക്കുളത്ത് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
17. വയനാട് ഗവ. മെഡിക്കല്‍ കോളജിന് അപൂര്‍വ നേട്ടം. സിക്കിള്‍ സെല്‍ രോഗിയുടെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം
22. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബി യിൽ ലയിച്ചു
25. പടിഞ്ഞാറത്തറയിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ചെറിയ പ്ലാസ്റ്റിക്ക് ബാള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന് മരിച്ചു. അരമ്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ് ജലീലിന്റെയും ഫർസാന (മുബീന)യുടെയും മകന് മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്.
28. മേപ്പാടി വടുവഞ്ചാലിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് നിലമ്പൂര്‍ വനമേഖലയില്‍ മരിച്ചത്
31. സുഗന്ധഗിരി മരംമുറിയിൽ വനംവകുപ്പിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൽപറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.കെ. ചന്ദ്രൻ, വനംവാച്ചർ ആർ. ജോൺസൻ എന്നിവരെ സസ്പെൻഡ് ചെയ്തു.
ഏപ്രിൽ
3. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെക്ക് കെ.എസ്.യുവും എം.എസ്.എഫ് ഉം നടത്തിയ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
4. സുഗന്ധഗിരിയിൽ അനധികൃതമായി മരം മുറിച്ച കേസിൽ ഒമ്പതു പ്രതികളും പിടിയിൽ
6. പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ജില്ലയിലെത്തി
11. സുൽത്താൻ ബത്തേരിയിൽ സ്കൂട്ടർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവാക്കൾ മരിച്ചു. മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വിഷ്ണു, കരുവള്ളിക്കുന്ന് ശങ്കരമംഗലത്ത് വിഷ്ണു എന്നിവരാണ് മരിച്ചത്.
12. പൂതാടി സർവിസ് സഹകരണ ബാങ്ക് അംഗത്തിന് അയോഗ്യത
16. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലേക്ക് മാനന്തവാടി സ്വദേശിനി സജന സജീവന് സെലക്ഷൻ
17. സുഗന്ധഗിരി മരം മുറി കേസിൽ റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തു
18. പിണങ്ങോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു
20. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. സുധാകരന് ബി.ജെ.പിയിൽ ചേർന്നു
24. വോട്ട് ബഹിഷ്കരണ ആഹ്വാനവുമായി മാവോവാദികൾ കമ്പമലയിൽ
-പനമരം നെല്ലിയമ്പത്ത് വയോധിക ദമ്പതികളായ റിട്ട. അധ്യാപകന് കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ട ഇരട്ടക്കൊലക്കേസിലെ പ്രതി കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ കുറ്റക്കാരനെന്ന് കോടതി
28. നെല്ലിയമ്പം ഇരട്ട കൊലപാതകം: പ്രതി അർജുന് വധശിക്ഷ
30. കമ്പമലയിൽ മാവോവാദി- തണ്ടർ ബോൾട്ട് വെടിവെപ്പ്
മേയ്
5. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിനെ കാസർകോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററായി സ്ഥലംമാറ്റി
8. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 99.38 ശതമാനം വിജയം
9. ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയില്‍ 72.13 ശതമാനം വിജയം
16. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു
28. വയനാട്ടിൽ 15 വർഷത്തിനുള്ളിൽ നൂറിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കലക്ടറുടെ റിപ്പോർട്ട്
31. സിദ്ധാർഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികൾക്ക് ഉപാധികളോടെ ജാമ്യം
ജൂൺ
3. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി
8. മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ സഹപാഠികൾ റാഗിങ്ങിന്റെ മറവിൽ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടു പേർക്ക് സസ്പെൻഷൻ
22. പൂതാടി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറെ പുറത്താക്കി
23. പൂതാടി പഞ്ചായത്തിലെ കേണിച്ചിറ എടക്കാട് ‘തോൽപ്പെട്ടി 17’ എന്ന കടുവ കൂട്ടിലായി
ജൂലൈ
3. ഡോ. രേണുരാജിനെ മാറ്റി, കർണാടക സ്വദേശി മേഘശ്രീ പുതിയ വയനാട് കലക്ടർ
6. അഞ്ചുകുന്നിൽ ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും അറസ്റ്റ് ചെയ്തു
11. വയനാട് മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗത്തിന് ദേശീയ അവാർഡ്
15. നഞ്ചൻകോട്- വയനാട്- നിലമ്പൂർ റെയിൽവേ സർവേ നടപടികൾ പൂർത്തിയായി
16. കാട്ടനയുടെ ആക്രമണത്തിൽ കല്ലുമുക്കിൽ മാറോട് കോളനിയിലെ രാജു കൊല്ലപ്പെട്ടു
-പുൽപള്ളി ചീയമ്പത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചീയമ്പത്ത് 73ലെ സുധൻ മരിച്ചു
20. വാട്ടർ അതോറിറ്റി ജീവനക്കാരൻ ചീയമ്പം പുത്തൻപുരയിൽ ഷിപ്സി ഭാസ്കരനെ കബനിഗിരിയിലെ വാട്ടർ അതോറിറ്റിയുടെ ഉപയോഗശൂന്യമായ ജലശുദ്ധീകരണ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
28. വയനാട് സ്വദേശിയായ മാവോവാദി നേതാവ് സോമൻ ഷോർണൂരിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ
30. കുഞ്ഞോം ചെറുവയലിൽ നേപ്പാളി കുടുംബം താമസിക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിലിൽ ഒരു വയസ്സുള്ള കുട്ടി മരിച്ചു
ആഗസ്റ്റ്
2 -രാഹുൽഗാന്ധിയും പ്രിയങ്കയും ഉരുൾ പൊട്ടലുണ്ടായ ദുരന്ത ഭൂമിയിൽ
10. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ഉരുൾ ദുരന്തഭൂമിയിൽ
21. മേപ്പാടിയിൽ കൂട്ടിൽ കുടുങ്ങിയ പുലിയെ മുത്തങ്ങ വനത്തിൽ തുറന്നുവിട്ടു
19. വയനാട് ജില്ല പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു
23. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാട്ടാനയിറങ്ങി
24. ഷമീം പാറക്കണ്ടി തരിയോട് പഞ്ചായത്ത് പ്രസിഡന്റ്
സെപ്റ്റംബർ
1. നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
2. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകൾ മേപ്പാടിയിൽ പ്രവർത്തിച്ചുതുടങ്ങി
6. രാജ്യത്തെ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിന് ആന്ധ്രപ്രദേശിലെ തിരുപ്പതി അക്കാദമി ഓഫ് ഗ്രാസ്റൂട്ട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ല പഞ്ചായത്ത് അർഹമായി
7. ‘വി നാട്’, ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകരെ മീഡിയവണും മാധ്യമവും ചേർന്ന് കൽപറ്റയിൽ ആദരിച്ചു
11. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയടക്കം ഒമ്പതു ഉറ്റവർ നഷ്ടപ്പെട്ട ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തെ തുടർന്ന് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി
17. ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടു. നെന്മേനി ഗോവിന്ദപുരം സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, മകൻ ഇഷാൻ കൃഷ്ണ എന്നിവർ മരിച്ചത്. അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു.
30. പുൽപള്ളി ദാസനക്കരയിൽ കൊമ്പനാന ഷോക്കേറ്റ് ചെരിഞ്ഞു
-നെന്മേനിയില് യു.ഡി.എഫ് പഞ്ചായത്തി പ്രസിഡന്റ് സ്ഥാനം ഷീല പുഞ്ചവയല്‍ രാജിവെച്ചു
ഒക്ടോബർ
4. പേര്യ ചുരംറോഡ് നിർമാണപ്രവൃത്തിക്കിടെ പേര്യ സ്വദേശിയായ തൊഴിലാളി മരിച്ചു
9. സംസ്ഥാന സർക്കാറിന്റെ 25 കോടിയുടെ തിരുവോണം ബംബർ ലോട്ടറി സുൽത്താൻ ബത്തേരിയിൽനിന്ന് ടിക്കറ്റെടുത്ത മൈസൂരു പാണ്ഡവപുര സ്വദേശി അൽത്താഫിന്
നവംബർ
2. പാർട്ടിയിൽ ജാതി വിവേചനമെന്ന് ആരോപിച്ച് എ.കെ.എസ് ബത്തേരി ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും സി.പി.എം കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു
3. കാട്ടാനയുടെ മുന്നിൽനിന്നു രക്ഷതേടി പുഴയിൽ ചാടിയ കർണാടക വനംവകുപ്പ് വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ മരിച്ചു
-സുൽത്താൻ ബത്തേരിയിൽ കാറിൽ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷക്കടിയിൽപെട്ട് രണ്ടു വയസ്സുകാരി നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷിന്റെയും സുമയുടെയും മകൾ രാജലക്ഷ്മിക്ക് ദാരുണാന്ത്യം
-അഞ്ചുകുന്ന് വെള്ളിരിവയല് മാങ്കാണി ഉന്നതിയിലെ ബാലന്-ശാരദ ദമ്പതികളുടെ മകന് രതിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോക്സോ കേസില്‍ കുടുക്കുമെന്ന പൊലീസ് ഭീഷണി കാരണം ജീവിതം അവസാനിപ്പിക്കുയാണെന്ന് ആത്മഹത്യക്ക് തൊട്ടുമുമ്പ് സഹോദരിക്കയച്ച വിഡിയോയിൽ രതിൻ പറഞ്ഞിരുന്നു
5. പുൽപള്ളിയിൽ കാട്ടാന ഷേക്കേറ്റ് ചെരിഞ്ഞു
-ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് പദ്ധിതിക്കുള്ള ഭൂമി ഏറ്റെടുക്കലിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്
7. ഉരുൾ ദുരന്തബാധിതർക്ക് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരി വിതരണം ചെയ്തതായി ആരോപണം, പ്രതിഷേധം
9. ദുരന്ത ബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽനിന്ന് കുട്ടിക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി ആരോപണം
16. കമ്പമല തേയിലത്തോട്ടം മാനേജരുടെ ഓഫിസ് മാവോയിസ്റ്റുകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ എന്‍ഐ.എ അന്വേഷണം
19. ഉരുള്‍ ദുരന്ത ബാധിതരോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരേ യു.ഡി.എഫ്, എൽഡി.എഫ് ഹർത്താൽ
25. കാട്ടിക്കുളം ബേഗൂർ കൊല്ലിമൂലയിൽ വനഭൂമിയിൽ ഒന്നര പതിറ്റാണ്ടായി താമസിക്കുന്ന പണിയ വിഭാഗത്തിലെ മൂന്ന് കുടുംബങ്ങളുടെ കുടിലുകൾ കൈയേറ്റം ആരോപിച്ച് പൊളിച്ചുനീക്കി. സംഭവത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. കൃഷ്ണനെ സസ്പെൻഡ് ചെയ്തു
26. ബി.ജെ.പി ജില്ല മുൻപ്രസിഡന്റ് കെ.പി. മധു രാജിവെച്ചു. ഡിസംബർ 19ന് കോൺഗ്രസിൽ ചേർന്നു
27. വരയാലിൽ ഉണ്ടായ ബസ് അപകടത്തിൽ 18 വിദ്യാർഥികൾക്ക് പരിക്ക്
30. മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ അമ്പതോളം പേർക്ക് പരിക്ക്
ഡിസംബർ
1. വൈത്തിരിക്കടുത്ത ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ കാപ്പംകുന്ന് സ്വദേശി കുന്നത്ത് പീടിയേക്കല്‍ നവാസ് മരിച്ചു. സംഭവം കൊലപാതകമാണെന്ന് പിന്നീട് കണ്ടെത്തി. ജീപ്പ് ഓടിച്ച നിലമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ കോഴിക്കറാട്ടില്‍ വീട്ടില്‍ സുമിന്‍ഷാദ്, സഹോദരന് അജിന്‍ഷാദ് എന്നിവർ പിടിയിലായി
9. ഉരുൾ ദുരന്തത്തിൽ ഉറ്റവരേയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് ഒറ്റക്കായ ശ്രുതി കലക്ടറേറ്റിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു
13. കൽപറ്റ സ്വദേശി കേരള ക്രിക്കറ്റ് താരം വി.ജെ. ജോഷിതക്ക് അണ്ടർ -19 ഇന്ത്യൻ ടീമിൽ സെലക്ഷൻ
15. മലപ്പുറം അരീക്കോട്ടെ എം.എസ്.പി ക്യാമ്പിൽ കൽപറ്റ തെക്കുംതറ മൈലാടിപ്പടി പൂളക്കണ്ടി ചെങ്ങഴിമ്മൽ വീട്ടിൽ ചന്ദ്രന്റെ മകൻ വിനീത് സ്വയം വെടിവെച്ച് മരിച്ചു. സ്പെഷൽ ഓപറേഷൻ ഗ്രൂപ് എസ്.ഒ.ജി കമാൻഡോയായിരുന്നു
15. ആദിവാസി മധ്യവയസ്കനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്റർ വലിച്ചിഴച്ചു. മാനന്തവാടിയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൂടൽകടവ് ജങ്ഷനിൽ പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനെയാണ് ചെക്ക്ഡാമിൽ എത്തിയ കാർ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ കൈ ബലമായി പിടിച്ച് കാറിലുള്ളവർ കാർ ഓടിച്ച് പോകുകയായിരുന്നു. മറ്റൊരു കാർ യാത്രക്കാർ വിഡിയോ പകർത്തിയതോടെ പിറ്റേ ദിവസമാണ് സംഭവം പുറം ലോകം അറിയുന്നത്. കേസിലെ പ്രതികളെ പിന്നീട് പിടികൂടി.
16. ആംബുലൻസ് ഇല്ലാത്തതിനാൽ ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വിവാദമായി. എടവക വീട്ടിച്ചാൽ നാല് സെന്റ് കോളനിയിലെ പരേതനായ കയമയുടെ ഭാര്യ ചുണ്ട 15ന് രാത്രിയാണ് മരണപ്പെട്ടത്. സംഭവം വിവാദമായതോടെ ട്രൈബൽ വകുപ്പിലെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു
19. അണ്ടർ 20 സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനലിൽ വയനാട് മലപ്പുറത്തിനെ തോൽപിച്ച് കിരീടത്തിൽ മുത്തമിട്ടു. ആദ്യമാണ് ചാമ്പ്യൻ പട്ടം വയനാടിന് ലഭിക്കുന്നത്
23. സി.പി.എം ജില്ല സെക്രട്ടറിയായി കെ. റഫീഖ് തെരഞ്ഞെടുക്കപ്പെട്ടു
27. ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൽപറ്റയിലെ നെൽസ്റ്റൽ എസ്റ്റേറ്റും നെടുമ്പാലയിലെ ഹാരിസൺ ഭൂമിയും ഏറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് നടത്തിപ്പുകാർ നൽകിയ ഹരജി ഹൈകോടതി തള്ളി. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് അനുമതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.