Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകഞ്ഞിപ്പുരകൾ...

കഞ്ഞിപ്പുരകൾ അടഞ്ഞുതന്നെ; വേതനവും ആനുകൂല്യവും ഇല്ലാതെ സ്കൂൾ പാചകത്തൊഴിലാളികൾ

text_fields
bookmark_border
കഞ്ഞിപ്പുരകൾ അടഞ്ഞുതന്നെ; വേതനവും ആനുകൂല്യവും ഇല്ലാതെ സ്കൂൾ പാചകത്തൊഴിലാളികൾ
cancel

കൽപറ്റ: സ്കൂളുകൾ ഉടനൊന്നും തുറക്കുന്ന മട്ടില്ല, അതുകൊണ്ടുതന്നെ കഞ്ഞിപ്പുരകളും അടഞ്ഞുകിടക്കുന്നു. ഇതോടെ അന്നം മുടങ്ങിയ വിഭാഗങ്ങളിലൊന്നാണ് സ്കൂളിലെ പാചകത്തൊഴിലാളികൾ. ജൂൺ മുതൽ പാചകത്തൊഴിലാളികളുടെ വേതന വിതരണം നിർത്തിവെച്ചതോടെ പല ജീവിതങ്ങളും ദുരിതത്തിലാണ്. ജില്ലയിൽ ഏകദേശം 300 പാചകത്തൊഴിലാളികളുണ്ട്.

കഞ്ഞിപ്പുരകളിൽനിന്നുള്ള വരുമാനം കൊണ്ടുമാത്രമാണ് പല കുടുംബങ്ങളിലും അടുപ്പു പുകഞ്ഞിരുന്നത്. ആകെയുള്ള വരുമാനവും നിലച്ചതോടെ ഇവരെല്ലാം പട്ടിണിയിലാണ്.

ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല ആനുകൂല്യം ലഭിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിലെ വേതനം ഇവർക്ക് ലഭിച്ചിട്ടില്ല. ഇതോടെ പല കുടുംബങ്ങളുടെയും ഉപജീവനവും മുടങ്ങി. മറ്റു മേഖലയിലെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകുമ്പോഴാണ് പാചകത്തൊഴിലാളികളോട് മാത്രം വിവേചനം കാണിക്കുന്നത്.

താൽക്കാലിക ആശ്വാസം എന്ന നിലയിൽ എല്ലാ മാസവും എന്തെങ്കിലും തുക സർക്കാർ ആശ്വാസ ധനമായി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പനമരം എൽ.പി സ്കൂളിലെ പാചകത്തൊഴിലാളിയായ പി.ആർ. സതിക്ക് ഇത് വറുതിയുടെ കാലമാണ്.

കഞ്ഞിപ്പുരയിൽനിന്നുള്ള ഏക വരുമാനം കൊണ്ടുമാത്രമാണ് സതിയും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. വരുമാനം നിലച്ചതോടെ കുടുംബം പട്ടിണിയിലാണ്. ഭർത്താവ് അസുഖബാധിതനായതിനാൽ പുറത്ത് ജോലിക്ക് പോക്കില്ല. പിന്നെയുള്ളത് രണ്ടു പെൺമക്കളും. ജീവിത വഴിയില്‍ മുന്നോട്ട് നീങ്ങാന്‍ സതിക്ക് ഏക ആശ്രയമായിരുന്നു സ്കൂളിൽനിന്നുള്ള വരുമാനം.

കോവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടന്നതോടെ ഇവരെപ്പോലെ നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് പൂര്‍ണമായും അടഞ്ഞത്. സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്നും ഇവര്‍ക്ക് ബോധ്യമുണ്ട്. പക്ഷേ, കുട്ടികള്‍ക്ക് അന്നം വിളമ്പിയവര്‍ അത്രയും കാലം പട്ടിണികിടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ.

2017, 2019 വർഷങ്ങളിൽ 50 രൂപ വീതം ശമ്പളത്തിൽ വർധന വരുത്തിയിരുന്നു. ഇതി​െൻറ കുടിശ്ശിക ഇനത്തിൽ 30,000 രൂപ മുതൽ 35,000 രൂപ വരെ ഓരോ തൊഴിലാളിക്കും സർക്കാർ നൽകാനുണ്ട്.

ഇതെങ്കിലും അനുവദിച്ചുതരണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്.സ്‌കൂള്‍ തുറന്ന് കഞ്ഞിപ്പുരകള്‍ സജീവമാകും വരെ ഇവരുടെ ജീവിത വഴികളും അടയരുത്. അതിന് സര്‍ക്കാറി​െൻറ അടിയന്തര ഇടപെടലാണ് പാചകത്തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്.

തിരുവോണ ദിവസം വീടുകളിൽ ഉപവസിക്കും

കൽപറ്റ: വേതനം നൽകുന്നത് നിർത്തിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ പാചകത്തൊഴിലാളികൾ തിരുവോണ ദിവസം വീടുകളിൽ ഉപവസിക്കും. സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

2017 മുതലുള്ള വേതന വർധനവി​െൻറ കുടിശ്ശിക (30,000 ^35,000 രൂപ) അനുവദിച്ച് ഉത്തരവുണ്ടായിട്ടും വിതരണം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 13,700 സ്കൂളുകളിലാണ് പാചകത്തൊഴിലാളികൾ ഉള്ളത്.

മറ്റു തൊഴിൽ മേഖലയിലെ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകിയിട്ടും പാചകത്തൊഴിലാളികളോട് വിവേചനം കാണിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു.

സർക്കാർ ഇവരോട് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. 250 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന നിലയിൽ നിയമനം നടത്തണമെന്ന ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. പല സൂചനാ സമരങ്ങൾ നടത്തിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ് തിരുവോണ നാളിലെ ഉപവാസ സമരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ സർക്കാറി​െൻറ അടിയന്തര ശ്രദ്ധ പതിയണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.ആർ. സതി, ജില്ല സെക്രട്ടറി കെ.കെ. രാജൻ, എച്ച്.എം.എസ് ജില്ല സെക്രട്ടറി എൻ.ഒ. ദേവസി, ഷേർളി സെബാസ്​റ്റ്യൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School cooksno wage
Next Story