സ്കൂൾ തുറക്കൽ; മറക്കരുത്, ഇക്കാര്യങ്ങള്‍
text_fields•ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം
ക്ലാസുകള്‍ നടത്തുക.
•ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം
മാത്രമേ സ്കൂളില്‍ എത്താവൂ.
•പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്ക്കപ്പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്കൂളില്‍ പോകരുത്.
•മാസ്ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്ക് അല്ലെങ്കില്‍, എന്‍ 95 മാസ്ക് ഉപയോഗിക്കുക.
•വായും മൂക്കും മൂടത്തക്കവിധം മാസ്ക്
ധരിക്കുക.
•യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
•ആഹാരം കഴിച്ചശേഷം പുതിയ മാസ്ക്
ഉപയോഗിക്കുന്നതാണ് നല്ലത്.
•കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്,
വായ് എന്നിവ സ്പര്‍ശിക്കരുത്.
•അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം.
•ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടംചേരലുകള്‍ ഒഴിവാക്കണം.
•പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ ഒരു കാരണവശാലും പങ്കുവെക്കാന്‍ പാടുള്ളതല്ല.
•ഭക്ഷണം കഴിക്കുമ്പോൾ രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം.
•കൈകഴുകുന്ന സ്ഥലത്തും കൂട്ടംകൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
•ശുചിമുറികളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
•പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തണം.
•ഒന്നിലധികം പേര് ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണുമുക്തമാക്കണം.
•രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്കൂളുകളില്‍ സൂക്ഷിക്കണം.
•ഓരോ സ്കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
•കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
•വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
•മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി
കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷത്തോളം അടഞ്ഞുകിടന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നുപ്രവര്ത്തിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ല ഭരണകൂടം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ സ്കൂളുകളില്‍ എല്ലാവിധ ശുചിത്വ-സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
സ്കൂളുകളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അധ്യയനം നടത്തുക.വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത വകുപ്പുകളുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കും. ജില്ല ഭരണകൂടം, ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് മേധാവികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്, മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ആവശ്യമായ തെര്‍മല്‍ സ്കാനര്‍ എന്നിവയുടെ വിതരണവും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ജാഗ്രതസമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുന്നതിനായി പ്രത്യേകം ഹെല്പ് ഡെസ്കും വിദ്യാലയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈകഴുകാനുള്ള സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാനുള്ള ഫണ്ടും സ്കൂളുകള്‍ക്ക് ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഗോത്രബന്ധു അധ്യാപകര്‍ മുന്‍വര്‍ഷം ജോലിചെയ്ത വിദ്യാലയത്തില്‍തന്നെ ഈ വര്‍ഷവും തുടരും. ജില്ലയിലെ മുഴുവന്‍ അധ്യാപകരും പരിശീലനം പൂര്‍ത്തിയാക്കി.
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജി-സ്യൂട്ട് പരിശീലനവും ജില്ലയില്‍ അധ്യാപകരും വിദ്യാഭ്യാസ ഓഫിസര്‍മാരും നേടിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രക്ഷാകര്‍തൃയോഗങ്ങള്‍ ചേര്‍ന്ന് സ്കൂളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഗോത്രവിഭാഗം ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും അധ്യാപകര്‍ ബന്ധപ്പെട്ട് സ്കൂള്‍ തുറക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ക്രമീകരിച്ച ദിവസങ്ങളില്‍ കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപ്രകാരം സ്കൂളില്‍ എത്തുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.