ഗ്രോബാഗിൽ ജൈവ ഇഞ്ചിക്കൃഷി, സേതുമാധവൻ സൂപ്പറാ!
text_fieldsമാനന്തവാടി: ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ബി.എസ്.എൻ.എൽ തലപ്പുഴ സെക്ഷനിലെ ജീവനക്കാരൻ തവിഞ്ഞാൽ കണ്ണോത്ത്മല വടക്കേ വീട് സേതുമാധവനാണ് 1000 ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ചെയ്ത് വിജയഗാഥ രചിച്ചിരിക്കുന്നത്.
കൃഷിയിൽ അതീവ താൽപര്യം കാണിക്കുന്ന സേതുമാധവൻ തവിഞ്ഞാൽ കൃഷിഭവെൻറ സഹകരണത്തോടെയാണ് ഗ്രോബാഗിൽ ഇഞ്ചിക്കൃഷി നടത്തിയത്.
ശാസ്ത്രീയമായി മണ്ണ് മിശ്രിതം തയാറാക്കി ബാഗിൽ നിറച്ച് പ്ലാസ്റ്റിക് മൾച്ചിങ് ചെയ്ത ബഡ്ഡുകളിൽ ഡ്രിപ് ഇറിഗേഷൻ സംവിധാനത്തോട് കൂടിയാണ് കൃഷിയൊരുക്കിയത്. റികോടി, മാരൻ എന്നീ ഇനങ്ങളാണ് തിരഞ്ഞെടുത്തത്. നൂറുശതമാനവും ജൈവിക രീതിയിലാണ് കൃഷി അനുവർത്തിച്ചിരിക്കുന്നത്.
കൃഷിയെ ആത്മാർഥമായി സ്നേഹിക്കുന്ന ഇദ്ദേഹം ഔഗ്യോഗിക ജോലി നിർവഹണത്തിന് ശേഷമുള്ള ഒഴിവ് സമയങ്ങളിലാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. പകുതി വളർച്ച പിന്നിട്ടപ്പോൾതന്നെ ഒരു ഗ്രോബാഗിൽ ഒരു ചുവട്ടിൽ 46 കണകൾവരെ പൊട്ടിവളർന്നിട്ടുണ്ട്. മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷം ഈ തരത്തിൽ കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സേതുമാധവൻ.
തവിഞ്ഞാൽ കൃഷിഭവൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകിവരുന്നു. വാഴ, കാപ്പി, കുരുമുളക്, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവക്കൊപ്പം കുളത്തിൽ മീനും വളർത്തുന്നു. നൂതന കൃഷിരീതികൾ പരീക്ഷിക്കുന്നതിൽ ഇദ്ദേഹത്തിെൻറ താൽപര്യം മാതൃകാപരമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.