പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം; പരീക്ഷ മുന്നൊരുക്ക കേന്ദ്രങ്ങളാരംഭിക്കും- മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsകൽപറ്റ: അഭ്യസ്തവിദ്യരായ പട്ടികജാതി പട്ടികവര്‍ഗ വിദ്യാർഥികളെ വിവിധ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും നൈപുണ്യ പരിശീലനം നല്കുന്നതിനുമായി നിയോജകമണ്ഡലങ്ങളില്‍ വെര്‍ച്വല്‍ പ്രീ എക്സാമിനേഷന് ട്രെയ്നിങ് സെന്ററുകൾ തുടങ്ങുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. വയനാട് കലക്ടറേറ്റിൽ നടന്ന വകുപ്പ്തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയ്നിങ് സെന്റര്‍ തുടങ്ങുന്നതിന് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താം. സാമൂഹിക പഠനമുറികള്‍, വിജ്ഞാനവാടികള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവയും പ്രയോജനപ്പെടുത്താം. ഒരേ സമയം കുറഞ്ഞത് അമ്പത് വിദ്യാർഥികളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഹാളോട് കൂടിയതാകണം കെട്ടിടങ്ങള്‍. സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാനായി വിദ്യാസമ്പന്നനായ ഒരാളെയും നിയമിക്കാം. ജില്ലയിലെ സെന്ററുകള്‍ തുടങ്ങാന്‍ അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ മുന്നേറ്റം ഗോത്ര വിദ്യാർഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണം. മോഡല്‍ െറസിഡന്ഷ്യല് സ്കൂളുകളിലെ അധ്യയന നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അധ്യാപകരും ഇതര ഉദ്യോഗസ്ഥരും സ്ഥാപനത്തിന് ഗുണപരമായ രീതിയില്‍ പ്രവര്‍ത്തിക്കണം. വിദ്യാര്‍ഥികളിലെ കൊഴിഞ്ഞുപോക്ക് കുറക്കുന്നതിനും അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനും പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക പിന്തുണയോടെ ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രത്യേക കാമ്പയിന് നടത്തുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാതിവഴിയില്‍ നിലച്ച വീടുകളുടെ നിർമാണം പൂര്‍ത്തീകരിക്കാനുള്ള ഇടപെടലുകളുമുണ്ടാകും. അക്രഡിറ്റഡ് എൻജിനീയർമാർ, പ്രേരക്മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് നിര്‍മാണം നിലച്ച വീടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തും. അക്രഡിറ്റഡ് എൻജിനീയർമാരുടെ നിയമനം പശ്ചാത്തല മേഖലയില്‍ വലിയൊരു മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. നിർമാണ പ്രവൃത്തികളുടെ ഗുണമേന്മ വർധിപ്പിക്കാനും സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും നിയമനം സഹായകരമായതായി മന്ത്രി പറഞ്ഞു.
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടിനത്തില്‍ 88 ശതമാനം തുക വിനിയോഗിച്ചതായി അവലോകന യോഗത്തില്‍ വിലയിരുത്തി. 66.35 കോടി രൂപ അനുവദിച്ചതില്‍ 58.35 കോടി രൂപ ചെലവഴിച്ചു. കോർപസ് ഫണ്ടിനത്തില്‍ 74 പദ്ധതികള്‍ അനുവദിച്ചതില്‍ 71 എണ്ണത്തിന്റെ നിര്‍വഹണം തുടങ്ങി. 49 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ആകെ 2.85 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവിട്ടത്. അടിയ, പണിയ പാക്കേജിനത്തില്‍ 39.36 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. യോഗത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപഹാരം ജില്ല കലക്ടര്‍ എ. ഗീത മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി. വാണിദാസ്, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.