മഞ്ഞുവീഴ്ചയും ഇടവിട്ട മഴയും; പച്ചക്കറി വരവ് കുറഞ്ഞു
text_fieldsഗൂഡല്ലൂർ: കുറച്ച് ദിവസങ്ങളായി നീലഗിരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഞ്ഞുവീഴ്ചയും ഇടവിട്ട് മഴയും കാരണം ഊട്ടി മാർക്കറ്റിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. ജില്ലയിൽ കാരറ്റ്, ബീട്ട്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.
ഇവിടെ വിളവെടുക്കുന്ന പച്ചക്കറികൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും കോയമ്പത്തൂരിലേക്കും തിരുപ്പൂരിലേക്കും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും വിൽപനക്കയക്കുന്നു. ഊട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും പച്ചക്കറി വിളവെടുപ്പിനുശേഷം ചെറുകിട നാമമാത്ര കർഷകർ ഊട്ടി മുനിസിപ്പൽ മാർക്കറ്റിലെ മണ്ടികളിലേക്കാണ് കൊണ്ടുവരുന്നത്.
അവിടെ മൊത്തക്കച്ചവടക്കാർ ലേലമെടുത്ത് ചരക്ക് വാഹനങ്ങളിൽ മറ്റ് ചന്തകളിലേക്കയക്കും. ജില്ലയിൽ ചെറിയ തോതിലുള്ള തുടർച്ചയായ മഴയും കനത്ത മഞ്ഞുവീഴ്ചയും കാരണം പച്ചക്കറി വിളവെടുപ്പിനും തയാറെടുക്കാൻ കഴിയുന്നില്ലന്ന് കർഷകർ പറയുന്നു.
ഇതേതുടർന്ന് ചിലയിടങ്ങളിൽ കിഴങ്ങ് വിളവെടുക്കാതെ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ഉരുളക്കിഴങ്ങിന് ഊട്ടി മാർക്കറ്റിൽ 50 രൂപയും കാരറ്റിന് 50 രൂപയുമാണ്. 40-45, ബീട്ട്റൂട്ട് 40-50, ബീൻസ് 20-25, കാബേജ് 10-12, കടല 135-150, ഡബിൾ ബീൻസ് 70 രൂപ എന്നിങ്ങനെയാണ് ലേലം ചെയ്തത്.
മഴയെ തുടർന്ന് ഊട്ടി മുനിസിപ്പൽ മാർക്കറ്റിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതായി വ്യാപാരി അസോസിയേഷൻ സെക്രട്ടറി രാജ മുഹമ്മദ് പറഞ്ഞു. അതിനിടെ പ്രാദേശിക ലഭ്യത കൂടിയതോടെ ബീൻസ് വില കുറഞ്ഞു. ഊട്ടി മുനിസിപ്പൽ മാർക്കറ്റ് മണ്ടികളിലേക്ക് പ്രതിദിനം 8 ടൺ വരെ പച്ചക്കറികൾ വിൽപനക്കായി കൊണ്ടുവന്നിരുന്ന സ്ഥാനത്ത് മഴയും കാലാവസ്ഥ വ്യതിയാനവും കാരണം 3 ടൺ വരെ പച്ചക്കറികൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.