ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം -മന്ത്രി എ.കെ. ശശീന്ദ്രന്‍
text_fieldsകൽപറ്റ: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റിൽ ചേര്‍ന്ന കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി കോളനികള്‍, തോട്ടം ലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. ആരോഗ്യപരിരക്ഷ, ഭക്ഷ്യ ലഭ്യത, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കണം. ചുവപ്പ് ജാഗ്രത പിന്‍വലിച്ചത് ആശ്വാസകരമെങ്കിലും മുൻകരുതൽ തുടരണം. ദുരന്തസാധ്യത മുന്നറിയിപ്പുള്ള മേഖലകളില്‍നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ വൈകിപ്പിക്കരുത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ കൂട്ടായുള്ള പ്രവര്‍ത്തനവും ഏകോപനവും അനിവാര്യമാണ്. ജില്ലതല മേധാവികള്‍ ആവശ്യാനുസരണം താഴേത്തട്ടിലേക്ക് നിർദേശങ്ങള്‍ നല്‍കണം. ജില്ലയില്‍ നിയന്ത്രണാതീതമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ നേരിടാൻ എല്ലാതരത്തിലുമുള്ള സജ്ജീകരണങ്ങളും ഒരുക്കണം. ഗതാഗത തടസ്സം ഉണ്ടാകുന്ന പക്ഷം ഇവ കഴിയുന്നതും വേഗം നീക്കണം. പാതയോരത്തും വീടുകള്‍ക്കും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സ്ഥിതിഗതികളും മന്ത്രി വിലയിരുത്തി. ജില്ല കലക്ടര്‍ എ. ഗീത, ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ. ഷാജു, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. അബൂബക്കര്‍, കെ. അജീഷ്, കെ. ദേവകി, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.