തെരുവുനായ് നിയന്ത്രണം; കർമപദ്ധതികളുമായി വെറ്ററിനറി സർവകലാശാല
text_fieldsബസവൻ കൊല്ലി കോളനി മുറ്റത്തെ നായ്ക്കൾ
വൈത്തിരി: സംസ്ഥാന മൃഗസംരക്ഷണ, തദ്ദേശ വകുപ്പുകൾ നടപ്പാക്കുന്ന തെരുവുനായ് നിയന്ത്രണ, പേവിഷബാധ നിർമാർജന നടപടികളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വിവിധ പദ്ധതികളുമായി വെറ്ററിനറി സർവകലാശാലയും രംഗത്ത്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടപ്പിൽവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പേ വിഷ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾക്ക് ശാസ്ത്രജ്ഞരായ ഡോ. കെ.സി. ബിപിൻ (ഫോൺ: 9447153448), ഡോ. വിനോദ്കുമാർ (9447668796), ഡോ. പി.എം. ദീപ (9496400982) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല ലക്ഷ്യമിടുന്ന പദ്ധതികൾ:
തെരുവുനായ് നിയന്ത്രണ, അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന വെറ്ററിനറി ഡോക്ടർമാർ, പാരാ വെറ്ററിനറി ഉദ്യോഗസ്ഥർ, സന്നദ്ധ ഭടന്മാർ, നായ്പിടിത്തക്കാർ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിന് ആവശ്യമായ നടപടികൾ അതത് തദ്ദേശ സ്ഥാപനങ്ങളുടേയും സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കും.
സർവകലാശാലയിലെ വിവിധ കാമ്പസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ബോധവത്കരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവും.
തദ്ദേശസ്ഥാപനങ്ങൾ തോറും രൂപവത്കരിക്കുന്ന എ.ബി.സി സെന്ററുകൾക്കും മൃഗപ്രജനനനിയന്ത്രണം (നായ്ക്കൾ) അനുബന്ധ ഷെൽട്ടറുകൾക്കും ശാസ്ത്ര സാങ്കേതിക വിവരങ്ങളും മാതൃക രൂപരേഖയും ആവശ്യാനുസരണം കൈമാറും.
സർവകലാശാലയിലെ വിവിധ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചു സ്കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
തെരുവുനായ് നിയന്ത്രണവും പേവിഷബാധ നിർമാർജനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണജനകവും ആശങ്കപ്പെടുത്തുന്നതും അശാസ്ത്രീയവുമായ പ്രചാരണങ്ങൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ ബോധവത്കരണം നടത്തും.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ചു വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള വിദഗ്ധ പരിശീലനത്തെ ഏകോപിപ്പിക്കും.
സമൂഹമാധ്യമങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും സാധ്യത ഉപയോഗിച്ച് തെരുവുനായ് നിയന്ത്രണം, പേവിഷ പ്രതിരോധം, ശാസ്ത്രീയ പരിപാലനം, ശാസ്ത്രീയ മാലിന്യ നിർമാർജനം, ജന്തുരോഗ നിയന്ത്രണം എന്നിവയിൽ ബോധവത്കരണം നടത്തും.
മുള്ളന്‍കൊല്ലിയില്‍ പ്രതിരോധ കുത്തിവെപ്പ് ഇന്ന്മുതല്‍
കൽപറ്റ: മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ വ്യാഴാഴ്ച ആരംഭിക്കും. പഞ്ചായത്ത് പരിധിയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലാണ് മൂന്നു ദിവസത്തെ ക്യാമ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായ് സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര പേവിഷ പ്രതിരോധ പദ്ധതിയായ പേവിഷ വിമുക്ത കേരളത്തിന്റെ ഭാഗമായിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നത്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, പാടിച്ചിറ വെറ്ററിനറി ഡിസ്പെന്‍സറി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സജ്ജമാക്കിയത്.
നായ്ക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന അവസരത്തില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ കൈപ്പറ്റണമെന്നും സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി നായ്ക്കള്‍ക്കുളള ലൈസന്‍സ് വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.
ലൈസന്‍സില്ലാത്ത നായ്ക്കളെ പഞ്ചായത്ത് പരിധിയില്‍ വളര്‍ത്താന്‍ അനുവദിക്കില്ല. അല്ലാത്തപക്ഷം ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലതല മേല്‍നോട്ട സമിതി
കൽപറ്റ: തെരുവുനായ് ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലതല മേല്‍നോട്ട സമിതി രൂപവത്കരിച്ചു. കലക്ടര്‍ അധ്യക്ഷയായും തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ കണ്‍വീനറായുമുള്ള സമിതിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉപാധ്യക്ഷനാണ്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പ്രോഗ്രാമിന്റെ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.
സമിതിയുടെ ആദ്യ യോഗം വ്യാഴാഴ്ച വൈകീട്ട് 4.30ന് കലക്ടറേറ്റില്‍ ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.