തെരുവുനായ് വന്ധ്യംകരണം: 20 ലക്ഷം കെട്ടിക്കിടക്കുന്നെന്ന് കലക്ടർ; അങ്ങനെയൊരു പണമില്ലെന്ന് കുടുംബശ്രീ
text_fieldsകൽപറ്റ: എ.ബി.സി പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുവെന്നതു സംബന്ധിച്ച് കുടുംബശ്രീ ജില്ല കോഓഡിനേറ്ററോട് ജില്ല കലക്ടർ വിശദീകരണം തേടി. അതേസമയം, ഇങ്ങനെയൊരു തുക തങ്ങളുടെ കൈവശമില്ലെന്നാണ് കുടുംബശ്രീ അധികൃതരുടെ പ്രതികരണം. 2017-18 മുതൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ തെരുവുനായ് വന്ധ്യംകരണ പദ്ധതിക്കായി (എ.ബി.സി) 41,02,500 രൂപ കുടുംബശ്രീക്ക് കൈമാറിയതിൽ 20,99,746 രൂപ മാത്രമാണ് ചെലവഴിച്ചതെന്നും ബാക്കി തുക കുടുംബശ്രീ അക്കൗണ്ടിൽ കെട്ടിക്കിടക്കുകയാണെന്നുമാണ് കലക്ടർക്കുവേണ്ടി ഡെപ്യൂട്ടി കലക്ടർ കുടുംബശ്രീക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.
നിലവിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എ.ബി.സി പദ്ധതി എല്ലാ പഞ്ചായത്തുകളിലും പ്രാവർത്തികമാക്കിയാൽ ജില്ലയിലെ തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയും. പദ്ധതി ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളിൽ നടപ്പാക്കിയിട്ടുണ്ട്, നടപ്പാക്കുന്നതിൽ കുടുംബശ്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നത് സംബന്ധിച്ചും വിശദമായ റിപ്പോർട്ട് നൽകണമെന്നും കത്തിൽ നിർദേശിക്കുന്നു. അതേസമയം, കഴിഞ്ഞവർഷം ഏഴുലക്ഷത്തോളം രൂപയും ഈ വർഷം അഞ്ചര ലക്ഷവുമാണ് പഞ്ചായത്തുകൾ കുടുംബശ്രീക്ക് നൽകിയതെന്നും 20 ലക്ഷം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നത് ശരിയല്ലെന്നും ജില്ല കോഓഡിനേറ്റർ പി. സാജിത 'മാധ്യമ'ത്തോട് വ്യക്തമാക്കി. കഴിഞ്ഞതവണ ലഭിച്ച തുകയുപയോഗിച്ച് 540 നായ്ക്കളെയും ഈവർഷം 262 എണ്ണത്തിനെയും വന്ധ്യംകരിച്ചു. എ.ബി.സി പദ്ധതി ഏറ്റെടുക്കാൻ കുടുംബശ്രീ സന്നദ്ധമാണെങ്കിലും പൊതുതാൽപര്യ ഹരജിയിൽ കോടതിയുടെ സ്റ്റേയുള്ളതിനാൽ നിർത്തിവെച്ചതാണ്. പഞ്ചായത്തുകൾ നൽകിയ പണം കുടുംബശ്രീ പൂർണമായി ചെലവഴിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.