തെരുവ് വിളക്കുകൾ കത്തുന്നില്ല; തിരിഞ്ഞു നോക്കാതെ അധികൃതർ; തളിപ്പുഴ മുതൽ ലക്കിടി ചുരം വരെ തെരുവ് വിളക്കുകൾ കണ്ണടച്ചു
text_fieldsദേശീയപാതയിൽ തെരുവു വിളക്കില്ലാത്തതിനാൽ ഇരുട്ടിലൂടെ നടന്നു നീങ്ങുന്ന വിദ്യാർഥികൾ
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ മുതൽ ലക്കിടി ചുരം വരെ തെരുവു വിളക്കുകൾ കത്താത്തതു മൂലം സന്ധ്യയായാൽ ഈ ഭാഗത്തുകൂടി വിദ്യാർഥികളടക്കമുള്ളവർ സഞ്ചരിക്കുന്നത് ഇരുട്ടിലൂടെ. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ കുട്ടികൾ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങുന്നതിനു ആശ്രയിക്കുന്നത് തളിപ്പുഴ അങ്ങാടിയെയാണ്. ഭക്ഷണത്തിനും മറ്റും ലക്കിടിയെയും. തളിപ്പുഴ പാലം മുതൽ അറമല പാലം വരെ കടകളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ തികച്ചും ഇരുട്ടാണ്.
തളിപ്പുഴ പാലത്തിനും യൂനിവേഴ്സിറ്റി കവാടത്തിനുമിടയിലുള്ള സ്ഥലം വന്യമൃഗശല്യമുള്ള ഇടം കൂടിയാണ്. യൂനിവേഴ്സിറ്റിക്ക് പുറമെ നവോദയ സ്കൂൾ, എം.ആർ.എസ്, പൂക്കോട് ഭാഗത്തുള്ള ആദിവാസി കോളനികൾ എന്നിവിടങ്ങളിലുള്ളവരും സഞ്ചരിക്കുന്ന പാതകൂടിയാണിത്. വെളിച്ചമില്ലാതെ പെൺകുട്ടികളടക്കം നിരവധി പേർ രാത്രി സഞ്ചരിക്കുന്ന ഈ പാതയായോരം ഏതുവിധേനയുമുള്ള അപകടം പതിയിരിക്കുന്ന ഇടമാണ്.
തെരുവു വിളിക്കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ ഫണ്ടില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. യൂനിവേഴ്സിറ്റി കവാടം മുതൽ കാമ്പസിൽ തെരുവുവിളക്കുകൾ കത്തുന്നുണ്ട്. ലക്കിടിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇരുട്ടിലൂടെയാണ് ലക്കിടി വ്യൂ പോയന്റിലേക്കു പോകുന്നത്. ലക്കിടി സ്വാഗത കവാടത്തിനും വ്യൂ പോയന്റിനും ഇടക്കുള്ള ഭാഗം ഇരുട്ട് നിറഞ്ഞതും വീതി കുറഞ്ഞതുമാണ്. വ്യൂ പോയന്റിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തരമായി ഈ ഭാഗത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം പക്ഷേ അധികൃതർ ഗൗനിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.