പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തിയ സംഭവം: സുഹൃത്ത് കൂട്ടുപ്രതി
text_fields
കൽപറ്റ: പ്രണയാഭ്യർഥന നിരസിച്ചതിെൻറ പേരിൽ വയനാട് ലക്കിടിയിൽ കോളജ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെതിരെയും ഒപ്പമെത്തിയ ബന്ധു മണ്ണാർക്കാട് സ്വദേശി ജിഷ്ണുവിനെതിരെയും പൊലീസ് വധശ്രമത്തിനു കേസെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ 20 വയസ്സുകാരി വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വൈത്തിരി സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തിെൻറ നേതൃത്വത്തിൽ ദീപുവിനെയും സുഹൃത്തിനെയും ചൊവ്വാഴ്ച രാവിലെ ലക്കിടിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരെയും ചൊവ്വാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.
തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം കോളജിൽ നിന്നിറങ്ങിയ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയും പുൽപള്ളി സ്വദേശിനിയുമായ പെൺകുട്ടിക്കാണ് കുത്തേറ്റത്. മുഖത്തും നെഞ്ചിന് താഴെയുമാണ് പരിക്ക്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടതെന്നാണ് വിവരം. പ്രണയാഭ്യർഥന നിരസിച്ചതിെൻറ വൈരാഗ്യമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് ദീപു പൊലീസിനോട് പറഞ്ഞിരുന്നു.
ജിഷ്ണുവിനൊപ്പം ബൈക്കിലാണ് ഇയാൾ കോളജ് പരിസരെത്തത്തിയത്. കോളജിന് സമീപത്തെ റോഡിൽ വെച്ചായിരുന്നു ആക്രമണം. കൈ ഞരമ്പിന് മുറിവേറ്റ പ്രതിയെ പ്രാഥമിക ചികിത്സ നൽകിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപുവിനൊപ്പമെത്തിയ സുഹൃത്തിനെ അടിവാരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. 23കാരനായ ദീപു ദുബൈയിൽ നിന്ന് ഈയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.