ദയനീയം സുൽത്താൻ ബത്തേരി ചുങ്കം മത്സ്യമാർക്കറ്റ്
text_fieldsസുൽത്താൻ ബത്തേരി: ചുങ്കത്തെ മത്സ്യ-മാംസ മാർക്കറ്റ് പരിതാപ സ്ഥിതിയിലായത് ആക്ഷേപങ്ങൾക്കിടയാക്കുന്നു. സൗകര്യങ്ങളൊരുക്കാതെ തിടുക്കത്തിൽ കച്ചവടക്കാരെ ഇങ്ങോട്ട് മാറ്റിയതാണ് പ്രശ്നമായിരിക്കുന്നത്. മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയോട് നിർദേശം കൊടുത്തിട്ടും പാലിക്കപ്പെട്ടില്ല.
അസംപ്ഷൻ ജങ്ഷൻ, കോട്ടക്കുന്ന് എന്നിവിടങ്ങളിലൊക്കെ കച്ചവടം നടത്തിയവരെയാണ് ചുങ്കത്തേക്ക് മാറ്റിയിരിക്കുന്നത്. ആധുനിക മത്സ്യ-മാംസ മാർക്കറ്റ് എന്നാണ് ഇവിടെ ബോർഡ് വെച്ചിട്ടുള്ളത്.
എന്നാൽ, സൗകര്യങ്ങളെല്ലാം ബോർഡിലൊതുങ്ങുമ്പോൾ കച്ചവടക്കാർ നിലനിൽപ്പിനായി പാടുപെടുന്ന സ്ഥിതിയാണ്. ഇതിനോടകം പലതവണ കച്ചവടക്കാരെ ഇവിടേക്ക് മാറ്റി. അപ്പോഴൊക്കെ മാലിന്യപ്രശ്നത്തിൽ വീണ്ടും പൂട്ടുകയായിരുന്നു. ഇപ്പോഴും അതേ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
അഞ്ചിലേറെ ഇറച്ചി സ്റ്റാളുകളും അത്രത്തോളം മീൻ വിൽപനക്കാരുമാണ് നിലവിലുള്ളത്. ഒരു മാസമായി കച്ചവടക്കാരെ പൂർണമായും ഇങ്ങോട്ട് മാറ്റിയിട്ട്. വർഷങ്ങളോളം അടഞ്ഞുകിടന്ന മാർക്കറ്റിലേക്ക് കച്ചവടക്കാരെ മാറ്റിയപ്പോൾ അതിന് മുന്നോടിയായി ചെയ്യേണ്ട മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ചെയ്തില്ലെന്നതാണ് വലിയ ന്യൂനത. അതിനാൽ മാർക്കറ്റിലേക്ക് കയറിയാൽ ദുർഗന്ധമാണ്.
മാലിന്യനിർമാർജനത്തിന് വലിയ തുക മുടക്കിയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഒന്നും പ്രവർത്തിക്കുന്നില്ല. കെട്ടിടത്തോടനുബന്ധിച്ചുള്ള ഓവുചാലുകളൊക്കെ ഖരമാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. അതിനാൽ സ്റ്റാളുകളിൽ നിന്നുള്ള മലിനജലം മാർക്കറ്റിൽ ആകെ വ്യാപിക്കുന്ന സാഹചര്യവും ഉണ്ട്.
ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശ്രദ്ധയിൽ പെടുകയും അവർ മാർക്കറ്റിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നഗരസഭക്ക് ഇത്തവണയും നിർദേശം കൊടുക്കുകയും ചെയ്തു.
എന്നാൽ യാതൊരു ഒരുക്കവും നഗരസഭ നടത്തിയില്ല. ചൊവ്വാഴ്ച മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വീണ്ടുമെത്തും. പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ മാർക്കറ്റ് വീണ്ടും അടച്ചുപൂട്ടാനാണ് സാധ്യത.മാലിന്യ നിർമാർജനം, റോഡ് എന്നിവയൊന്നും ഒരുക്കാതെ തിടുക്കത്തിൽ നഗരസഭ വീണ്ടും കച്ചവടക്കാരെ ഇങ്ങോട്ട് മാറ്റിയത് ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചില സ്റ്റാളുകൾ മേൽവാടകക്ക് കൊടുത്ത് ചിലർ ലാഭം കൊയ്യുന്നുണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.