തൊവരിമലയിൽ കടുവ കൂട്ടിലായി
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചുള്ളിയോടിനടുത്ത തൊവരിമലയിൽ കടുവ കൂട്ടിലായി. ഒന്നര വയസ്സുള്ള പെൺകടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. വന മേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. ഏതാനും മാസങ്ങളായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ അമ്പുകുത്തിയിലെ സ്വകാര്യ തോട്ടത്തിൽ ഒരു കടുവയെ കഴുത്തിൽ കുരുക്ക് മുറുകി ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെ കൃഷ്ണഗിരിയിൽ പിടിയിലായ അമ്മക്കടുവയുടെ കുഞ്ഞുങ്ങളാണ് ഇപ്പോൾ പിടിയിലായ കടുവയും നേരത്തേ അമ്പുകുത്തിയിൽ ചത്ത കടുവയുമെന്ന് വനംവകുപ്പ് അറിയിച്ചു.
നാട്ടുകാരെ കാണിക്കാതെ കടുവയെ ടാർപോളിൻകൊണ്ട് മൂടിയ വാഹനത്തിൽ വനപാലകർ കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും വനപാലകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കടുവയെ സുല്‍ത്താൻ ബത്തേരി കുപ്പാടി പച്ചാടിയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്നു മാസത്തിനിടെ മുപ്പതോളം വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായതോടെ പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു. ഇതിനിടെ അമ്പുകുത്തിയിൽ കടുവ ചത്തതോടെ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞിരുന്നെങ്കിലും പിന്നെയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ മാർച്ചിൽ പ്രദേശത്ത് വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോൾ കടുവ കുടുങ്ങിയത്. ഇതോടെ പ്രദേശത്തെ കടുവ ഭീതിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കൂട്ടില്‍ കുടുങ്ങിയ കടുവക്ക് പരിക്കുകളൊന്നുമില്ല.
വെറ്ററിനറി സര്ജന് എത്തി കടുവയെ പരിശോധിച്ച ശേഷം കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.നടപടികൾക്കുശേഷം കടുവയെ ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.