അപകടം 'പതിയിരിപ്പാ'ലം
text_fieldsസുൽത്താൻ ബത്തേരി: ദേശീയപാതയിൽ പാതിരിപ്പാലത്ത് അപകടം തുടർക്കഥയാകുമ്പോൾ അധികാരികൾ നിസ്സംഗതയിൽ. ചൊവ്വാഴ്ച മസ്ദ ലോറി കാറിലും ഓട്ടോയിലുമിടിച്ചാണ് അപകടമുണ്ടായത്. അതിന് ശേഷം വൈകീട്ട് അഞ്ചിന് നാഷനൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു. എത്രയോ ജീവനുകൾ ഹോമിക്കപ്പെട്ടിട്ടും അപകടം ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. റോഡിന്റെ കിടപ്പും വാഹനങ്ങളുടെ വേഗവുമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്.
മീനങ്ങാടി മുതൽ സുൽത്താൻ ബത്തേരി വരെയുള്ള 12 കി.മീറ്ററിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് പാതിരിപ്പാലം. കൃഷ്ണഗിരിക്കും കൊളഗപ്പാറയ്ക്കുമിടയിൽ താഴ്ന്നു കിടക്കുന്ന പാതിരിപ്പാലത്തേക്ക് ഇരുഭാഗത്തു നിന്നും ഇറക്കമിറങ്ങിയാണ് വാഹനങ്ങളെത്തുന്നത്. സ്വഭാവികമായും വലിയ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്. ഇതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ചൊവ്വാഴ്ച അപകടമുണ്ടാക്കിയ ലോറി കൊളഗപ്പാറ- ഉജാലക്കവല ഇറക്കമിറങ്ങി അമിത വേഗത്തിലാണെത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഡ്രൈവർ ഉറങ്ങിയതാണോ സാങ്കേതിക തകരാറാണോ നിയന്ത്രണം നഷ്ടപ്പെടുത്തിയതെന്ന് വ്യക്തമല്ല.
രണ്ടു വർഷം മുമ്പ് ഉജാല ഫാക്ടറിക്ക് മുമ്പിൽ സ്പീഡ് ആൻഡ് പ്രൊസീഡ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ അതൊക്കെ എടുത്തു മാറ്റിയിരിക്കുകയാണ്. കൃഷ്ണഗിരിക്ക് ശേഷം പാതിരിപ്പാലം എത്തുന്നതിന് മുമ്പുള്ള ഇറക്കത്തിലും വേഗ നിയന്ത്രണ സംവിധാനം ഉണ്ടായിരുന്നതാണ്. പഴയപാലം മാറ്റി പുതിയത് വന്നതോടെ പരമാവധി വേഗത്തിൽ പാലത്തിലൂടെ കടന്നുപോകാമെന്ന അവസ്ഥയായിട്ടുണ്ട്. പുതിയതും പഴയതുമായ പാലങ്ങൾ വേർതിരിക്കുന്ന ഹമ്പുകൾ വലിയ അപകടക്കെണിയാണ്. വേഗം നിയന്ത്രിക്കാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ അപകടങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. ഒട്ടേറെ ജീവനുകൾ ഈ മരണമുനമ്പിൽ ഹോമിക്കപ്പെടും.
ദൊട്ടപ്പൻകുളം, എക്സ് സർവീസ് മെൻ കോളനി, കൊളഗപ്പാറ, പാതിരിപ്പാലം, അമ്പലപ്പടി, 54 എന്നിങ്ങനെയാണ് സുൽത്താൻ ബത്തേരിക്കും മീനങ്ങാടിക്കുമിടയിലുള്ള അപകടമേഖലകൾ. ഇവിടങ്ങളിൽ വേഗ നിയന്ത്രണത്തിന് നല്ലൊരു ബോർഡ് പോലും ഇപ്പോഴില്ല. അപകടസൂചനയായി ഇടയ്ക്കിടെ മിന്നുന്ന ലൈറ്റുകൾ ചിലയിടത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അപായസൂചനകളിലേക്ക് വാഹനങ്ങളെ ഉണർത്തി അവയും കൺതുറക്കാറില്ല.
ഒന്നും പാഠമാകുന്നില്ല; വൈകീട്ടും അപകടം
സുൽത്താൻ ബത്തേരി: പാതിരിപ്പാലത്ത് ചൊവ്വാഴ്ച രാവിലെ ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തിന് 25 മീറ്റർ അകലെയാണ് വൈകീട്ട് ലോറിയും ബൈക്കും അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് ലോറിക്കടിയിലേക്ക് കയറി. ഇവിടെയും വില്ലനായത് അശ്രദ്ധയാണ്. നിയന്ത്രണം വിട്ട നാഷനൽ പെർമിറ്റ് ലോറി നിർത്തിയിട്ട ബൈക്കിൽ ഇടിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.