ധനകോടി ചിട്ടി തട്ടിപ്പ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി
text_fieldsസുൽത്താൻ ബത്തേരി: ധനകോടി ചിട്ടി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടി പണം വസൂലാക്കാൻ നടപടി ഊർജിതമാക്കി. ഒന്നാം പ്രതി മുൻ എം.ഡി എം.എം. യോഹന്നാൻ, ഡയറക്ടർമാരായ രണ്ടാം പ്രതി സജി സെബാസ്റ്റ്യൻ, മൂന്നാം പ്രതി ജോർജ് എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. ഇവരുടെ സ്വത്തുക്കൾ 2021 ലെ ബഡ്സ് ആക്ടും റൂളും പ്രകാരമാണ് പിടിച്ചെടുക്കുക. വാഹനങ്ങൾ, ഭൂമി തുടങ്ങിയ ആസ്തികൾ കണ്ടു കെട്ടി പണം വസൂലാക്കാൻ പൊലീസിന്റെ ശിപാർശ അനുസരിച്ച് സർക്കാർ ഉത്തരവിറക്കും.
കർണാടകത്തിലുള്ള ക്രഷർ ഉൾപ്പെടെയുള്ളവ കണ്ടുകെട്ടും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പ്രതികൾക്കും ബന്ധുക്കൾക്കും സ്വത്ത് ഉള്ളതായാണ് കണ്ടെത്തൽ. നിലവിലുള്ള കേസ് ഹൈകോടതി മറ്റന്നാൾ പരിഗണിക്കാനിരിക്കെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
നിലവിൽ വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റാബിയത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 18 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ആറ് കോടി രൂപയും വയനാട്, കണ്ണൂർ ജില്ലകളിലെ ഇടപാടുകാർക്കാണ് ലഭിക്കാനുള്ളത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലായി 22 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന ധന കോടി ചിട്ടിയിൽനിന്ന് ആയിരകണക്കിനാളുകൾക്കാണ് പണം ലഭിക്കാനുള്ളത്. നിലവിൽ കണ്ണൂർ, വയനാട് ജില്ലകളിലായി നൂറോളം പരാതികളാണുള്ളത്.
കഴിഞ്ഞ ഏപ്രിൽ അവസാനം ധനകോടി ചിറ്റ്സിന്റെ ഓഫിസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടർമാരും ഒളിവിൽ പോയതോടെയാണ് ഇടപാടുകാർ തട്ടിപ്പ് വിവരം അറിയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്നാരോപിച്ച് ജീവനക്കാരും പ്രതിഷേധത്തിലാണ്.
ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫിസിൽ നിന്ന് 16 കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.