മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ കൈക്കൂലി ആരോപണം; പൊലീസും എക്സൈസും അന്വേഷണം തുടങ്ങി
text_fieldsസുൽത്താൻ ബത്തേരി: വാഹനപരിശോധനക്കിടെ പിടിയിലായ യുവാക്കളെ വിട്ടയക്കാൻ മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തിൽ പൊലീസും എക്സൈസും അന്വേഷണം ഊർജിതമാക്കി. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി എക്സൈസ് വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകി.സംഭവത്തിൽ എക്സൈസിന്റെ അന്വേഷണത്തിനുപുറമേ പൊലീസ് വിജിലൻസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കർണാടകയിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന രണ്ടു യുവാക്കൾ മുത്തങ്ങ പൊലീസ് എയ്ഡ്പോസ്റ്റിൽ വെച്ചാണ് പിടിയിലായത്. ഇവരിൽ നിന്നും എം.ഡി.എം.എ വിൽക്കാനുപയോഗിക്കുന്ന ഉപകരണം പരിശോധനക്കിടെ പൊലീസ് കണ്ടെടുത്തു. എക്സൈസ് ചെക്ക്പോസ്റ്റ് പിന്നിട്ടാണ് യുവാക്കൾ പൊലീസ് ചെക്ക്പോസ്റ്റിലെത്തിയതും പിടിയിലാകുന്നതും.
തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കേസിൽപ്പെടുത്താതിരിക്കാൻ എക്സൈസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥർ 8000 രൂപ കൈക്കൂലി വാങ്ങിയാണ് കടത്തിവിട്ടതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകി. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.
തുടർന്ന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും എക്സൈസ് ഉന്നതാധികാരികളെ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി എക്സൈസ് വകുപ്പ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എക്സൈസും സംഭവത്തിൽ അന്വേഷണം നടത്തിവരുന്നു.
പൊലീസ് വിജിലൻസും കൈക്കൂലി ആരോപണക്കേസിൽ അന്വേഷണം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റിവ് ഓഫിസർ പി.കെ. പ്രഭാകരനുൾപ്പെടെയുള്ളവരിൽ നിന്നും വ്യാഴാഴ്ച ഉച്ചക്ക് പൊലീസ് മൊഴിയെടുത്തു.
കൈക്കൂലി ആരോപണം വസ്തുതാവിരുദ്ധമെന്ന് എക്സൈസ്
സുൽത്താൻ ബത്തേരി: മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളുമായി വന്ന യുവാക്കളെ കൈക്കൂലി വാങ്ങി കടത്തിവിട്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുത്തങ്ങ എക്സൈസ് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ പി.കെ. പ്രഭാകരൻ പറഞ്ഞു. രണ്ടു പ്രിവന്റിവ് ഓഫിസർമാരും ഒരു സിവിൽ എക്സൈസ് ഓഫിസറുമാണ് ബുധനാഴ്ച രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
കാറിലെത്തിയ യുവാക്കളുടെ സംസാര രീതിയിൽ പന്തികേട് തോന്നിയതിനെത്തുടർന്നാണ് അവരെ പരിശോധനക്ക് വിധേയമാക്കിയത്. എം.ഡി.എം.എ ഉപയോഗിക്കാനുള്ള ഉപകരണം കണ്ടെത്തി. എന്നാൽ, പുതിയ ആ ഉപകരണം മുമ്പ് ഉപയോഗിച്ചിരുന്നില്ല. കാറിലെ ചില നെട്ടുകൾ ഇളകിക്കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.
കാർ പരിശോധിച്ചിട്ടും മയക്കുമരുന്ന് കണ്ടെത്തിയില്ല. യുവാക്കളുടെ ദേഹപരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. ദേഹപരിശോധനക്ക് വിസമ്മതിച്ച ഒരു യുവാവിനോട് അൽപ്പം പരുക്കമായി സംസാരിച്ചതാണ് കൈക്കൂലി ആരോപണത്തിന് കാരണമെന്ന് കരുതുന്നതായും പി.കെ. പ്രഭാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.