ബത്തേരി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്; നാല് പത്രികകള്‍ തള്ളി
text_fieldsസുല്‍ത്താന്‍ബത്തേരി: ബത്തേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നാല് പത്രികകള്‍ തള്ളി. ജൂലൈ 14നാണ് ബാങ്കിന്റെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പനമരം പ്രാഥമിക കാർഷിക വികസന ബാങ്ക് വിഭജിച്ച് ഏഴു വർഷം മുമ്പാണ് ബത്തേരി താലൂക്കുകളിലുള്ളവർക്കായി ബത്തേരി ബാങ്ക് നിലവിൽവന്നത്.
അന്നുമുതൽ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. മൂന്നുവർഷം മുമ്പാണ് സി.പി.എം ഭരണം പിടിച്ചെടുത്തത്. കാരണങ്ങളില്ലാതെയാണ് തങ്ങളുടെ പത്രികകൾ തള്ളിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. തോല്‍വി ഭയന്ന സി.പി.എം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ ഇടപെടലാണ് മതിയായ കാരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പത്രികകള്‍ തള്ളിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. വനിത വിഭാഗത്തിലും, ജനറല്‍ വിഭാഗത്തിലും പത്രിക നല്‍കിയെന്ന പേരിലാണ് ജാന്‍സി ജോസഫിന്റെ പത്രിക അംഗീകരിക്കാതിരുന്നത്.
എന്നാല്‍, വനിത വിഭാഗത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനായി ജാന്‍സി അപേക്ഷ നല്‍കിയിരുന്നു. ഇത് സ്വീകരിക്കാന്‍ പോലും സി.പി.എമ്മുകാര്‍ അനുവദിച്ചില്ല. ഐസക് എന്നയാളുടെ പത്രിക നല്‍കിയത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മറ്റൊരാളുടെ വായ്പക്കായി നിന്ന ആള് ജാമ്യത്തിന്റെ പേരിലാണ്. വായ്പയെടുത്തിട്ടില്ലെന്ന പേരിലാണ് യൂനസ് അലിയുടെ പത്രിക തള്ളിയത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബാങ്കില്‍ സ്വര്‍ണ പണയ വായ്പയടക്കം എടുക്കുന്നില്ല.
ഇതും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ വരുന്നത് തടയുന്നതിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ശശിമല സ്വദേശിയായ ബീന ജോബിയുടെ പത്രിക തള്ളിയത് വായ്പയുടെ ഒരു മാസത്തെ അടവ് മുടങ്ങിയെന്ന പേരിലാണ്.
എന്നാല്‍ അടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസോ, മറ്റ് അറിയിപ്പുകളോ ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ മതിയായ കാരണങ്ങളില്ലാതെയാണ് നാല് പത്രികകളും തള്ളിയിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. പത്രിക തള്ളിയ നടപടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.