ബത്തേരി നഗരസഭ ചെയർമാൻ അവധി നീട്ടി
text_fieldsസുൽത്താൻ ബത്തേരി: നഗരസഭ ചെയർമാൻ ടി.എൽ. സാബുവിെൻറ അവധി നീളും. സി.പി.എമ്മിന് ചുമതല നൽകി അവധിയിൽ പോയ ചെയർമാൻ ശനിയാഴ്ചയാണ് നഗരസഭയിൽ എത്തേണ്ടിയിരുന്നത്.ചെയർമാനെ കസേരയിൽ ഇരിക്കാൻ സമ്മതിക്കില്ലെന്ന യു.ഡി.എഫിെൻറ വെല്ലുവിളികൾക്കിടയിലാണ് ചെയർമാൻ അവധി നീട്ടിയത്. ആരോഗ്യ കാരണങ്ങളാലാണ് അവധി നീട്ടിയതെന്ന് ചെയർമാൻ പറയുന്നു. എന്നാൽ, സി.പി.എം നിർദേശത്തിലാണ് അവധി നീട്ടിയതെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ മാസമുണ്ടായ വാട്സ് ആപ് വിവാദങ്ങളാണ് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാെൻറ അവധിയിലേക്ക് നയിച്ചത്. വാട്സ് ആപ് ഗ്രൂപ്പിൽ ചെയർമാേൻറതെന്ന രീതിയിൽ ശബ്ദരേഖ പ്രചരിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തിറങ്ങിയതോടെ വിവാദം പടർന്നു.
യു.ഡി.എഫ് പ്രശ്നം ഏറ്റെടുത്തതോടെ നഗരസഭ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിനും തലവേദനയായി. സുൽത്താൻ ബത്തേരിയിൽ വിവാദം കത്താൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ ഒമ്പതിന് നാടകീയമായി ചെയർമാൻ അവധിയിൽ പോയത്.അവധിയിൽ പോയതിന് ശേഷമായിരുന്നു ആ കസേരയിൽ ഇനി ചെയർമാനെ ഇരിക്കാൻ സമ്മതിക്കില്ലെന്ന വാർത്തസമ്മേളനം വിളിച്ചുള്ള യു.ഡി.എഫ് നേതാക്കളുടെ താക്കീത്.
ശനിയാഴ്ച ചെയർമാൻ എത്തിയാൽ തടയാനുള്ള ഒരുക്കത്തിലായിരുന്നു യു.ഡി.എഫ്. ഇത് മുന്നിൽക്കണ്ടുള്ള നീക്കങ്ങളാണ് നടത്തിയതെന്നു വേണം കരുതാൻ. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നഗരസഭക്കുമുന്നിൽ കാര്യമായ സമരങ്ങൾ ഉണ്ടായാൽ അത് എൽ.ഡി.എഫിന് ക്ഷീണമാകുമെന്നുറപ്പാണ്.
യു.ഡി.എഫിൽ നിന്നും വന്ന ടി.എൽ. സാബുവിനെ കൂടെ കൂട്ടിയതുകൊണ്ടാണ് എൽ.ഡി.എഫിന് നഗരസഭ ഭരണം ലഭിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളോടൊപ്പംനിന്ന് വിജയിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ സാബു മറുകണ്ടം ചാടിയത്് സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലേറ്റ വലിയ പ്രഹരമായി. കോൺഗ്രസിെൻറയും ലീഗിെൻറയും കണക്കുകൂട്ടലുകൾ കാറ്റിൽ പറന്നു.
സാബുവിെൻറ പിന്തുണയിൽ ഭരണത്തിനു മുന്നിലും പിന്നിലും സി.പി.എം കരുക്കൾ നീക്കി. സാബുവിെൻറ നിലപാട് മാണി ഗ്രൂപ്പിലും പൊട്ടിത്തെറി സൃഷ്ടിച്ചു. വയനാട്ടിൽ യു.ഡി.എഫിൽ നിന്ന് മാണി ഗ്രൂപ്പിെന അകറ്റിനിർത്താനും ഇതു കാരണമായി.അതിനാൽ, ചെയർമാനെതിരെ കിട്ടുന്ന അവസരം യു.ഡി.എഫ് പ്രയോജനപ്പെടുത്തുമെന്നുറപ്പാണ്. ഇത് മുന്നിൽക്കണ്ടുള്ള പ്രതിരോധമാണ് എൽ.ഡി.എഫ് നടത്തുന്നതെന്നുവേണം കരുതാൻ.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ കുറച്ചു ദിവസങ്ങൾ കൂടി അവധി നീട്ടുകയാണെന്നും എൽ.ഡി.എഫിൽ നിന്നുള്ള നിർദേശത്തിലല്ല അവധിയെന്നും ടി.എൽ. സാബു 'മാധ്യമ'ത്തോട് പറഞ്ഞു.
അതേസമയം, ചെയർമാൻ എപ്പോൾ അവധി കഴിഞ്ഞ് വന്നാലും യു.ഡി.എഫ് സമരവുമായി രംഗത്തിറങ്ങുമെന്ന് യു.ഡി.എഫ് നേതാക്കളായ പി.പി. അയ്യൂബ്, ബാബു പഴുപ്പത്തൂർ എന്നിവർ അറിയിച്ചു.ചെയർമാൻ അവധിയിൽ പോയതോടെ സി.പി.എമ്മിെൻറ വൈസ് ചെയർപേഴ്സൻ ജിഷ ഷാജിക്കാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.