ശീതീകരണ യൂനിറ്റ്, ലാബ്, മിൽ... ശരിയാകാനുണ്ട് പലതും
text_fieldsസുൽത്താൻ ബത്തേരി: കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ അതൊക്കെ കർഷകന് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബത്തേരി അമ്മായിപ്പാലത്തെ ഗ്രാമീണ കാർഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ കാര്യത്തിൽ അത് പൂർണമല്ലെന്ന് പറയേണ്ടിവരും. ശീതീകരണ യൂനിറ്റ്, ആധുനിക സംവിധാനങ്ങളുള്ള മിൽ, അഗ്മാർക്ക് ലാബ് എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്.
പഴം, പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള നാല് ശീതീകരണ യൂനിറ്റുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും നാല് ടൺ വീതം വസ്തുക്കൾ വെക്കാമെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്. വലിയ തുക മുടക്കി ഇത് സ്ഥാപിച്ചതല്ലാതെ ഉദ്ദേശിച്ച ലക്ഷ്യം സാധിച്ചില്ല. ഇവിടെ പച്ചക്കറികൾ സൂക്ഷിച്ചാൽ പിന്നീട് പുറത്തെടുത്ത് വിൽപനക്ക് പ്രദർശിപ്പിക്കുമ്പോൾ നിശ്ചിത തണുപ്പിൽ സൂക്ഷിക്കണം.
അല്ലാത്തപക്ഷം പെട്ടെന്ന് കേടാകും. അത്തരം സംവിധാനങ്ങളുള്ള കച്ചവടക്കാർക്കു മാത്രമേ ഇവിടത്തെ ശീതീകരണ യൂനിറ്റ് ഉപയോഗിക്കാനാകൂ. നോൺ വെജിറ്റബ്ൾ ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള അന്വേഷണങ്ങൾ കച്ചവടക്കാരിൽനിന്ന് ഉണ്ടാകാറുണ്ട്. പഴം, പച്ചക്കറി സ്ഥാപനമായതിനാൽ ഇറച്ചി, മീൻ എന്നിവ സ്വീകരിക്കാനുമാകില്ല.
ശീതീകരണ യൂനിറ്റിലെ മുറികൾ 2016 മുതൽ വോട്ടിങ് യന്ത്രങ്ങൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ആറു മുറികളിലായാണ് ജില്ലയിലെ എല്ലായിടത്തുനിന്നുമുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്ന് സ്ഥാപന മേധാവി പറഞ്ഞു. യന്ത്രങ്ങൾ ഇനി അടുത്ത തെരഞ്ഞെടുപ്പ് വേളയിലാകും പുറത്തെടുക്കുക. വെറുതെ കിടക്കുന്ന കെട്ടിടം വോട്ടിങ് യന്ത്രത്തിന്റെ സൂക്ഷിപ്പിന് ഉത്തമമെന്ന് ജില്ല ഭരണകൂടം തിരിച്ചറിയുകയായിരുന്നു.
പൊലീസുകാർ ഈ കെട്ടിടങ്ങൾക്ക് സദാസമയവും കാവലുമുണ്ട്. ഒരു കോടിയിലേറെ മുടക്കിയാണ് അഗ്രോ റൈസ് മിൽ സ്ഥാപിച്ചത്. വലിയ കെട്ടിടമാണ് മില്ലിനായി പണിതത്. മറ്റു യന്ത്രസജ്ജീകരണങ്ങളും ഒരുക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന സുഗന്ധവിള നെല്ലിനങ്ങൾ കുത്തി അരിയാക്കുകയായിരുന്നു ലക്ഷ്യം. കർഷകരിൽനിന്ന് ആവശ്യത്തിന് നെല്ല് ലഭിക്കാത്തതാണ് അഗ്രോ റൈസ് മിൽ പ്രവർത്തനമില്ലാതെ കിടക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. മില്ല് സ്ഥാപിക്കാനുള്ള പണം ചെലവഴിക്കാൻ മാത്രമാണ് ബന്ധപ്പെട്ടവർക്ക് താൽപര്യമുണ്ടായിരുന്നത്. മില്ല് സജീവമാക്കാൻ ജില്ലയിലെ നെൽപ്പാടങ്ങളിൽ വിത്തിറക്കുന്ന കർഷകർ താൽപര്യമെടുക്കേണ്ട സ്ഥിതിയാണ്.
തേൻ, നെയ്യ്, ബട്ടർ, മുളക്, മല്ലി, ഗരംമസാല, വെജിറ്റബിൾ ഓയിൽ, ആട്ട, മൈദ, സ്പൈസസ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് അഗ്മാർക്ക് വേണം. ഉൽപന്നങ്ങൾ പരിശോധിച്ച് അഗ്മാർക്ക് നിശ്ചയിക്കാനുള്ള ലാബ് ഇവിടെയുണ്ട്. ലാബിന് ദേശീയ അംഗീകാരമുള്ളതായും പറയുന്നു. എന്നാൽ, വിദഗ്ധ ടെക്നീഷ്യൻമാരില്ല. അതിനാൽ ലാബിനായി ചെലവാക്കിയ വൻതുക പാഴാവുകയാണ്. ലാബിനായി ആധുനിക ഉപകരണങ്ങൾ ഇറക്കിയിരുന്നു.
കർഷകരെ ഉദ്ദേശിച്ചുള്ള ഡോർമെറ്ററി സൗകര്യവും ഇവിടെയുണ്ട്. 40 കിടക്കകളാണുള്ളത്. വയനാട് സന്ദർശിക്കാനെത്തുന്ന കർഷകർക്കും കർഷക കൂട്ടായ്മകൾക്കും രാത്രി തങ്ങാനുള്ള ഉദ്ദേശ്യത്തിലാണ് ഇത് ഒരുക്കിയത്. ജില്ലക്ക് പുറത്തുനിന്ന് എത്തുന്ന കർഷകർക്കാണ് കൂടുതൽ പരിഗണന.150 രൂപ കൊടുത്താൽ ഒരു ദിവസം താമസിക്കാം. ഇക്കാര്യം ഒട്ടുമിക്കവർക്കും അറിയില്ല. അടുത്തിടെ സിനിമ ചിത്രീകരണക്കാർ ഏതാനും മുറികൾ വാടകയ്ക്കെടുത്തിരുന്നു. കേട്ടറിഞ്ഞ് എത്തിയ അവർ ചുരുങ്ങിയ ചെലവിൽ താമസസ്ഥലം കണ്ടെത്തുകയായിരുന്നു.
നഗരത്തിൽ നിന്നും അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ബഹളമില്ലാത്ത അന്തരീക്ഷമാണ്. സ്ഥിരമായി ആളുകൾ എത്തിയാലേ ഡോർമെറ്ററി സജീവമാക്കാൻ പറ്റൂ. കെട്ടിടങ്ങൾക്ക് സമീപമുള്ള നാലേക്കർ സ്ഥലമാണ് സ്വകാര്യ വ്യക്തികൾക്ക് കൃഷിക്കായി പാട്ടത്തിന് കൊടുത്തത്. വാഴ ഉൾപ്പെടെ കൃഷികൾ ഇവിടെയുണ്ട്. വാഴത്തോട്ടത്തിന് സമീപമാണ് മീൻകുളം. നഗരത്തിനടുത്ത പ്രദേശമാണെങ്കിലും ഗ്രാമാന്തരീക്ഷമാണ് കൃഷിയിടത്തിൽ കാണാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.