ബത്തേരിയിലെ ഗതാഗത മാറ്റം; നടപ്പാതയിൽ കുടുങ്ങി വഴിയാത്രികർ
text_fieldsസുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷനിലെ കലുങ്ക് നിർമാണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരത്തിൽ നടപ്പാക്കിയ ട്രാഫിക് സംവിധാനത്തിലെ മാറ്റം ചിലയിടങ്ങളിൽ ബസ് യാത്രികരെ വലക്കുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത നടപ്പാതയിൽ തിക്കും തിരക്കും കൂട്ടേണ്ട അവസ്ഥയിലാണ് യാത്രക്കാരുള്ളത്.
മാറ്റം നടപ്പാക്കിയതോടെ നഗരത്തിൽനിന്ന് കൽപറ്റ, മാനന്തവാടി, വടുവഞ്ചാൽ ഭാഗത്തേക്കുള്ള ബസുകളൊന്നും പഴയ സ്റ്റാൻഡിൽ കയറില്ല. ട്രാഫിക് ജങ്ഷനിൽ ദേശീയപാതയോരത്താണ് ഈ ബസുകൾ നിർത്തുന്നതും ആളെ കയറ്റുന്നതും. ഈ ഭാഗത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫുട്പാത്തിൽ തിങ്ങിക്കൂടി യാത്രക്കാർ നിൽക്കുമ്പോൾ കാൽനടക്കാർക്ക് പോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. രാവിലെയും വൈകീട്ടും വലിയ തിരക്കാണ്. സമീപത്തെ കച്ചവടക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ട്രാഫിക് സംവിധാനത്തിലെ മാറ്റം നാലു മാസത്തോളം നീളുന്ന സാഹചര്യത്തിൽ ട്രാഫിക് ജങ്ഷനിൽ ബസ് കാത്തുനിൽക്കുന്നവർക്കായി താൽക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.അതേസമയം, പുതിയ ട്രാഫിക് മാറ്റം നിലവിൽ വന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.