ബത്തേരി അർബൻ ബാങ്ക്: അയോഗ്യതയിലും ഒരുമയില്ലാതെ യു.ഡി.എഫ്
text_fieldsസുൽത്താൻ ബത്തേരി: ബാങ്കിലെ എട്ട് യു.ഡി.എഫ് ഭരണസമിതി അംഗങ്ങളെ സഹകരണ ജോയന്റ് രജിസ്ട്രാർ അയോഗ്യരാക്കിയ നടപടിയിലും ഒരുമയില്ലാതെ യു.ഡി.എഫ്. അഞ്ച് അംഗങ്ങൾ ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയപ്പോൾ മൂന്ന് അംഗങ്ങൾ അതിന് തയാറായിട്ടില്ല. മൂന്നുപേർ സഹകരണ ജോയന്റ് രജിസ്ട്രാർക്ക് പുനഃപരിശോധന ഹരജി കൊടുത്തിരിക്കുകയാണ്.
യു.ഡി.എഫിന് അധികാരം കിട്ടിയതിനുശേഷം ബാങ്കിലെ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഏറെ ആഭ്യന്തര തർക്കങ്ങൾ ഉണ്ടായിരുന്നു. വൈസ് ചെയർമാനായി ശ്രീജി ജോസഫിനെയാണ് ഡി.സി.സി പ്രസിഡന്റ് തീരുമാനിച്ചിരുന്നത്. എന്നാൽ, വി.ജെ. തോമസ് വൈസ് ചെയർമാനായി. ഇതോടെ വി.ജെ. തോമസിനെയും ഭരണസമിതി അംഗം ബേബി വർഗീസിനേയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വി.ജെ. തോമസിനെ പിന്തുണച്ചതിന്റെ കാരണത്താലാണ് മീനങ്ങാടിയിലെ കോൺഗ്രസ് നേതാവ് കൂടിയായ ബേബി വർഗീസിനെ സസ്പെൻഡ് ചെയ്യുന്നത്.
ഇങ്ങനെ ഭരണസമിതിക്കിടയിൽ രണ്ട് ചേരി നിലനിൽക്കുമ്പോഴാണ് കഴിഞ്ഞദിവസം അയോഗ്യത നടപടി ഉണ്ടാകുന്നത്. ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കിയ നടപടി വന്നതിനുശേഷം ഹൈകോടതിയെ സമീപിക്കും മുമ്പ് അയോഗ്യരായ മറ്റെല്ലാ ഡയറക്ടർമാരോടും അഭിപ്രായങ്ങൾ ചോദിച്ചതായി ബാങ്ക് ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഡി.പി. രാജശേഖരൻ പറഞ്ഞു. എന്നാൽ, മൂന്നുപേർ ഹൈകോടതിയെ സമീപിക്കാൻ താൽപര്യം കാണിച്ചില്ല.
അഞ്ചുപേർ ഹൈകോടതിയെ സമീപിച്ചു. അയോഗ്യത നടപടിയിൽ 10 ദിവസം സ്റ്റേ കിട്ടുകയും ചെയ്തു. അയോഗ്യരാക്കപ്പെട്ട എല്ലാ അംഗങ്ങളും എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ല എന്ന ചോദ്യം പൊതുസമൂഹത്തിൽ നിന്നും ഉയർന്നതോടെ വിട്ടുനിന്ന മൂന്ന് അംഗങ്ങൾ തിങ്കളാഴ്ച വിശദീകരണവുമായി രംഗത്തുവന്നു.
അയോഗ്യരാക്കിയുള്ള ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പുനഃപരിശോധിക്കുവാൻ ഹരജി കൊടുത്തതായി ശ്രീജി ജോസഫ്, റീത്ത സ്റ്റാൻലി, ജിനി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൃഗീയ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്കിൽ യു.ഡി.എഫ് അധികാരം പിടിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന ബാങ്കിൽ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഉണ്ടായത് മുതൽ കോൺഗ്രസിൽ തർക്കങ്ങളായിരുന്നു.
സുൽത്താൻ ബത്തേരി എം.എൽ.എയും ഡി.സി.സി പ്രസിഡന്റും ഫോണിൽ ‘ഏറ്റുമുട്ടിയത്’ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. എന്നിട്ടും 13ൽ 13 സീറ്റെന്ന നിലയിലാണ് യു.ഡി.എഫ് തെരഞ്ഞെടുക്കപ്പെട്ടത്. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങൾ ഒന്നൊന്നായി കോൺഗ്രസിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കെ അർബൻ ബാങ്കിലെ വിജയം അവർക്ക് വലിയ ഊർജം പകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.