ജനത്തെ ആശങ്കയിലാക്കി ബത്തേരി ടൗണിൽ കരടി
text_fieldsസുൽത്താൻ ബത്തേരി: ജനത്തെ ആശങ്കയിലാക്കി ബത്തേരിയിലും കരടിയെത്തി. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് കരടി നഗരത്തിലെത്തിയത്. ദേശീയപാത മറികടന്ന് സുൽത്താൻ ബത്തേരി കോടതി വളപ്പിലാണ് ആദ്യം എത്തിയത്. ഇവിടെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കരടിയെ ആദ്യം കണ്ടത്. കോടതിവളപ്പിന്റെ പിറകുവശത്തുകൂടി പിന്നീട് കോളിയാടി ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കോളിയാടി ടൗണിലൂടെ കരടി നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പിന്നീടിത് ശനിയാഴ്ച ഉച്ചയോടെ മാതമംഗലം ഭാഗത്ത് എത്തിയതായാണ് വനംവകുപ്പ് വൃത്തങ്ങൾ നൽകിയ സൂചന. മാതമംഗലത്തിനടുത്താണ് മുത്തങ്ങ കാട്. രാത്രിയോടെ കരടി വനത്തിലേക്ക് കയറി. മാനന്തവാടി താലൂക്കിലെ കാരക്കാമല, പനമരം ഭാഗത്ത് എത്തിയ കരടി തന്നെയാണോ സുൽത്താൻ ബത്തേരിയിലും എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ജനവാസ കേന്ദ്രത്തിൽ ഇറങ്ങി പരിചയമുള്ള കരടിയാണെങ്കിൽ വീണ്ടും കാടിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കടുവശല്യത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് കരടിയുടെ സാന്നിധ്യവും വെല്ലുവിളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.