ബീനാച്ചി–പനമരം റോഡ്: താളംതെറ്റിയ നിർമാണം
text_fieldsസുൽത്താൻ ബത്തേരി: ബീനാച്ചി മുതൽ പനമരം വരെ 22.200 കിലോമീറ്റർ റോഡ് നവീകരണത്തിന് കിഫ്ബിയിൽനിന്ന് 50.55 കോടിയാണ് വകയിരുത്തിയത്. 2020 മേയ് 27ന് നിർമാണം പൂർത്തിയാക്കണമായിരുന്നു. 2019 ജൂണിൽ തുടങ്ങിയെങ്കിലും ബീനാച്ചി മുതൽ നടവയൽ പള്ളിത്താഴെ വരെയുള്ള 15 കിലോമീറ്ററോളം ഭാഗത്താണ് ഈ രണ്ട് വർഷത്തിനിടയിൽ നിർമാണം നടന്നത്. ചിലയിടത്ത് ടാറിങ് കഴിഞ്ഞെങ്കിൽ മറ്റ് ഭാഗങ്ങളിൽ കാൽനടക്ക് പോലും പറ്റാത്ത നിലയിലാണുള്ളത്.
ബീനാച്ചിയിൽനിന്ന് പോകുമ്പോൾ അരിവയൽ, സിസി, പുല്ലുമല, കോളേരി എന്നിവിടങ്ങളിലൊക്കെ റോഡ് പരിതാപ അവസ്ഥയിലാണ്. കല്ല് നിരത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഓടി കുഴികൾ രൂപപ്പെട്ടു. പലയിടത്തും ചളിക്കുളമാണ്. കേണിച്ചിറ ടൗൺ മുതൽ ചീങ്ങോട് വരെയുള്ള ഭാഗത്താണ് ടാറിങ് നടന്നിട്ടുള്ളത്. റോഡിന് വീതി കൂടിയിട്ടുണ്ടെങ്കിലും മരങ്ങളും വൈദ്യുതിത്തൂണുകളും ഇനിയും മാറ്റിയിട്ടില്ല. പല്ലുമലയിൽ നിരവധി മരങ്ങൾ വെട്ടാനുണ്ട്. ഈറോഡ് ആസ്ഥാനമായ എം.എസ് െഡവലപ്പേഴ്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
ബീനാച്ചി– പനമരം റോഡ് പണി തുടങ്ങിയ ഇടക്കാണ് മീനങ്ങാടി– പച്ചിലക്കാട് റോഡ് പ്രവൃത്തിയും തുടങ്ങിയത്. അതിെൻറ പണി പൂർത്തിയായിട്ട് ഒരു വർഷത്തോളമായി. റോഡ് പണി അനന്തമായി നീളുകയും ഗതാഗതം താറുമാറാകുകയും ചെയ്തതോടെ കേണിച്ചിറ കേന്ദ്രീകരിച്ച് നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ചു.
വ്യവസ്ഥ പ്രകാരമല്ല നിർമാണം നടക്കുന്നതെന്ന് സമിതി ആരോപിച്ചു. ഐ.സി. ബാലകൃഷ്ണൺ എം.എൽ.എയുടെ നേതൃത്വത്തിൽ കരാറുകാരനുമായി ചർച്ചകൾ നിരവധി നടത്തി. എന്നിട്ടും പണിയിൽ കാര്യമായ വേഗത ഉണ്ടായില്ല. തുടർന്നാണ് ജനകീയസമിതി സമരങ്ങളുമായി മുന്നോട്ടുനീങ്ങിയത്. റോഡ് കടന്നുപോകുന്ന കവലകളിൽ രാത്രി പന്തംകൊളുത്തി നടത്തിയ പ്രതിഷേധ സമരം കഴിഞ്ഞ വർഷമായിരുന്നു. തുടർന്ന് ഏപ്രിൽ മുമ്പ് കേണിച്ചിറ വരെയുള്ള ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കാമെന്ന ഉറപ്പാണ് നാട്ടുകാർക്ക് ലഭിച്ചത്. രണ്ടര മാസമായിട്ടും ടാറിങ് നടന്നില്ല.
പൊതുമരാമത്ത്് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ രണ്ടാം തീയതിയാണ് റോഡ് സന്ദർശിക്കാനെത്തിയത്. നിർമാണം തുടങ്ങിയശേഷം ആദ്യമായാണ് ഒരു മന്ത്രി റോഡ് കാണാനെത്തുന്നത്. നടവയലിലും കോളേരിയിലും അദ്ദേഹം നാട്ടുകാരുമായി സംസാരിച്ചു.
പരാതിയുടെ വലിയ കെട്ടുകളാണ് നാട്ടുകാർക്ക് സമർപ്പിക്കാനുണ്ടായിരുന്നത്. നടവയലിൽ മന്ത്രി എത്തിയപ്പോൾ മൂന്ന് എം.എൽ.എമാരും ഉണ്ടായിരുന്നു. സി.പി.എം നേതാക്കളും മന്ത്രിയെ അനുഗമിക്കുകയുണ്ടായി. ജനകീയസമിതി ഭാവാഹികൾ മന്ത്രിക്ക് നിവേദനം നൽകി. റോഡ് നിർമാണം സംബന്ധിച്ച് യോഗം വിളിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്. മന്ത്രി വരുന്നതിന് രണ്ട് ദിവസം മുമ്പ് റോഡ് പണി തകൃതിയായി നടന്നിരുന്നു. സന്ദർശനത്തിന് ശേഷവും പണിയിൽ കാര്യമായ വേഗത കൈവന്നിട്ടില്ല.
നിലവിൽ ബീനാച്ചി മുതൽ കോളേരി വരെ കല്ല് നിരത്തിയ ഭാഗത്ത് കുഴികൾ രൂപപ്പെട്ടു. പലതും ചളിക്കുളമായിട്ടുണ്ട്. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഈ ഭാഗത്ത് പൊടിശല്യമായിരുന്നു. കോളേരി മുതൽ കേണിച്ചിറ തിയറ്റർ കവല വരെ ടാറിങ് പൂർത്തിയായി. തുടർന്ന് കേണിച്ചിറ ടൗൺ ഒഴിവാക്കി. പിന്നീട് പൂതാടിക്കവല മുതൽ നടവയൽ പള്ളിത്താഴെ വരെ ടാർ ചെയ്തിട്ടുണ്ട്. അരികിലെ ഓവുചാലിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നുവെന്ന ആക്ഷേപമുണ്ട്. നടവയൽ മുതൽ പനമരം വരെയുള്ള ഭാഗത്ത് ഒരുവിധ പണിയും തുടങ്ങിയിട്ടില്ല. 22.200 കിലോമീറ്ററാകണമെങ്കിൽ പനമരം വരെ നിർമാണം നടക്കണം. എന്തുകൊണ്ടാണ് ഈ ഭാഗത്ത് പണി തുടങ്ങാത്തതെന്ന് നാട്ടുകാർക്ക് ഒരു പിടിയുമില്ല. ഏതാനും മാസം മുമ്പ് റോഡ് കാണാനെത്തിയ കിഫ്ബി അധികൃതർ നിർമാണത്തിൽ അപാകം കണ്ടെത്തിയിരുന്നു. പ്രവൃത്തി ഏറ്റെടുത്തവർക്ക് അത് വലിയ തിരിച്ചടിയായിട്ടുണ്ട്. നിർമാണം എത്രയും പെട്ടെന്ന് തീർത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രി സന്ദർശിച്ചത് എത്രമാത്രം ഫലം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.