അർബൻ ബാങ്ക് നിയമനത്തിന് കോഴ: രണ്ടു കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsസുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിൽ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ രണ്ട് നേതാക്കൾക്കെതിരെ നടപടി. മുൻ ഡി.സി.സി ട്രഷറർ കെ.കെ. ഗോപിനാഥൻ, ബാങ്ക് പ്രസിഡൻറ് ഡോ. സണ്ണി ജോർജ് എന്നിവരെ ആറുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ബാങ്ക് നിയമന ആരോപണവുമായി ബന്ധപ്പെട്ട് ഡി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടപടി സ്വീകരിച്ചത്. ഒരാഴ്ചക്കുള്ളിൽ വിശദീകരണം കൊടുക്കാത്തപക്ഷം കൂടുതൽ നടപടി ഉണ്ടാകും. കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി ഗുരുതര ആരോപണങ്ങളാണ് നേതാക്കൾക്കെതിരെ കണ്ടെത്തിയത്. പാർട്ടിയിൽപെട്ടവർ ജോലിക്കായി സമീപിച്ചെങ്കിലും അവരെ ഒഴിവാക്കി സി.പി.എം അനുഭാവികൾക്കും മറ്റും ജോലി കൊടുത്തെന്നാണ് പ്രധാന കണ്ടെത്തലെന്ന് സമിതിയംഗമായ ഡി.സി.സി സെക്രട്ടറി ഡി.പി. രാജശേഖരൻ പറഞ്ഞു.
ജോലിക്കായി സമീപിച്ചവരോട് പ്രത്യേകം താൽപര്യം നേതാക്കൾ കാണിച്ചിട്ടുണ്ട്. പണം കൊടുത്താണ് ജോലി വാങ്ങിയതെങ്കിൽ അക്കാര്യം സമ്മതിക്കാൻ ജോലിക്ക് കയറിയവർ തയാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഇരുവരുടെയും പ്രവൃത്തി ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. ഇത് പാര്‍ട്ടി വിരുദ്ധവും അച്ചടക്ക ലംഘനമാണെന്നുമാണ് സസ്പെന്ഷന് സംബന്ധിച്ച് ഇരുവര്‍ക്കും സുധാകരന് അയച്ച കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടങ്കില്‍ ഒരാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്നും സമയത്തിനുള്ളില്‍ അറിയിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കത്തിലുണ്ട്.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ പ്യൂണ്‍, വാച്ച്മാന് തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി രണ്ട് കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് ഡി.സി.സി പ്രസിഡൻറ് മൂന്നംഗ കമീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.