ബത്തേരിയിൽ കളം നിറഞ്ഞ് സ്ഥാനാർഥികൾ
text_fieldsസുൽത്താൻ ബത്തേരി: സ്ഥാനാർഥികൾ കളം നിറഞ്ഞതോടെ സുൽത്താൻ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേറി.
യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽനിന്നാണ് ചൊവ്വാഴ്ച പ്രചാരണം ആരംഭിച്ചത്. തൊഴിലാളികളോടും ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. തൊട്ടടുത്ത കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക്. അവിടെയും കാർഷിക കോളജ് കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങൾ ഓർമപ്പെടുത്തി.
തുടർന്ന് ചുള്ളിയോട് വഴി പുത്തൻകുന്നിലേക്ക്. പോകുംവഴി ആനപ്പാറയിലെ സ്വകാര്യ നഴ്സറിയിൽ കയറി എല്ലാവരെയും കണ്ട് വോട്ടു ചോദിച്ചു. പുത്തൻകുന്നിൽ കാത്തുനിന്നിരുന്ന ചീരാൽ മണ്ഡലം ഭാരവാഹികളോടൊപ്പം കടകളിൽ വോട്ടഭ്യർഥന.
ഇരുളം എല്ലക്കൊല്ലി കോളനിയിൽ വീടുകൾ കയറിയിറങ്ങി. സന്ധ്യയോടെ അങ്ങാടി ശേരി കോളനിയും കയറി വോട്ടഭ്യർഥിച്ച ശേഷം കൂടിയാലോചനകൾക്കായി ബത്തേരിയിലേക്ക് മടക്കം.
എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ തോമാട്ടുചാൽ, അമ്പലവയൽ മേഖലയിലായിരുന്നു പര്യടനം നടത്തിയത്. വാളശ്ശേരി, പെരുമ്പാടിക്കുന്ന് കോളനി, തോമാട്ടുചാൽ വിമൻസ് വെൽഫയർ ട്രെസറ്റ്, നെല്ലാറ, അടിവാരം, കുമ്പളേരി കോളനികൾ, ചുള്ളിയോട് ഇടക്കൽ കോളനി, പാടിപ്പറമ്പ്, താളൂർ മാവാടി, പല്ലടം, അമ്പലക്കുന്ന് കോളനികൾ എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. വൈകീട്ട് ചുള്ളിയോട് ടൗണിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനു പുൽപള്ളി പഴശ്ശിരാജ കോളജിൽ വോട്ടഭ്യർഥിച്ചെത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ സ്ഥാനാർഥി ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.