ചെതലയം ഫ്ലാറ്റ് ജലരേഖയായി; ലൈഫ്മിഷൻ ഭൂമി കാടുപിടിച്ചു കിടക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: വീടും സ്ഥലവുമില്ലാത്തവർക്കായി ചെതലയത്ത് നിർമിക്കാനിരുന്ന ഫ്ലാറ്റ് ജലരേഖയായി. ഫ്ലാറ്റ് നിർമിക്കാൻ ലൈഫ്മിഷന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോൾ വനമായി കിടക്കുകയാണ്. പുതുതായി ഫണ്ട് അനുവദിച്ച് ഇവിടെ ഫ്ലാറ്റ് നിർമിക്കാനുള്ള സാധ്യത വിരളമായിരിക്കുന്നു.
സുൽത്താൻ ബത്തേരി നഗരസഭയിലെ കിടപ്പാടമില്ലാത്തവരെ പാർപ്പിക്കാനാണ് 2015ൽ അധികാരത്തിലേറിയ ഭരണസമിതി ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചത്. റവന്യൂ വകുപ്പിൽ നിന്നും നഗരസഭക്ക് 50 സെന്റ് ഭൂമി വിട്ടുകിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 40ഓളം ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. അഞ്ച് കോടിയാണ് ലൈഫ്മിഷൻ ഫ്ലാറ്റിനായി ചെലവഴിക്കാൻ തീരുമാനിച്ചത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫ്ലാറ്റ് ഭൂമി കേസിൽപെട്ടത്. അതോടെ നിർമാണം മുടങ്ങി. കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13ല്‍ റീസര്‍വേ 60ൽപെട്ടതാണ് ചെതലയം ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ മിച്ചഭൂമി. ഇതില്‍ 4.4070 ഹെക്ടര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ തുടങ്ങുന്നതിനു 2010 മാര്‍ച്ചിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കൈമാറി. അതേവർഷം സെപ്റ്റംബര്‍ 13ന് 0.8323 ഏക്കര്‍ പൊതുജനാരോഗ്യകേന്ദ്രത്തിനും നൽകി. ലൈഫ് മിഷനുവേണ്ടി 0.2014 ഹെക്ടര്‍ 2017 ജൂലൈ 17ന് വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫിസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്. ഇതിൽ ബാക്കിവരുന്ന നാലേക്കറോളം 19 പട്ടികജാതി കുടുംബങ്ങള്‍ക്കു 20 സെന്റ് വീതം പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പട്ടികജാതി കുടുംബങ്ങൾക്ക് വേറെ ഭൂമി കണ്ടെത്തിക്കൊടുക്കണമെന്നും മിച്ചഭൂമി പൊതു ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ഹൈകോടതിയെ സമീപിച്ചതോടെ മിച്ചഭൂമിയിലെ തുടർന്നുള്ള നിർമാണങ്ങൾ തടസ്സപ്പെട്ടു. ഭൂമി വിതരണത്തിനായി റവന്യൂ വകുപ്പ് അളന്നുതിരിച്ചതിനു പിറകെയാണ് ചെതലയം ആക്ഷന്‍ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചത്. ഇതോടെ ലൈഫ്മിഷൻ ഭൂമിയിലെ ഫ്ലാറ്റ് നിർമാണവും നടത്താൻ പറ്റാതായി.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഫ്ലാറ്റ് വിഷയം ഇടതു പക്ഷം ആയുധമാക്കിയിരുന്നു. യു.ഡി.എഫ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ കേസിന് പോയതാണ് ഫ്ലാറ്റ് നിർമാണത്തിന് തടസ്സമുണ്ടാക്കിയതെന്ന് പ്രചാരണമുണ്ടായി. ഇതോടെ യു.ഡി.എഫും പ്രതിരോധത്തിലായി. പ്രചാരണം ശക്തമാകുന്നതിന് മുമ്പ് കേസ് പിൻവലിക്കപ്പെട്ടു. ഇതിനിടയിൽ ഫ്ലാറ്റിന് അനുവദിച്ച അഞ്ച് കോടി ലൈഫ്മിഷൻ പൂതാടി പഞ്ചായത്തിലെ നിർമാണത്തിലേക്ക് മാറ്റി. ഇനി ചെതലയത്ത് ഫ്ലാറ്റ് പണിയണമെങ്കിൽ പുതിയ ഫണ്ട് കണ്ടെത്തണം. അത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറഞ്ഞു.
കിടപ്പാടത്തിനായി കാത്തിരിക്കുന്നവർ നഗരസഭയിൽ നൂറുകണക്കിനുണ്ട്. ഇത്തവണ വീടിനായി അപേക്ഷിച്ചവരിൽ 475 പേരുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.