കോളറ: നൂൽപുഴ പഞ്ചായത്തിൽ ജാഗ്രത
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ നെന്മേനിക്കുന്ന് വാർഡിലെ കുണ്ടാനംകുന്ന് ആദിവാസി ഊരിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത കർശനമാക്കി. കുണ്ടാനംകുന്ന് കോളനിയുടെ 500 മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുകയാണ്. കോളനിയിലെ വിജിലയാണ് കഴിഞ്ഞ ഞായറാഴ്ച കോളറ ബാധിച്ച് മരിച്ചത്.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കോളനിയിലെ ഒമ്പതുപേരിൽ ഒരു യുവാവിനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ടുപേർക്ക് കോളറ തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കോളറയുടെ സാഹചര്യത്തിൽ ബുധനാഴ്ച നൂൽപുഴയിൽ ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു.
പഞ്ചായത്തിലെ 200ഓളം ആദിവാസി ഊരുകളിൽ കുടിവെള്ളം ശുചീകരിക്കുന്നതിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച പഞ്ചായത്തിലെ ഒട്ടുമിക്ക ഊരിലും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.
നൂൽപുഴയിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ് പറഞ്ഞു. പൊതു ശുചിത്വത്തിന്റെ അഭാവമാണ് രോഗം വരാൻ കാരണം. ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ല. കുട്ടികൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
ഉത്ഭവം വ്യക്തമല്ല
സുൽത്താൻബത്തേരി: നൂൽപുഴ പഞ്ചായത്തിലെ തോട്ടാമൂലയിലെ ആദിവാസി ഊരിൽ യുവതി കോളറ ബാധിച്ച് മരിച്ച സംഭവത്തിൽ കോളറയുടെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ല. അന്യ സംസ്ഥാനത്തുനിന്ന് വന്നവരിൽനിന്നാണോ പുൽപള്ളിയിലെ ഊരിൽ പോയി വന്ന യുവാവിൽ നിന്നാണോ കോളറ കോളനിയിലെത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും ആരോഗ്യവകുപ്പിന് വ്യക്തതയില്ല. കിണറുകളിലെ കുടിവെള്ളം അത്ര മലിനമല്ലെന്നാണ് കണ്ടെത്തൽ.
ആദിവാസി ഊരിൽ 13 കുടുംബങ്ങളിലായി 46 പേരാണ് താമസിക്കുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു യുവാവിന് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആലപ്പുഴ വൈറോളജി ലാബിലേക്കുമാണ് അയച്ചിട്ടുള്ളത്. ഇതിന്റെ ഫലം വെള്ളി, ശനി ദിവസങ്ങളിലായി വരാനേ സാധ്യതയുള്ളൂവെന്ന് നൂൽപുഴയിലെ ആരോഗ്യ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.