കരുതലിൽ അങ്കലാപ്പ്: കരുതൽ മേഖല സംബന്ധിച്ച് പുതുതായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാപ്പിലും വ്യക്തതയില്ല
text_fieldsസുൽത്താൻ ബത്തേരി: കരുതൽ മേഖല സംബന്ധിച്ച പുതിയ അറിയിപ്പുകൾ പുറത്തുവരുന്നത് ജനത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു. ഭൂമി, വീട്, മറ്റ് കെട്ടിടങ്ങൾ എന്നിവ കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ജനം ഹെൽപ് ഡെസ്കുകൾ കയറിയിറങ്ങുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായുള്ളത്.
സുൽത്താൻ ബത്തേരി നഗരസഭ, നൂൽപുഴ, നെന്മേനി, തിരുനെല്ലി പഞ്ചായത്തുകളിലാണ് ആശങ്ക വർധിച്ചത്.ഒടുവിൽ അധികൃതർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ ആകാശദൂരത്തിൽ കരുതൽ മേഖല നിശ്ചയിച്ചാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഒട്ടുമിക്ക വാർഡുകളും ഇതിലുൾപ്പെടും. നഗരത്തിന്റെ ഇനിയുള്ള വികസനം ഇല്ലാതാകും.
വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്ത് മുഴുവനും സംരക്ഷിത മേഖലയിലാണ് വരിക. പഞ്ചായത്തിൽ വീടും കൃഷിഭൂമിയുമുള്ളവരുടെ ജീവിതം എങ്ങനെയാകുമെന്നത് കണ്ടറിയേണ്ട സ്ഥിതിയാണ്. നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിലും ഇതേ അവസ്ഥയാണ്. വനം വന്യജീവി വകുപ്പ് കേന്ദ്ര സർക്കാറിൽ സമർപ്പിച്ച വിവിധ സംരക്ഷിത പ്രദേശങ്ങളുടെ പരിസ്ഥിതിലോല മേഖലയുടെ മാപ്പുകളാണ് പുതുതായി പ്രസിദ്ധീകരിച്ചത്.
വനംവകുപ്പ് ശിപാർശ ചെയ്ത കരുതൽ മേഖലകളും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏതൊക്കെ സ്ഥലങ്ങളാണെന്നോ അവിടത്തെ ജനവാസ കേന്ദ്രങ്ങളെക്കുറിച്ചോ വ്യക്തതയില്ല. മേഖല തിരിച്ചുള്ള മാപ്പു മാത്രമിട്ട് ജനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുകയെന്നല്ലാതെ ഇക്കാര്യത്തിൽ നേരിട്ടുള്ള സർവേയിലൂടെ കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാണ്.
വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോലമാക്കാനും പ്രദേശങ്ങൾ കണ്ടെത്തി രേഖപ്പെടുത്താനുമാണ് കഴിഞ്ഞ ജൂൺ മൂന്നിന് പുറത്തുവന്ന സുപ്രീം കോടതി വിധിയിൽ നിർദേശിച്ചത്. അതനുസരിച്ച് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ തയാറാക്കിയ റിപ്പോർട്ട് ആകാശ സർവേയുടെ അടിസ്ഥാനത്തിലാണ്. ശക്തമായ എതിർപ്പുണ്ടായതോടെയാണ് അവ്യക്തതകൾ നിറഞ്ഞ ആ റിപ്പോർട്ട് സർക്കാർ തള്ളിയത്. ‘സീറോ പോയന്റ് ബഫർ സോൺ’ നടപ്പാക്കൽ മാത്രമാണ് ജനത്തെ ബാധിക്കാതിരിക്കാനുള്ള മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.