മെഡിക്കൽ കോളജ് നിർമാണം ഉടൻ ആരംഭിക്കും -മന്ത്രി വീണ ജോർജ്
text_fieldsസുൽത്താൻ ബത്തേരി: വയനാട് ഗവ. മെഡിക്കൽ കോളജ് നിർമാണം ഉടൻ ആരംഭിക്കുമെന്നും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. ആശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ സേവനം ഈ വർഷംതന്നെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് നിർമിച്ച മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജൂണിൽ അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് സിക്കിൾ സെൽ അനീമിയ സ്ക്രീനിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്‍റെ ഏറെ നാളത്തെ ആവശ്യമായ കാത്ത് ലാബും ഉടൻ പൂർത്തീകരിക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ഒരു കോടി രൂപ ചെലവിലാണ് എസ്.ടി.പി പ്ലാന്‍റ് നിർമിച്ചത്. 1,45,000 ലിറ്റർ വെള്ളം ശുചീകരിക്കാൻ ഈ പ്ലാന്‍റിന് കഴിയും. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസൈനാർ മന്ത്രിക്ക് കൈമാറി. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസൈനാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഹഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ലത ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അനീഷ് ബി. നായർ, ക്ഷേമകാര്യ ചെയർമാൻ എടക്കൽ മോഹനൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡി.പി.എം ഡോ. സമീഹ സൈതലവി, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ബി.കെ. ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കാശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രവും നിർമാണത്തിലിരിക്കുന്ന പുതിയ ബ്ലോക്കും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.