മുട്ടിൽ മരംമുറി: കരാറെടുത്തയാൾക്ക് ഭീഷണി, 2022 കാണാൻ അനുവദിക്കില്ലെന്ന് കത്ത്
text_fieldsസുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസിൽ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022 കാണാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിെൻറ മൂലങ്കാവ് ഓടപ്പള്ളം പള്ളിപ്പടിയിലെ വീട്ടിൽ അജ്ഞാതർ എത്തിച്ച കത്തിൽ എഴുതിയിരിക്കുന്നത്. ഹംസക്കുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് വീടിെൻറ സിറ്റൗട്ടിലും പൊലീസിെൻറ ഹാജർ ബുക്കിലും കത്ത് കൊണ്ടുവെച്ചത്.
ബുധനാഴ്ച രാവിലെയാണ് കത്ത് ശ്രദ്ധയിൽപെടുന്നത്. നേരത്തെ ഹംസക്കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നു. ഭീഷണിയെത്തുടർന്ന് പൊലീസ് സംരക്ഷണമുണ്ട്. എല്ലാ ദിവസവും പൊലീസ് വീട്ടിലെത്തി നിരീക്ഷണം നടത്തിയിരുന്നു. ഇങ്ങനെ എത്തുന്ന പൊലീസുകാർ ഉപയോഗിക്കുന്ന ഹാജർ ബുക്ക് വീടിെൻറ പോർച്ചിലാണ് വെച്ചിരുന്നത്. ഇതിനകത്താണ് ഒരു കത്തുണ്ടായിരുന്നത്. നിങ്ങൾ എത്ര സംരക്ഷണം കൊടുത്താലും കാര്യമില്ലെന്നായിരുന്നു ഉള്ളടക്കം.
മരംമുറിയുമായി ബന്ധപ്പെട്ട് ഹംസക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴികൊടുത്തിരുന്നു. ഇതാണ് ഭീഷണിക്ക് കാരണം. 10 ലക്ഷത്തിലേറെ രൂപ തനിക്ക് കിട്ടാനുണ്ടെന്ന് ഹംസക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. പണം കിട്ടാത്തതിനാൽ കടംകയറി ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ്. ഭീഷണിയുള്ളതിനാൽ മറ്റ് ജോലിക്കായി പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥയുണ്ട്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.
മംഗലശ്ശേരി മലയില്‍ വീണ്ടും വ്യാപക മരംമുറി
വെള്ളമുണ്ട: ഒരിടവേളക്കുശേഷം മംഗലശ്ശേരി മലയില്‍ മരംമുറി വ്യാപകമായതായി പരാതി. ആദിവാസി വിഭാഗങ്ങള്‍ കൈവശംവെച്ചുവരുന്ന റവന്യൂഭൂമിയിൽനിന്നടക്കം ചെറിയ ഇനം മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പ്ലൈവുഡ് നിര്‍മാണ ഫാക്ടറികളിലേക്ക് തുച്ഛ വിലയ്ക്ക് മരങ്ങളെത്തിക്കുന്ന ചെറുകിട മരവ്യാപാരികളാണ് ആദിവാസികളില്‍നിന്ന് മരം വാങ്ങി മുറിച്ചുകടത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ മരംമുറി നടന്നപ്പോള്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്റ്റോപ് മെമ്മോ നല്കി മരംമുറി തടഞ്ഞിരുന്നു.
കുമുദ്, വട്ട തുടങ്ങിയ മരങ്ങളാണ് മുറിച്ചുകടത്തുന്നത്. പട്ടയം ലഭിച്ച ഭൂമിയോടൊപ്പം ആദിവാസികള്‍ കൈവശംവെച്ചുവരുന്ന ഭൂമിയിലെ മരങ്ങളും മുറിച്ചുനീക്കുന്നുണ്ടത്രെ. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍നിന്നും ഇത്തരത്തില്‍ മരം മുറിച്ചുകടത്തുന്നുണ്ട്. വയനാട് പ്രകൃതിസംരക്ഷണ സമിതി വെള്ളമുണ്ട യൂനിറ്റ് ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പുളിഞ്ഞാല്‍ തോടിേൻറതടക്കം ഒന്നിലധികം തോടുകളുടെ ഉത്ഭവസ്ഥാനമാണ് ബാണാസുരമലയുടെ ഭാഗമായ മംഗലശ്ശേരി മല. അതേസമയം, മരംമുറി വ്യാപകമായ പരാതിയെ കുറിച്ച് അന്വേഷിക്കുകയും നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് വെള്ളമുണ്ട വില്ലേജ് ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.