കോവിഡ് വ്യാപനം: തമിഴ്നാട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
text_fieldsഗൂഡല്ലൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സ്വീകരിക്കേണ്ടതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി ഏപ്രിൽ 27ന് നടത്താനിരിക്കുന്ന വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി മന്ത്രിമാരും അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയത്. മരണം കുറക്കാനായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആവശ്യമുള്ളവരെ കണ്ടെത്താനുള്ള നടപടികൾക്കും ശിപാർശ ചെയ്തിട്ടുണ്ട്. ആശുപത്രികളിലും മറ്റും മുൻകരുതൽ നടപടികൾ ശക്തമാക്കാനും നിർദേശം നൽകി.
ചൈനയിൽ കോവിഡ് വർധിച്ച സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽതന്നെ ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. തമിഴ്നാട്ടിലും കഴിഞ്ഞ നാലു ദിവസമായി കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കുന്നത് അടക്കമുള്ള നിയന്ത്രണ നടപടികൾ വീണ്ടും സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആഘോഷമാക്കും -ആരോഗ്യമന്ത്രി
ഗൂഡല്ലൂർ: മേയ് എട്ടിന് നടക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആഘോഷമാക്കുമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി പി. സുബ്രഹ്മണ്യം. ചെന്നൈ ഐ.ഐ.ടി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കേന്ദ്രം സന്ദർശിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനം വീണ്ടും കോവിഡ് വ്യാപനത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജാഗ്രതാനടപടികൾ വീണ്ടും കൂട്ടാൻ തീരുമാനിച്ചത്. മേയ് എട്ടിന് സംസ്ഥാനത്ത് ഒരു ലക്ഷം കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കും. ഇതൊരു ആഘോഷമാക്കി മാറ്റുന്നരീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കാത്ത 1.46 കോടി പേർക്കും ഫസ്റ്റ് ഡോസ് സ്വീകരിക്കാത്ത 54 ലക്ഷം പേർക്കും ചേർത്ത് രണ്ടു കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനാണ് തീരുമാനം. 60ന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിവരുന്നതായും മന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറി രാധാകൃഷ്ണൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.