മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് മരണം; കാരണം അധികൃതരുടെ അനാസ്ഥ
text_fieldsസുൽത്താൻ ബത്തേരി: ചുള്ളിയോട് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിക്കാനിടയായ സംഭവത്തിന് പിന്നിൽ അധികൃതരുടെ കടുത്ത അനാസ്ഥ. ലോഡു കണക്കിന് മാലിന്യമാണ് ഇവിടെ കൊണ്ട് തട്ടിയിരുന്നത്.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ വൻ ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ടൗണിലെ പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാറിയായിരുന്നു പഴയ കെട്ടിടവും മാലിന്യ ശേഖരവും. തീ ആളിപ്പടർന്നപ്പോൾ അത് മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരുന്നത് അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ്. തീ പെട്ടെന്ന് ആളി പ്പടരാൻ കാരണം കടുത്ത ചൂടാണ്. ബീഡിക്കുറ്റിയിൽ നിന്നോ മറ്റോ ആയിരിക്കാം തീ പടർന്നതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. വ്യക്തമായ കാരണം അന്വേഷണത്തിലൂടെ പുറത്തുവരണം.
മാലിന്യം രണ്ടു ദിവസത്തിനുള്ളിൽ നീക്കം ചെയ്യും
സുൽത്താൻ ബത്തേരി: ചുള്ളിയോട് തീപിടിത്തത്തിന്റെ സാഹചര്യത്തിൽ ജില്ല കലക്ടറുടെ നിർദേശപ്രകാരം ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാറുടെ സാന്നിധ്യത്തിൽ എ.ഡി.എം സി.പി.എം, പഞ്ചായത്ത് ഭരണ സമിതി എന്നിവരുമായി ചർച്ച നടത്തി. സംഭവസ്ഥലത്ത് അവശേഷിക്കുന്ന മാലിന്യം രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ തീരുമാനിച്ചു. മരിച്ച ഭാസ്കരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. ചുള്ളിയോട് ടൗണിലുള്ള മാലിന്യസംഭരണ കേന്ദ്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയത്. ചർച്ചയിൽ പഞ്ചായത്തിനെ പ്രതിനിധാനം ചെയ്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ടിജി ചെറുതോട്ടിൽ, ജയമുരളി എന്നിവരും സി.പി.എമ്മിനെ പ്രതിനിധീകരിച് സുരേഷ് താളൂർ, പി.കെ. രാമചന്ദ്രൻ, സി. ശിവശങ്കരൻ, ടി.പി. ഷുക്കൂർ, എം.എസ്. ഫെബിൻ, സാബു കുഴിമാളം എന്നിവരും പങ്കെടുത്തു.
സി.പി.എം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
സുൽത്താൻ ബത്തേരി: ചുള്ളിയോട് തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം കോളിയാടിയിലെ നെന്മേനി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
പഞ്ചായത്ത് ഭരണസമിതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. മരിച്ച ഭാസ്കരന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം.
സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. ടി.പി. ഷുക്കൂർ അധ്യക്ഷത വഹിച്ചു. പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, പി.കെ. രാമചന്ദ്രൻ, സി. ശിവശങ്കരൻ, സാബു കുഴിമാളം, ടി.കെ. രമേഷ്, എം.എസ്. ഫെബിൻ, ഷാജി കോട്ടയിൽ എന്നിവർ സംസാരിച്ചു.
ആംബുലൻസ് തടഞ്ഞു; നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചായത്ത്
സുൽത്താൻ ബത്തേരി: ചുള്ളിയോട് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് മരിച്ച ഭാസ്കരന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ചുള്ളിയോട് ടൗണിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, പൊലീസ് എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തി.
നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി. എന്നാൽ, നഷ്ടപരിഹാരം എത്രയെന്ന് വ്യക്തമാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
റവന്യൂ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി. ഏറെ വാഗ്വാദങ്ങൾക്ക് ശേഷമാണ് ആംബുലൻസ് കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.