ദേവർഷോലയിലും ഗൂഡല്ലൂരിലും ഡി.എം.കെ-കോൺഗ്രസ് ഭരണം
text_fieldsഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിൽ ഡി.എം.കെ- കോൺഗ്രസ് ഭരിക്കും. ഡി.എം.കെയുടെ വള്ളിയാകും പ്രസിഡൻറ്. കോൺഗ്രസിന്റെ യൂനുസ് ബാബു വൈസ് പ്രസിഡന്റാകും. സി.പി.എമ്മിന്റെ ജോസിനെയാണ് ഔദ്യോഗിക വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രഖ്യാപിക്കപ്പെട്ടത്.
വോട്ടെടുപ്പ് ദിവസം അഞ്ചുപേർ മത്സരത്തിനെത്തി. മുസ്‌ലിംലീഗിന്റെ വി.കെ. ഹനീഫ, എ.വി.ജോസ്, യൂനുസ് ബാബു, ഡി.എം.കെയുടെ മൂർത്തി, മാധേവ് എന്നിവരാണ് മത്സരത്തിന് എത്തിയത്. മൂർത്തി പിന്മാറി. ഇതുകാരണം രണ്ട് ഘട്ട വോട്ടെടുപ്പ് വേണ്ടിവന്നു.
രണ്ടാം ഘട്ടത്തിൽ യൂനുസ് ബാബുവിന് 12ഉം ഡി.എം.കെയുടെ മാധവിന് ആറും വോട്ട് ലഭിച്ചു. സി.പി.എമ്മിന്റെ ജോസിന് ആദ്യറൗണ്ടിൽ രണ്ടു വോട്ടും രണ്ടാമത് റൗണ്ടിൽ മൂന്നു വോട്ടുമാണ് ലഭിച്ചത്.
ഗൂഡല്ലൂർ: നഗരസഭയിൽ കോൺഗ്രസ്-ഡി.എം.കെ സംയുക്ത ഭരണം. ചെയർപേഴ്സൻ ഡി.എം.കെയുടെ പരിമളയാണ്. വൈസ് ചെയർമാൻ കോൺഗ്രസിന്റെ ശിവരാജും. ഔദ്യോഗിക സ്ഥാനാർഥി വെന്നിലക്ക് പത്തുവോട്ടും പരിമളക്ക് 11 വോട്ടുമാണ് ലഭിച്ചത്. ശിവരാജന് 17ഉം കോൺഗ്രസിന്റെതന്നെ കൗൺസിലർ ഉസ്മാന് നാലു വോട്ടുമാണ് ലഭിച്ചത്.
അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ അട്ടിമറിയും വിമതനീക്കവും
ഗൂഡല്ലൂർ: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയികളായ സ്ഥാനാർഥികളിൽനിന്ന് അധ്യക്ഷയെയും ഉപാധ്യക്ഷനേയും തിരഞ്ഞെടുത്തു. ചിലയിടങ്ങളിൽ ഐകകണ്ഠ്യേനയാണ് രണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി നേതൃത്വത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനം അവഗണിച്ച് വിമതരായിനിന്ന് വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിമത നീക്കമുണ്ടായത് ഡി.എം.കെയിലും കോൺഗ്രസിലുമാണ്. മുന്നണി ബന്ധം മറന്ന് അംഗങ്ങൾ കാലുവാരലും നടത്തി. ഇത് ചിലയിടങ്ങളിൽ അട്ടിമറി വിജയത്തിന് കാരണമായി. പാർട്ടി വിപ്പ് പാലിക്കപ്പെടാതെ പോയതിനാൽ ദേവർഷോലയിൽ സി.പി.എമ്മിന്റെ എ.വി. ജോസ് പരാജയപ്പെട്ടു. മുന്നണി കക്ഷികളുടെ അംഗങ്ങളുടെ കാലുവാരൽ അട്ടിമറി വിജയത്തിലൂടെ കോൺഗ്രസിന്റെ യൂനുസ് ബാബുവിന് നേട്ടമായി. ഗൂഡല്ലൂർ നഗരസഭയിൽ അധ്യക്ഷസ്ഥാനത്തേക്ക് ഡി.എം.കെ നിർദേശിച്ചത് വെന്നിലയേയാണ്. പാർട്ടി നിർദേശം അവഗണിച്ച് പരിമള മത്സരിച്ചപ്പോൾ ഒരു വോട്ടിന് ഇവർ വിജയിച്ചു. ഇവർക്ക് 11 വോട്ടും വെന്നിലക്ക് 10 വോട്ടുമാണ് ലഭിച്ചത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുന്നണി ധാരണപ്രകാരം കോൺഗ്രസിന്റെ ശിവരാജ് എന്ന ചിന്നവരെയാണ് സ്ഥാനാർഥിയായത്. വിമതനായി കോൺഗ്രസിന്റെതന്നെ ഉസ്മാനും മത്സരിച്ചു. 21 കൗൺസിലർമാരിൽ 17 പേർ ശിവരാജിനും നാലുപേർ ഉസ്മാനും വോട്ട് ചെയ്തു. ശിവരാജ് തിരഞ്ഞെടുക്കപ്പെട്ടു. നെല്ലിയാളം നഗരസഭയിൽ മുന്നണിധാരണ പ്രകാരമുള്ള സ്ഥാനാർഥിയെ എല്ലാ കൗൺസിലർമാരും പിന്തുണക്കുകയായിരുന്നു. ഐകകണ്ഠ്യേനയാണ് ചെയർമാൻ സ്ഥാനത്തേക്ക് ഡി.എം.കെയുടെ ശിവഗാമിയും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നാഗരാജും (ഡി.എം.കെ) തിരഞ്ഞെടുക്കപ്പെട്ടത്.
ഓവാലി പഞ്ചായത്തിൽ ഡി.എം.കെയുടെ ഔദ്യോഗിക സ്ഥാനാർഥി ചിത്രദേവി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണപ്രകാരം വിടുതലൈ ശിരുത്തൈകൾ കക്ഷിയുടെ ജില്ല സെക്രട്ടറിയും മെംബറുമായ എസ്. സഹദേവനെയായിരുന്നു പ്രഖ്യാപിച്ചത്. പാർട്ടി നിർദേശം ലംഘിച്ച് ഡി.എം.കെയുടെ ശെൽവരത്തിനം മത്സരിച്ചു. അഞ്ചു വോട്ടുനേടി സഹദേവന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 13 വോട്ട് ലഭിച്ച ശെൽവരത്തിനം വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
നടുവട്ടം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എ.ഡി.എം.കെയുടെ സ്ഥാനാർഥി മത്സരം ഉണ്ടായെങ്കിലും ഡി.എം.കെയുടെ കലിയമൂർത്തി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി തുളസി ഹരിദാസിനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. മുന്നണി നിർദേശം പാലിക്കപ്പെടാതെ അച്ചടക്കലംഘനവും അട്ടിമറിയും നടന്നത് പാർട്ടിയിൽ നേതൃത്വത്തിന് തലവേദനയാവും. മുന്നണിയിലെ ഘടക കക്ഷികളിൽ വിള്ളലുണ്ടാക്കും. വൈസ് ചെയർമാനായി തിരഞ്ഞെടുത്ത ഗൂഡല്ലൂരിലെ ശിവരാജ്, കോൺഗ്രസ് നേതാക്കൾ, പ്രവർത്തകർ അടക്കമുള്ളവർ ഗൂഡല്ലൂർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.