കാണുന്നില്ലേ അധികൃതർ?
text_fieldsപൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ
സുൽത്താൻ ബത്തേരി: നഗരത്തിൽ ദേശീയപാതയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ജലവകുപ്പ് അധികൃതർ കാണുന്നില്ല. നഗരത്തിൽ സത്രംകുന്ന് റോഡ് തുടങ്ങുന്നതിനടുത്താണ് റോഡിനടിയിൽനിന്ന് വെള്ളം പുറത്തേക്കൊഴുകി ഓടയിലേക്ക് പോകുന്നത്. മൂന്നു മാസത്തോളമായി പൈപ്പ് പൊട്ടിയിട്ട്. തുടക്കത്തിൽ റോഡ് കുഴിച്ച് പൈപ്പ് നന്നാക്കിയതാണ്. എന്നാൽ, വീണ്ടും പഴയപടിയാകുകയായിരുന്നു.
ചവറുപെട്ടി നിറഞ്ഞു
അരിമുള: പൂതാടി പഞ്ചായത്തിലെ അരിമുള പാലം കവലയിൽ പഞ്ചായത്ത് സ്ഥാപിച്ച ചവറുപെട്ടി നിറഞ്ഞ് ഒരു മാസത്തിലേറെയായിട്ടും നീക്കം ചെയ്യാൻ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. റോഡുപണി നടക്കുന്നതിനാൽ ചവറുപെട്ടി പ്രധാന റോഡിൽനിന്ന് അരിമുള-പൂതാടി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. അലസമായ രീതിയിലാണ് ഇത് സ്ഥാപിച്ചത്. ഹരിതസേന പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് പെട്ടിയിലെ ചവറുകളും മാലിന്യങ്ങളും പഞ്ചായത്ത് ആസ്ഥാനത്തേക്കാണ് കൊണ്ടുപോകാറ്.
കാൽനടക്ക് തടസ്സമായി വാഹനങ്ങൾ
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ മീനങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിൽ കാൽനടക്ക് തടസ്സമായി കാറുകൾ. കേസിൽപെട്ടതെന്ന് കരുതുന്ന കാറുകളാണ് ആഴ്ചകളായി പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡിലേക്കും പനമരം റോഡിലേക്കുമുള്ള ആളുകൾ നിരന്തരമായി സഞ്ചരിക്കുന്ന ഇവിടെ കാൽനടക്കാർ ഒഴിഞ്ഞ നേരമില്ല. പൊലീസ് സ്റ്റേഷനിൽ സ്ഥലപരിമിതി പ്രശ്നം ഉള്ളതിനാൽ കേസിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്ക് മാറ്റുകയാണ് പതിവ്.
ഇത്തരം വാഹനങ്ങൾ ബസ് സ്റ്റാൻഡിന്റെ ഒരു മൂലക്ക് കിടക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.