ലോറിയിടിച്ച് കുടിവെള്ള പൈപ്പ് തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsസുൽത്താൻ ബത്തേരി: ദേശീയപാതയിൽ മുത്തങ്ങ കല്ലൂർ പാലത്തിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് കുടിവെള്ള പൈപ്പ് തകർന്നു. രണ്ടുപേർക്ക് പരിക്കേറ്റു. മീനങ്ങാടിയിൽനിന്ന് കർണാടകയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ അപകടത്തിൽപെട്ടത്.
ലോറിയുടെ നിയന്ത്രണംവിട്ട വരവുകണ്ട് ഭയന്ന, പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്നുപേർ പുഴയിലേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പാലത്തിന് ഒരുവശത്തെ കൈവരിക്കുതാഴെ സ്ഥാപിച്ച കുടിവെള്ള പൈപ്പാണ് പൊട്ടിയത്. വൻതോതിലാണ് വെള്ളം പാഴാകുന്നത്. അപകടശേഷം ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.
വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വലിയ ശക്തിയിൽ വെള്ളം പുറത്തേക്ക് ചീറ്റിയൊഴുകിയതോടെ റോഡ് പുഴപോലെയായിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ പൈപ്പിലെ പൊട്ടൽ അടക്കാനുള്ള ശ്രമം രാത്രി വൈകിയും തുടർന്നു. മാസങ്ങൾക്കുമുമ്പും കല്ലൂർ പാലത്തിൽ ലോറി അപകടത്തിൽപെട്ടിരുന്നു. അന്നും തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.