മുത്തങ്ങ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു
text_fieldsസുൽത്താൻ ബത്തേരി: കർണാടകയിൽനിന്ന് മുത്തങ്ങ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കള്ളക്കടത്തുകാരുടെ സുരക്ഷിത റൂട്ടായി മുത്തങ്ങ മാറുന്നതിെൻറ സൂചനകൾ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കോടിക്കണക്കിന് രൂപയുടെ പുകയില ഉൽപന്നങ്ങൾ, കുഴൽപണം, സ്വർണം എന്നിവ മുത്തങ്ങയിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെടുന്നതിലും കൂടുതൽ ഇതുവഴി കടന്നുപോകുന്നുണ്ടോ എന്നത് ആശങ്ക വർധിപ്പിക്കുന്നു.
ഒരു വർഷത്തിനിടെ ഒരു ഡസനോളം തവണയാണ് എം.ഡി.എം.എയുമായി ആളുകൾ പിടിയിലാകുന്നത്. എല്ലാവരും യുവാക്കളാണ്. ജില്ല കടന്ന് കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് ചോദ്യം ചെയ്യുമ്പോൾ പറയുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് പലതും കണ്ടെടുക്കുന്നത്. നിശാപാർട്ടിയിലും മറ്റും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും 2020 സെപ്റ്റംബറിൽ മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിന് മുൻവശം നടത്തിയ വാഹന പരിശോധനയിൽ 760 ഗ്രാം എം.ഡി.എം.എ പിടികൂടി. പുത്തനങ്ങാടി സ്വദേശിയാണ് അന്ന് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 15ന് രാത്രി മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായിരുന്നു. കഞ്ചാവ്, ഹഷീഷ് ഓയിൽ, ഡയസ്പാം ഗുളികകൾ എന്നിവയും അന്ന് കണ്ടെത്തുകയുണ്ടായി.
ഒടുവിൽ, ഹഷീഷും ഹഷീഷ് ഓയിലുമായി ഈ വ്യാഴാഴ്ച നാല് യുവാക്കൾ മുത്തങ്ങക്കടുത്ത് നായ്ക്കട്ടിയിൽ പിടിയിലായിരുന്നു. വെള്ളിയാഴ്ച എം.ഡി.എം.എയുമായാണ് മുത്തങ്ങയിൽ രണ്ടു യുവാക്കൾ പിടിയിലാകുന്നത്.
2019ല്‍ 992 തവണ പുകയില ഉൽപന്നങ്ങള് പിടികൂടി. 32 മയക്കുമരുന്നു കേസുകളുണ്ടായി. ഓരോ വർഷം കഴിയുന്തോറും എണ്ണം കൂടുകയാണ്. എക്സൈസ് പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളല്ലാത്ത സാധനങ്ങള്‍ പൊലീസിനും വനംവകുപ്പിനും വില്പന നികുതി വകുപ്പിനുമെല്ലാം കൈമാറുകയാണ് പതിവ്.
ആവശ്യത്തിന് ജീവനക്കാരോ ആധുനിക ഉപകരണങ്ങളോ ഇല്ലാതെയാണ് മുത്തങ്ങയിലെ വാഹന പരിശോധന. കെ.എസ്.ആര്.ടി.സി ബസിലും ലോറികളില്‍ പച്ചക്കറി മുതലുള്ള സാധനങ്ങള്‍ക്കിടയിലും ഇരുചക്ര വാഹനങ്ങളിലുമെല്ലാം കള്ളക്കടത്ത് സാധനങ്ങള്‍ എത്തുന്നുണ്ടെന്നാണ് എക്സൈസ് അധികാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.