നീലഗിരിയിലേക്ക് ഇനി ഇ പാസ് നിർബന്ധം
text_fieldsസുല്‍ത്താന്‍ബത്തേരി: തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പോകാൻ ഇനി ഇ-പാസ് നിർബന്ധം. ഊട്ടിയിലേക്കടക്കം പോകുന്ന വിനോദസഞ്ചാരികളടക്കമുള്ളവർക്കും ഇനി യാത്ര ചെയ്യാൻപാസ് നിർബന്ധമായി മാറി. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. https://epass.tnega.org/ എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. ക്യൂ-ആര് കോഡ് സ്കാന്‍ ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിച്ചും ഇ-പാസിന് അപേക്ഷിക്കാം.
ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നും സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്ര ദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് ഇ-പാസ് ലഭിക്കുന്നതിനായി നല്‍കേണ്ടത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. മേയ് പത്തുമുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുന്‍നിര്‍ത്തിയാണ് നടപടി.
ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം വാഹനങ്ങളാണ് സർവിസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഊട്ടിയിലേക്കുള്ള ഇ പാസിനു നിബന്ധനകള്‍ ഇല്ലെന്നു ജില്ല കലക്ടര്‍ എം. അരുണ അറിയിച്ചു. വരുന്ന വാഹനങ്ങള്‍ക്കെല്ലാം പാസ് ലഭിക്കും. ഓണ്‍ലൈന്‍ റജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുകയില്ല.
ഇപാസ് ഉള്ളവര്‍ക്കു മാത്രമേ ചെക്പോസ്റ്റുകളില്‍ അനുമതി ലഭിക്കൂ. എത്ര വാഹനങ്ങള്‍ വരുന്നുണ്ടെന്നും അതില്‍ എത്ര പേര് വരുന്നുണ്ടെന്നുമുള്ള കൃത്യമായ കണക്കുകള്‍ അറിയാനാണ് ഇപാസ് നിര്‍ബന്ധമാക്കിയതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ഇ-പാസ് ഏര്‍പ്പെടുത്തുന്നതോടെ നീലഗിരി ജില്ലയുടെ എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന നടക്കുമെന്നും പാസില്ലാത്ത വാഹനങ്ങള്‍ക്ക് ജില്ലയിലേക്കു പ്രവേശനമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നീലഗിരി ജില്ലയിലെ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.