പരിസ്ഥിതിലോല മേഖല: ആശങ്കയുടെ നടുവിൽ ബത്തേരി
text_fieldsസുൽത്താൻ ബത്തേരി: വനാതിർത്തിയോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോലമായി നിലനിർത്താനുള്ള സുപ്രീംകോടതി ഉത്തരവ് സുൽത്താൻ ബത്തേരി നഗരത്തിന്റെ ഭാവി ആശങ്കയിലാക്കി. കടുത്ത നിയന്ത്രണങ്ങൾ വരുന്നതോടെ നഗരം ഇന്നത്തെരീതിയിൽ എത്രകാലം നിലനിൽക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതാനും വർഷങ്ങളായി ഇതുസംബന്ധിച്ച് ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും പരിസ്ഥിതിലോലമെന്നത് ഒരിക്കലും യാഥാർഥ്യമാകില്ലെന്നാണ് മിക്കവരും കരുതിയിരുന്നത്.
സംരക്ഷിതവനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ വീതിയിൽ ജൈവസംരക്ഷിത കവചം അനിവാര്യമാണെന്നാണ് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ കാടുകളുടെ വ്യാപ്തി ദിനംപ്രതി കുറഞ്ഞുവരുമ്പോൾ വനങ്ങളുടെ ബഫർ സോണുകൾ ഒന്നുമുതൽ 10 കി.മീറ്റർ വരെ ആകാം എന്ന നിർദേശം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം നേരത്തെ മുന്നോട്ടുവെച്ചിരുന്നു.
ആ വിഷയത്തിൽ കേരളം സുരക്ഷാ ഇടമായി തീരുമാനിച്ചത് ഒരു കി.മീറ്റർ കവചം എന്നതായിരുന്നു. ഒരു കി. മീറ്ററിൽ അധികം വീതിയിൽ ജൈവസംരക്ഷിത കവചം നിലനിൽക്കുന്നിടത്ത് അത് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ ഒരു കി.മീറ്ററിനുള്ളിലെ അവസ്ഥകൾ സംസ്ഥാന ചീഫ് കൺസർവേറ്റർ കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി ടൗൺ ഏറക്കുറെ ജൈവസംരക്ഷിത കവചപരിധിയിൽ വരുമെന്നതാണ് ആശങ്കക്ക് ഇടയാക്കിയിട്ടുള്ളത്. കോട്ടക്കുന്ന് കെ.എസ്.ആർ.ടി.സി ഗാരേജ് മുതൽ പഴയ സന്തോഷ് ടാക്കീസ് നിന്നിരുന്ന കവല വരെയും ചുള്ളിയോട് റോഡിൽ കല്ലുവയൽ, ഊട്ടി റോഡിൽ സർവജന സ്കൂൾ വരെയും നഗരം വ്യാപിച്ചുകിടക്കുന്നു.
ഒരു കിലോമീറ്റർ ചുറ്റളവ് എന്നത് നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളേയും ബാധിക്കാനാണ് സാധ്യത. കോട്ടക്കുന്നിൽനിന്ന് മാരിയമ്മൻകോവിൽ ഭാഗത്തേക്ക് പോകുമ്പോൾ റോഡിന്റെ വലതുവശം മുഴുവനും പരിസ്ഥിതിലോലത്തിന്റെ ഭാഗമായി ഇല്ലാതായേക്കും.
ജില്ലയിൽ നൂൽപുഴ, തിരുനെല്ലി പഞ്ചായത്തുകളാണ് ബഫർ സോണിൽ പൂർണമായും ഉൾപ്പെടുന്നത്. നൂൽപുഴ പഞ്ചായത്ത് സുൽത്താൻ ബത്തേരി നഗരസഭയോട് ചേർന്നുകിടക്കുന്നതാണ്. ദേശീയപാതയിൽ മൂലങ്കാവ്, നായ്ക്കട്ടി, കല്ലൂർ, മുത്തങ്ങ, പൊൻകുഴി എന്നീ സ്ഥലങ്ങളിലൊക്കെ വികസനസ്തംഭനമുണ്ടാകും.
നൂൽപുഴയിൽ ഗോത്ര വിഭാഗത്തിൽപെട്ട കുടുംബങ്ങളേറെയാണ്. കുടിയേറ്റ കർഷകകുടുംബങ്ങളും ധാരാളമുണ്ട്. മുത്തങ്ങയിൽ വനത്തോട് ചേർന്ന റിസോർട്ട് മാഫിയയുടെ കടന്നുകയറ്റത്തിന് തടയിടുമെങ്കിലും സുപ്രീംകോടതി ഉത്തരവ് സാധാരണക്കാരുടെ ജീവിതത്തെയും ബാധിക്കും. നിർമാണ നിയന്ത്രണങ്ങൾ കർശനമാകുന്നതോടെ ജീവിതം ദുസ്സഹമായേക്കുമെന്ന ഭീതിയിലാണ് ജനം. പൂതാടി, നെന്മേനി പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങളും ബഫർ സോൺ പരിധിയിൽവരുന്നുണ്ട്.
വിധി സ്വാഗതാർഹം -പ്രകൃതി സംരക്ഷണ സമിതി വിധിക്കെതിരെ രംഗത്തുള്ളത് ക്വാറി-ഖനന, റിസോർട്ട്-ടൂറിസം മാഫിയകൾ
കൽപറ്റ: സംരക്ഷിതവനങ്ങളുടെ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി. വനപരിസരങ്ങളിലും വനത്തിനുള്ളിലും താമസിക്കുന്ന വനാശ്രിത-പരമ്പരാഗത സമൂഹങ്ങൾ, ആദിവാസികൾ, കർഷകർ എന്നിവരുടെ ഉപജീവനത്തേയോ കാർഷികവൃത്തിയെയോ സുസ്ഥിരമായ വികസനത്തേയോ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്തതും അവർക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതുമാണ് ഈ വിധി.
വയനാട്ടിലെ സാധാരണ കർഷകരുടെ ഫലസമൃദ്ധമായ കൃഷിഭൂമികൾ ചുരം കയറിയെത്തുന്ന മാഫിയകളും അതിസമ്പന്നരും വൻ വിലകൊടുത്ത് വാങ്ങി അനാവശ്യ നിർമിതികൾ ഉണ്ടാക്കുകയും കർഷകർ കൂട്ടത്തോടെ പലായനം ചെയ്യുകയുമാണ്. സാധാരണക്കാർ വീടുവെക്കാൻ ഭൂമി കിട്ടാതെ വില കണ്ട് പകച്ചുനിൽക്കുന്നു. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾ റിസോർട്ട് - ടൂറിസം മാഫിയ കൈയടക്കുന്നു. ഇത്തരം സാധാരണക്കാർക്കൊക്കെ സുപ്രീംകോടതി വിധി ആശ്വാസകരമാണ്.
സുപ്രീംകോടതിയുടെ ചരിത്രവിധിക്കെതിരെ തെറ്റിദ്ധാരണകളും അസത്യങ്ങളും പ്രചരിപ്പിച്ച് രംഗത്തിറങ്ങിയ സംഘടനകൾ ക്വാറി-ഖനന മാഫിയകളുടെയും ടൂറിസം-നിർമാണ ലോബിയുടെയും വക്താക്കളാണ്. ലോലമേഖലയിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുവപ്പു ലിസ്റ്റിൽപെട്ട രാസവ്യവസായങ്ങൾ, മരമില്ലുകൾ എന്നിവ മാത്രമേ നിരോധിച്ചിട്ടുള്ളൂ. മറ്റെല്ലാം നിയന്ത്രിക്കുക മാത്രമാണ് ചെയ്തത്. ലോല മേഖലയുടെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ജില്ല കലക്ടർ ചെയർമാനും എം.പിയും എം.എൽ.എയും ജനപ്രതിനിധികളും അടങ്ങിയ സ്വതന്ത്ര ബോഡിയെ നിയമിച്ചിട്ടുണ്ട്. പട്ടണങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടവും ഉണ്ടെങ്കിൽ സംസ്ഥാന സർക്കാറിന് പരിസ്ഥിതിമന്ത്രാലയം മുഖേന സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്.
2001ൽ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണ് വന്യജീവികേന്ദ്രത്തിന്റെ 10 കിലോമീറ്റർ വീതി പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചത്. 2011ൽ കേന്ദ്ര -പരിസ്ഥിതി മന്ത്രാലയം മാർഗനിർദേശങ്ങൾ ഇറക്കി. കേരളത്തിലെ ഒരു സംരക്ഷിത വനത്തിന്റെയും ലോലമേഖല പ്രഖ്യാപിക്കാത്തതിനാൽ 2011 മുതൽ 10 കിലോമീറ്റർ ലോലമേഖലയായി ഇപ്പോഴും നിലനിൽക്കുകയാണ്. ഭീതിപരത്തുന്നവർ പ്രചരിപ്പിക്കുന്നതു പോലെ ഇവിടങ്ങളിൽ ജനം ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ല. വയനാടിന്റെ അതിരിലുള്ള ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ 10 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായിട്ട് 12 വർഷം തികഞ്ഞു. നൂറുകണക്കിന് ഗ്രാമങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിയന്ത്രണം സംബന്ധിച്ച യഥാർഥ വസ്തുത ജനങ്ങൾക്ക് എത്തിക്കാൻ വനംവകുപ്പും സർക്കാറും തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, തോമസ് അമ്പലവയൽ, എം. ഗംഗാധരൻ, എം.വി. മനോജ്, സണ്ണി മരക്കടവ്, സി.എ. ഗോപാലകൃഷ്ണൻ, തച്ചമ്പത്ത് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയെ കാണുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ
കൽപറ്റ: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റണമെന്നും വിഷയത്തിൽ സർക്കാർ ജാഗ്രതപുലർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ടുകാണുമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
ജനങ്ങൾക്കും കർഷകർക്കും എതിരാണ് കോടതികളിൽനിന്നും കേന്ദ്രസർക്കാറിൽനിന്നും ബഫർസോണുമായി ബന്ധപ്പെട്ട് വരുന്ന നിർദേശങ്ങളും വിധിന്യായങ്ങളുമൊക്കെ. വിധിന്യായമോ തീരുമാനമോ വന്നശേഷമുള്ള ഇടപെടലാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കേസ് നടക്കുമ്പോൾ കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിശക്തമായ ഇടപെടലാണ് ഉണ്ടാകേണ്ടിയിരുന്നത്. ജനവിരുദ്ധമായ തീരുമാനം വരാതെ കാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ടായിരുന്നു.
തീരുമാനം വന്നശേഷം അതിന്റെ പിറകെ ഓടുകയാണ് സംസ്ഥാനസർക്കാർ. വരുന്നതിന് മുമ്പ് സൂക്ഷിക്കേണ്ട നിരീക്ഷണവും ജാഗ്രതയും സംസ്ഥാന സർക്കാറിന് നഷ്ടപ്പെട്ടു. പാരിസ്ഥിതികസംബന്ധമായി എല്ലാസമയത്തും സർക്കാറിന് ഈ ജാഗ്രതക്കുറവുണ്ട്. അതിന്റെ തുടർച്ചയാണ് ഈ വിധി. യു.ഡി.എഫിന്റെ ഭരണകാലത്ത് ഗാഡ്ഖിൽ റിപ്പോർട്ട് വന്നപ്പോൾ നിരീക്ഷണസംവിധാനവും കാബിനറ്റ് ഉപസമിതിയുമൊക്കെ ഉണ്ടായിരുന്നു. ഇന്ന് അതൊന്നുമില്ലെന്നും വാർത്തസമ്മേളനത്തിൽ ടി. സിദ്ദീഖ് പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റണം -ഐ.എൻ.എൽ
കൽപറ്റ: വനഭൂമിയിൽനിന്ന് ഒരു കി.മീ അകലം വരെ നിർബന്ധിത പരിസ്ഥിതിലോല മേഖലയാക്കണമെന്ന ഉത്തരവ് ജില്ലയിൽ സുൽത്താൻ ബത്തേരി ഉൾപ്പെടെയുള്ള പട്ടണങ്ങളെയും വനാതിർത്തിയോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്നും ഐ.എൻ.എൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പഞ്ചാര, കെ.എം. ബഷീർ, എം.ടി. ഇബ്രാഹീം, ഗഫൂർ മാനന്തവാടി, അബ്ദുൽകലാം കുന്നമ്പറ്റ, ടി. മമ്മൂട്ടി, നജീബ് ചന്തക്കുന്ന്, ഒ.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
'വിധി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'
പുൽപള്ളി: സുപ്രീംകോടതി വിധി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയും കൃഷിഭൂമിയിൽനിന്നും കിടപ്പാടത്തിൽനിന്നും ആട്ടിപ്പായിക്കുകയും ചെയ്യുന്ന കോടതിവിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനിർമാണം നടത്തണം. പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യണമെന്നും അബ്രഹാം ആവശ്യപ്പെട്ടു.
ബഫർസോൺ എതിർപ്പുമായി ബത്തേരി നഗരസഭ
സുൽത്താൻ ബത്തേരി: ബഫർസോൺ പ്രഖ്യാപനത്തിനെതിരെ സുൽത്താൻ ബത്തേരി നഗരസഭ. ഇതുസംബന്ധിച്ചുള്ള കേസിൽ കക്ഷിചേരാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. നഗരത്തിൽ നിർമാണ നിയന്ത്രണം വരുന്നത് വികസനമുരടിപ്പിന് ഇടയാക്കുമെന്ന് ഭരണസമിതി വിലയിരുത്തി.
'കാടൻനിയമങ്ങൾ പിൻവലിക്കണം'
സുൽത്താൻ ബത്തേരി: വനത്തിനോട് ചേർന്ന് ഒരു കിലോമീറ്റർ വായുദൂരത്തിൽ ബഫർസോണാക്കാനുള്ള ഉത്തരവ് കാടത്തമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സുൽത്താൻ ബത്തേരി യൂനിറ്റ് കുറ്റപ്പെടുത്തി. മനുഷ്യന്റെ ജീവനം സ്വത്തിനും സംരക്ഷണം നൽകുന്നതിന് പകരമുള്ള ഇത്തരം നിയമങ്ങൾ നിലനിൽപിന് ഭീഷണിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ ഇടപെടണം. പി.വൈ. മത്തായി, സെക്രട്ടറി പി. സംഷാദ്, ടി.ആർ. നാരായണൻ, വി.കെ. റഫീഖ്, ബോബൻ മാത്യു, നൗഷാദ് മിന്നാരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.