പരിസ്ഥിതിലോല മേഖല; ബത്തേരിയിൽ പ്രക്ഷോഭം കനക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: വനയോരത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമാക്കിയുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ സുൽത്താൻ ബത്തേരിയിൽ വരാൻപോകുന്നത് വലിയ സമരങ്ങൾ. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരത്തിനുള്ള ഒരുക്കത്തിലാണ്. മുസ്ലിം ലീഗ് ചൊവ്വാഴ്ച ഹർത്താൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുമുമ്പ് 12ന് എൽ.ഡി.എഫിന്‍റെ മനുഷ്യമതിലുണ്ട്.
പരിസ്ഥിതിലോല മേഖലയായാൽ സുൽത്താൽ ബത്തേരി നഗരത്തിൽ വികസനസ്തംഭനമുണ്ടാകുമെന്നുറപ്പാണ്. നഗരം മുഴുവനും ബഫർ സോണിൽ ഉൾപ്പെടുമെന്നാണ് ഏറ്റവും ഒടുവിലും പുറത്തുവരുന്ന വിവരം.
സുപ്രീംകോടതി വിധിയിൽ ജനാഭിപ്രായവും കേൾക്കാമെന്ന കച്ചിത്തുരുമ്പിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സുൽത്താൻ ബത്തേരി നഗരസഭ ബഫർ സോണിനെതിരെ പ്രമേയം പാസാക്കി. നൂൽപുഴ, നെന്മേനി പഞ്ചായത്തുകളും കടുത്ത പ്രതിഷേധത്തിലാണ്. നൂൽപുഴ പഞ്ചായത്തിന്‍റെ 90 ശതമാനവും പരിസ്ഥിതിലോലമാകുമെന്നാണ് പറയുന്നത്.
അതിനാൽ നൂൽപുഴയിൽ സർവകക്ഷി കർമസമിതി സമരങ്ങളുമായി രംഗത്തിറങ്ങും. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
യോഗത്തിൽ പ്രസിഡന്‍റ് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണിയൻ കുഞ്ഞിപ്പ, അബൂബക്കർ ബീനാച്ചി, നൗഫൽ കളരിക്കണ്ടി, റിയാസ് കൂടത്താൾ, ഇബ്രാഹിം തൈതൊടി എന്നിവർ പങ്കെടുത്തു. ബഫർ സോൺ സുപ്രീംകോടതി ഉത്തരവുകൾ പിൻവലിക്കണമെന്ന് സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. എ.പി. കുര്യാക്കോസ്, സക്കരിയ മണ്ണിൽ, കെ.എം. വർഗീസ്, ടിജി ചെറുതോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ബഫർ സോണിനെതിരെ മാനന്തവാടി നഗരസഭ പ്രമേയം
മാനന്തവാടി: സംരക്ഷിത വനമേഖലയോട് ചേർന്ന പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ മാനന്തവാടി നഗരസഭ വികസന സെമിനാർ പ്രമേയം പാസാക്കി. സണ്ണി ജോസ് ചാലിൽ പ്രമേയം അവതരിപ്പിച്ചു. ചെയർപേഴ്സൻ സി.കെ. രത്നവല്ലി നേതൃത്വം നൽകി. ഭരണ-പ്രതിപക്ഷ കക്ഷികൾ പ്രമേയത്തെ പിന്തുണച്ചു.
സർക്കാർ പുനഃപരിശോധന ഹരജി നൽകണം –സ്വതന്ത്ര കർഷക സംഘം
കൽപറ്റ: പരിസ്ഥിതിലോല മേഖല സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാറിന് സെൻട്രൽ എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാവുന്നതാണെന്ന സുപ്രീംകോടതി ഉത്തരവിലെ നിർദേശം സംസ്ഥാന സർക്കാർ പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. എം. അന്ത്രു ഹാജി ഉദ്ഘാടനം ചെയ്തു.
പൊരളോത്ത് അഹമ്മദ് ഹാജി, ഹംസ ഹാജി കല്ലിടുമ്പൻ, സി. മുഹമ്മദ്, ലത്തീഫ് അമ്പലവയൽ, ഖാലിദ് വേങ്ങൂർ, മുഹമ്മദ് കണ്ണോളി, ഉസ്മാൻ മേമന, അസീസ് കരേക്കാടൻ, അലവി വടക്കേതിൽ, മരക്കാർ മേപ്പാടി, അസൈനാർ കല്ലിടുമ്പൻ, നാസർ കേളോത്ത്, ഉസ്മാൻ പൊന്നൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി സി.കെ. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.
നെന്മേനിയിൽ 11ന് ബഹുജന കൺവെൻഷൻ
സുൽത്താൻ ബത്തേരി: ബഫർ സോൺ വിഷയത്തിൽ11ന് ഉച്ചക്ക് രണ്ടുമണിക്ക് ചീരാലിൽ ബഹുജന കൺവെൻഷൻ ചേരാൻ നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ത്രിതല പഞ്ചായത്ത് നേതൃത്വങ്ങളുടെയും ജില്ലയിലെ വിവിധ രാഷ്ട്രീയപാർട്ടി നേതൃത്വത്തിന്‍റെയും കീഴിൽ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തും.
പഞ്ചായത്തിന്‍റെ നാല് വാർഡുകളാണ് പത്ത് കിലോമീറ്റർ ദൂരത്തിൽ വനാതിർത്തി പങ്കിടുന്നത്. ഇതിൽ നമ്പിക്കൊല്ലി മുതൽ മുണ്ടക്കൊല്ലി വരെയും നമ്പ്യാർകുന്ന് പ്രദേശത്തും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമടങ്ങുന്ന ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു.
കര്‍ഷകരെ വഴിയാധാരമാക്കുന്ന വിധി തിരുത്തണം -കോൺഗ്രസ്
കല്‍പറ്റ: കേരളംപോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് സംരക്ഷിത വനഭൂമിയോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധി ആയിരക്കണക്കിന് കര്‍ഷകരെ വഴിയാധാരമാക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ കുറ്റകരമായ അനാസ്ഥമൂലമാണ് സുപ്രീംകോടതി ഇത്തരത്തില്‍ വിധി പ്രഖ്യാപിക്കാന്‍ ഇടവരുത്തിയതെന്നും ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ എൻ.ഡി. അപ്പച്ചന്‍. മദ്രാസ് സർക്കാറിന്‍റെ കാലത്ത് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി കര്‍ഷകരെ വനത്തിനുള്ളിലും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ഭൂമിനല്‍കി അധിവസിപ്പിച്ചിരുന്നു.
അവരെ ഉള്‍പ്പെടെ കുടിയിറക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സുപ്രീംകോടതി വിധി കേരളത്തില്‍ നടപ്പാക്കിയാല്‍ കേരളത്തിന്‍റെ സാമൂഹിക സന്തുലിതാവസ്ഥയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും തകിടം മറിയും.
കേരളത്തിന്‍റെ കൃഷിയോഗ്യമായ ഭൂമിയില്‍ നല്ലൊരു പങ്കും വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ബഫര്‍സോണിലാണെന്നത് പ്രശ്‌നത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കോടതിവിധി നടപ്പാക്കിയാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടതിയെ അടിയന്തരമായി ബോധ്യപ്പെടുത്തണം.
കോടതിയെ ബോധ്യപ്പെടുത്താന്‍ കാലതാമസം ഉണ്ടായാല്‍ പ്രത്യേക നിയമനിര്‍മാണം നടത്തി ശാശ്വത പരിഹാരം കാണണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ അപ്പച്ചന്‍ നിർദേശിച്ചു. കര്‍ഷകരെ കുടിയിറക്കുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണസമിതിക്ക് മൗനം; ആശങ്കയോടെ തിരുനെല്ലിക്കാർ
മാനന്തവാടി: സംരക്ഷിത വനമേഖലയുടെ ഒരു കി.മീ. ചുറ്റും സുപ്രീംകോടതി വിധിപ്രകാരം ബഫർ സോൺ യാഥാർഥ്യമാകുമെന്ന ആശങ്കയിൽ തിരുനെല്ലിക്കാർ.
പ്രശ്നത്തിന്‍റെ ഗൗരവം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മൗനം തുടരുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.
സുൽത്താൻ ബത്തേരി നഗരസഭ സർവകക്ഷി യോഗം ചേർന്ന് വിധിക്കെതിരെ പ്രമേയം പാസാക്കുകയും നൂൽപുഴ, നെന്മേനി ഗ്രാമപഞ്ചായത്തുകൾ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടും മാനന്തവാടി താലൂക്കിലെ ഒരു പഞ്ചായത്തിനെ മുഴുവനായി ബാധിക്കുന്ന വിഷയമായിട്ടും ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും പ്രധാന പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി.ജെ.പി.യും തികഞ്ഞ മൗനത്തിലാണ്.
തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളിലായി 201. 16 ചതുരശ്ര കി.മീ. ചുറ്റളവാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത്. 2001ലെ കാനേഷുമാരി കണക്കുപ്രകാരം 23529 ജനങ്ങളാണ് ഉള്ളത്. വയനാട് വന്യജീവിസങ്കേതത്തിലെ 4.3. ചതുരശ്ര കി.മീ. പ്രദേശമാണ് ബഫർ സോണിൽ ഉൾപ്പെടുക.
ഇതിൽ മൂന്നിൽ ഒന്ന് ഭാഗം തിരുനെല്ലി പഞ്ചായത്തിലാണ്. കാട്ടിക്കുളം, ബാവലി, തൃശ്ശിലേരി, തോൽപെട്ടി ടൗണുകളുടെ വികസനം നിലക്കുമെന്നാണ് ആശങ്ക. തിരുനെല്ലി ക്ഷേത്രവികസനവും അസാധ്യമായിത്തീരും.
നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അവതാളത്തിലാകും. രാത്രിയാത്ര അനുവദനീയമായ തോൽപ്പെട്ടി കുട്ട റോഡിന്‍റെ കാര്യത്തിലും നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഉത്തരവ് ബത്തേരി നഗരത്തെ ഇല്ലാതാക്കുമെന്ന് നഗരസഭ
സുൽത്താൻ ബത്തേരി: വനയോരത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമാക്കിയുള്ള സുപ്രീംകോടതി ഉത്തരവ് സുൽത്താൻ ബത്തേരി നഗരത്തെ ഇല്ലാതാക്കുമെന്ന് നഗരസഭ പ്രമേയം. പരിസ്ഥിതിലോലമെന്നത് ഭാവിയിൽ റിസർവ് വനമാകാൻ സാധ്യതയുണ്ട്. ബഫർ സോണിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും ജനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കും.
പ്രകൃതിയോട് ഇണങ്ങിജീവിക്കുന്നവരാണ് സുൽത്താൻ ബത്തേരിക്കാർ. ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി എന്നിവ ഇതിന് തെളിവാണ്. ഇതിനിടയിൽ അടിച്ചേൽപ്പിക്കുന്ന പ്രകൃതിസംരക്ഷണം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ ഇല്ലാതാക്കും. വനത്തെ അതേരീതിയിൽ നിലനിർത്തുമ്പോൾ ജനവാസ കേന്ദ്രത്തിലും മാറ്റമുണ്ടാക്കാൻ ശ്രമിക്കരുത്. ചെയർമാൻ ടി.കെ. രമേശാണ് പ്രമേയം അവതരിപ്പിച്ചത്. കെ. റഷീദ്, രാധ രവീന്ദ്രൻ എന്നിവർ പിന്താങ്ങി.
കേന്ദ്രസര്‍ക്കാര്‍ നിയമനിർമാണം നടത്തണം -എല്‍.ഡി.എഫ്
കൽപറ്റ: സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കീലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിമാണം നടത്തണമെന്ന് എല്‍.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള ജില്ലയാണ് വയനാട്. ജില്ലയുടെ 40 ശതമാനം വനമാണ്. വനത്തോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളാണ് ജില്ലയില്‍ ഏറെയും. ഈ വിധി വീട് ഉൾപ്പെടെയുള്ള ചെറു നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് വരെ തടസ്സമായി മാറും. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥ ജില്ലയിലുണ്ടാവും. ജില്ലയിലെ കൃഷി, ടൂറിസം, വ്യവസായം എന്നിങ്ങനെ എല്ലാ മേഖലയെയും സാരമായി ബാധിക്കുന്ന ഈ വിധിയില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റുവാനും അടിയന്തര നടപടികള്‍ സ്വീകരിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഈ ആവശ്യമുന്നയിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂൺ 12ന് സുൽത്താൻ ബത്തേരിയില്‍ മനുഷ്യമതിലും സമരപ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
സി.എം. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍, വിജയന്‍ ചെറുകര, കെ.ജെ. ദേവസ്യ, കെ.കെ. ഹംസ, സണ്ണി മാത്യു, കുര്യാക്കോസ് മുള്ളന്‍മട, രഞ്ജിത്ത്, മുഹമ്മദ് പഞ്ചാര, വി.വി. ബേബി, കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.