പരിസ്ഥിതിലോല മേഖല; ബത്തേരിയിൽ ഇനി സമരനാളുകൾ
text_fieldsസുൽത്താൻ ബത്തേരി: വനാതിർത്തിയിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് സുൽത്താൻ ബത്തേരിയിലെ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും ഉണർത്തിയിരിക്കുകയാണ്. ഏറ്റവുമാദ്യം സമരങ്ങൾ പ്രഖ്യാപിച്ച് ജനത്തോടൊപ്പം നിൽക്കാനാണ് സംഘടനകൾ മത്സരിക്കുന്നത്. ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ടാണ് ഇതിനുമുമ്പ് സംഘടനകൾ സജീവമായത്. അന്ന് വയനാട് കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സമരമാണ് സുൽത്താൻ ബത്തേരിയിൽ നടന്നത്. അത്തരമൊരു സമരത്തിനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ തള്ളിക്കളയാനാവില്ല.
രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വ്യാപാരി സംഘടനകളും കർഷക കൂട്ടായ്മകളും സമരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭ, നൂൽപുഴ, നെന്മേനി പഞ്ചായത്തുകൾ സർവകക്ഷി യോഗം വിളിച്ചപ്പോൾ വലിയ ജനപങ്കാളിത്തമുണ്ടായി. ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന ആശങ്കയാണ് സമര ആഹ്വാനവുമായി രംഗത്തിറങ്ങിയവർക്കുള്ളത്.
ഇടതു-വലതു മുന്നണികൾ പരമ്പരാഗത സമരമുറകളാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച ഗാന്ധിയൻ മാർഗത്തിൽ ഉപവാസസമരം യു.ഡി.എഫ് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടത്തും. തൊട്ടടുത്ത ദിവസം എൽ.ഡി.എഫ് നഗരത്തിൽ മനുഷ്യമതിൽ തീർക്കും. എന്നാൽ, മുസ്ലിംലീഗ് അൽപം കൂടി കടന്ന് ചൊവ്വാഴ്ച മുനിസിപ്പാലിറ്റി ഏരിയയിൽ ഹർത്താൽ നടത്താൻ തീരുമാനിച്ചത് മറ്റു രാഷ്ട്രീയ സംഘടനകളുടെ നെറ്റിചുളിപ്പിച്ചു. പ്രധാന ഘടകകക്ഷിയായ കോൺഗ്രസ് നേതാക്കൾ പോലും ഹർത്താൽ പ്രഖ്യാപനത്തിന് ശേഷമാണ് അറിഞ്ഞത്. സ്വതന്ത്ര രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് മുസ്ലിംലീഗ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും വേണ്ടിവന്നാൽ ജില്ല ഹർത്താലിനെക്കുറിച്ച് ആലോചിക്കുമെന്നുമാണ് ഇതേക്കുറിച്ച് യു.ഡി.എഫ് നേതാക്കൾ ബുധനാഴ്ച പ്രതികരിച്ചത്.
ഉത്തരവ് ജനത്തെ വഴിയാധാരമാക്കുന്നത് -മർച്ചൻറ് അസോസിയേഷൻ
സുൽത്താൻ ബത്തേരി: സുപ്രീം കോടതി ഉത്തരവ് ജനത്തെ വഴിയാധാരമാക്കുന്നതാണെന്ന് സുൽത്താൻ ബത്തേരി മർച്ചന്റ് അസോസിയേഷൻ കുറ്റപ്പെടുത്തി. വനം സംരക്ഷിക്കുന്നതോടൊപ്പം പൊതുജനങ്ങളുടെ താൽപര്യവും സംരക്ഷിക്കേണ്ടതുണ്ട്. ഉത്തരവ് നടപ്പാക്കേണ്ടിവന്നാൽ വയനാട് ജില്ലയുടെ സമ്പൂർണ തകർച്ചക്ക് കാരണമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. സി. അബ്ദുൽ ഖാദർ, കെ.പി. അനിൽകുമാർ, യു.പി. ശ്രീജിത്ത്, റസാക്ക് വയനാട്, മാത്യു എടക്കാട്ട്, എം.പി. ഹംസ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സർക്കാർ ജാഗ്രതയോടെ ഇടപെടണം -ഏകോപന സമിതി
കൽപറ്റ: ജില്ലയിലെ സുൽത്താൻ ബത്തേരി, നൂൽപുഴ, നെൻമേനി, പൂതാടി, തിരുനെല്ലി, പൊഴുതന, തരിയോട്, വൈത്തിരി തുടങ്ങിയ പ്രദേശങ്ങൾ ബഫർസോൺ പരിധിയിൽ വരുന്നത് ഒഴിവാക്കൻ സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷിത മേഖലയിൽ മേൽ പ്രദേശങ്ങൾ ഉൾപ്പെട്ടാൽ മനുഷ്യരുടെ ജീവനോപാധികൾ മുഴുവൻ നിലച്ച് പ്രദേശങ്ങളുടെ വികസനം മുരടിക്കും. കോടതിവിധി നടപ്പായാൽ സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഗാരേജ് തുടങ്ങിയവയുടെ പുരോഗതിയും തടസ്സപ്പെടും.
യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ജില്ല ട്രഷറർ ഇ. ഹൈദ്രു, കെ. ഉസ്മാൻ, കെ. കുഞ്ഞിരായി ഹാജി, കെ.ടി. ഇസ്മായിൽ, നൗഷാദ് കാക്കവയൽ, ജോജിൻ ടി ജോയ്, ഡോ. മാത്യു തോമസ്, കമ്പ അബ്ദുല്ല ഹാജി, പി.വി. മഹേഷ്, കെ.കെ. അമ്മദ്, എം.വി. സുരേന്ദ്രൻ, രവീന്ദ്രൻ കമ്പളക്കാട്, പി.വൈ. മത്തായി, സന്തോഷ് കുമാർ, ഉണ്ണി കാമിയോ എന്നിവർ സംസാരിച്ചു.
വിധി കേന്ദ്ര-സംസ്ഥാന ഒത്തുകളി കാരണം -കർഷക പ്രതിരോധ സമിതി
സുൽത്താൻ ബത്തേരി: സുപ്രീംകോടതി വിധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒത്തുകളിയാണെന്ന് ജില്ല കർഷക പ്രതിരോധ സമിതി ആരോപിച്ചു. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് വിധി. കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് മുടക്കി അതിസൂക്ഷ്മതയോടെ ചില കേസുകൾ നടത്തുന്ന സംസ്ഥാന സർക്കാർ ഈ വ്യവഹാരത്തോട് കാണിച്ച ഉദാസീനതയും ഇരട്ടത്താപ്പും ജനങ്ങളോടുള്ള കരുതലില്ലായ്മയുടെ തെളിവാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുതലക്കണ്ണീരിൽ വീഴാതെ, ഇപ്പോഴുണ്ടായ വിധിക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ കൂട്ടായി തെരുവിലിറങ്ങണമെന്ന് സമിതി അഭ്യർഥിച്ചു.
യോഗത്തിൽ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. കാദിരി അബ്ദുൾ റഹ്മാൻ, ഡോ. വി. സത്യാനന്ദൻ നായർ, പ്രേംരാജ് ചെറുകര, വി.കെ. ഹംസ മാസ്റ്റർ, വി.കെ. സദാനന്ദൻ, അഡ്വ. ടി.ജെ. ഡിക്സൺ, ദേവസ്യ പുറ്റനാൽ, കെ.ജെ. മാത്യു, വേലായുധൻ പുതിയോടി, കെ.എസ്. ജയപ്രകാശ്, പി.കെ. ഭഗത് എന്നിവർ സംസാരിച്ചു.
പഞ്ചായത്തുകൾ കോടതിയിൽ കക്ഷിചേരണം -കിസാൻ സഭ
കൽപറ്റ: ജില്ലയിലെ കർഷകരെ കുടിയിറക്കുന്ന ബഫർ സോൺ വിഷയത്തിൽ ഗ്രാമ പഞ്ചായത്തുകൾ ഗ്രാമസഭ വിളിച്ചുചേർത്ത് പ്രമേയം പാസാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാൻ തയാറാകണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തുകൾക്കുവേണ്ടി ഗ്രാമപഞ്ചായത്ത് അസോസിയേഷനും സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തയാറാകണം. ജില്ല പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അമ്പി ചിറയൽ, വി.കെ. ശശിധരൻ, വി. ദിനേശ്കുമാർ, കെ.എം. ബാബു, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
ബഫർസോണ്‍: സര്‍ക്കാര്‍ ഇടപെടണം -കെ.ആര്.എഫ്.എ
കൽപറ്റ: ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും സാരമായി ബാധിക്കുന്ന ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരള-കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള റീട്ടെയില്‍ ഫുട്വെയര് അസോസിയേഷന് (കെ.ആര്.എഫ്.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ സമര പരിപാടികള്‍ക്കും സംഘടന പൂർണ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ.കെ. നിസാർ, ഉപദേശക സമിതി അംഗങ്ങളായ കെ. മുഹമ്മദ് ആസിഫ്, യു.വി. മഹബൂബ്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, ഷിറാസ് ബത്തേരി, ബഷീർ കാട്ടിക്കുളം, ഉമ്മർ, അനസ് ബത്തേരി, സുരേഷ് കേണിച്ചിറ, റിയാസ്, അബൂബക്കർ മീനങ്ങാടി, ഇല്യാസ്, ലത്തീഫ് മേപ്പാടി, ഷമീർ അമ്പലവയൽ, സുധീഷ് പടിഞ്ഞാറത്തറ, ഷൗക്കത്തലി മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് സി.പി.എം പ്രതിഷേധ സംഗമം
സുൽത്താൻ ബത്തേരി: സുപ്രീംകോടതി ഉത്തരവിനെതിരെ വ്യാഴാഴ്ച സി.പി.എം സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് ചീരാൽ റോഡിൽ നിന്നും പ്രതിഷേധ റാലി ആരംഭിക്കും. അസംപ്ഷൻ ആശുപത്രി പരിസരത്താണ് പ്രതിഷേധ സംഗമം. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും.
12ന് വൈകീട്ട് മൂന്നിന് ചുങ്കം മുതൽ മാനിക്കുനി കോടതി പരിസരം വരെ എൽ.ഡി.എഫ് നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നുണ്ട്. സി.പി.എം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി സെക്രട്ടറി പി.ആർ. ജയപ്രകാശ്, ടി.കെ. രമേശ്, സി. ശിവശങ്കരൻ, കെ.സി. യോഹന്നാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ശനിയാഴ്ച യു.ഡി.എഫ് ഉപവാസസമരം
സുൽത്താൻ ബത്തേരി: സുപ്രീം കോടതി വിധിക്കെതിരെ ശനിയാഴ്ച യു.ഡി.എഫ് സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മിറ്റിയുടെ ഉപവാസ സമരം ജൂൺ 14ന്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ സ്വതന്ത്ര മൈതാനിയിലാണ് നേതാക്കൾ ഉപവാസമിരിക്കുക. അഞ്ചുമണിക്ക് സ്വതന്ത്ര മൈതാനിയിൽനിന്നും ആരംഭിച്ച് നഗരം ചുറ്റി സ്വതന്ത്ര മൈതാനിയിൽ സമാപിക്കുന്ന ബഹുജന പ്രതിഷേധ റാലിയുമുണ്ട്. തുടർന്ന് നടക്കുന്ന സമാപന പൊതുസമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട്, മുസ്ലിംലീഗ് നേതാവ് പി.പി. അയ്യൂബ്, ബാബു പഴുപ്പത്തൂർ, കണ്ണിയൻ അഹമ്മദ് കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.