ഗൂഡല്ലൂരിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsഗൂഡല്ലൂർ: തമിഴ്നാട്ടിലെ കോർപറേഷൻ മുനിസിപ്പാലിറ്റി ടൗൺ പഞ്ചായത്തുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ഏഴിനു ആരംഭിച്ചു. വൈകീട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാല് നഗരസഭകളുടെ 108 വാർഡിലേക്കും അധികാരട്ടി, ബിക്കട്ടി, ദേവർഷോല, ജഗദള, ഹുളിക്കൽ, കേത്തി, കോത്തഗിരി, കീഴ്കുന്ത, നടുവട്ടം, ഓവാലി, സോളൂർ എന്നീ 11 ടൗൺ പഞ്ചായത്തുകളിലെ 186 വാർഡുകളിലേക്കുമാണ് നീലഗിരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. 294 വാർഡുകളിൽ അധികരട്ടി, ബിക്കട്ടി, കേത്തി എന്നീ പഞ്ചായത്തുകളിൽ മൂന്നു സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 291 വാർഡിലേക്കാണ് വോട്ടെടുപ്പ്. 1253 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ജില്ലയിൽ 1,55,380 പുരുഷന്മാരും 1,67,723 സ്ത്രീകളും എട്ട് ഇതര വിഭാഗക്കാരുമാണ് വോട്ടർമാരായിട്ടുള്ളത്.
വോട്ടെടുപ്പിന്റെ ഭാഗമായി ഇന്നലെ തന്നെ ബന്ധപ്പെട്ട നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കീഴിലെ വാർഡുകളിലേക്ക് വോട്ടുയന്ത്രങ്ങളും സാമഗ്രികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പൊലീസ് സുരക്ഷയോടെയുള്ള വാഹനങ്ങളിൽ എത്തിച്ചു. ജില്ലയിൽ 55 പ്രശ്നബാധിത ബൂത്തുകൾ ആണ് ഉള്ളത്. ഇവിടേക്ക് കൂടുതൽ പൊലീസിനെയും മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചതായി തെരഞ്ഞെടുപ്പ് നിരീക്ഷകൻ ക്ലാൻ സ്റ്റോൺ പുഷ്പരാജ് അറിയിച്ചു.
406 പോളിങ് ബൂത്തുകളും 13 കൗണ്ടിങ് സെൻററുകളുമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നതിനു വേണ്ടിയുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 45 ഫ്ലയിങ് സ്ക്വാഡ് സജീവമാണ്. ഭിന്നശേഷിക്കാർക്കും വയോധികരെ സഹായിക്കാനും 135 വീൽചെയറുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനു സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ സഹായികളായി ഉണ്ടാവും. ഇന്നലെ വരെ നടത്തിയ വാഹന പരിശോധനയിൽ 49,93,260 ലക്ഷം രൂപ രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ചത്തെ പോളിങ് ശേഷമുള്ള ബാലറ്റ് പെട്ടികൾ സുരക്ഷിതമായി ബന്ധപ്പെട്ട കൗണ്ടിങ് സെൻററുകളിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. വോട്ടെണ്ണൽ ഫെബ്രുവരി 22ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.