കാട്ടാനകൾ നാട്ടിൽ; നാട്ടുകാർക്ക് രക്ഷയില്ല
text_fieldsസുൽത്താൻ ബത്തേരി: മനുഷ്യ ജീവന് ഭീഷണിയായി കാട്ടാനകൾ നാട്ടിലിറങ്ങുമ്പോൾ പരിഹാരമുണ്ടാക്കാൻ കഴിയാതെ സർക്കാർ. നൂൽപുഴയിൽ ആദിവാസി വൃദ്ധനെ കാട്ടാന കൊലപ്പെടുത്തിയതോടെ കാട്ടാനപ്പേടി നാട്ടിൽ വർധിച്ചു. കഴിഞ്ഞയാഴ്ച നടവയൽ നെയ്കുപ്പയിൽ കാട്ടാന വീട്ടമ്മയെ വകവരുത്തി.
നൂൽപുഴ സ്വദേശി ചെലവൻ മകളുടെ വീട്ടിലേക്ക് വന മേഖലയിലൂടെ നടന്നുപോകുമ്പോഴാണ് ആനയുടെ മുന്നിൽപെട്ടത്. നടവയലിലെ വീട്ടമ്മ നെയ്കുപ്പ വെള്ളിലാട്ട് ഗംഗാദേവി വിറക് ശേഖരിക്കാൻ പോയതായിരുന്നു. നാട്ടുകാർ സംഘടിച്ച് പ്രതിഷേധം ഉയർത്തിയതോടെ ഗംഗാദേവിയുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ വനം വകുപ്പ് സമ്മതിച്ചു. അഞ്ച് ലക്ഷം നൽകുകയും ചെയ്തു.
നൂൽപുഴ പഞ്ചായത്തിൽപെട്ട മുത്തങ്ങ വനം പൂതാടി, പനമരം പഞ്ചായത്ത് പരിധികളിലേക്ക് നീളുന്നുണ്ട്. അവിടത്തെ വന മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രതിരോധ കിടങ്ങ്, വൈദ്യുതി വേലി എന്നിവയൊക്കെയാണ് അവിടെയുള്ളത്. ഒന്നും ഫലം ചെയ്യുന്നില്ല. അതിനാൽ കാട്ടാന ആക്രമണം ഇനിയും തുടരുമെന്ന നിലയിലാണ്.
റെയിൽ പാതകൊണ്ട് വേലിയും കരിങ്കൽ മതിലും കാട്ടാനയെ തുരത്താൻ ഏറക്കുറെ ഫലപ്രദമാണെന്നാണ് വന മേഖലയിലെ നാട്ടുകാരുടെ അഭിപ്രായം. അത്തരം നിർമാണം പാപ്ലശ്ശേരി, വാകേരി ഭാഗങ്ങളിലുണ്ട്. അതില്ലാത്ത ഭാഗത്തു കൂടെയാണ് കാട്ടാന ഇപ്പോൾ ഇറങ്ങുന്നത്.
നൂൽപുഴ പഞ്ചായത്തിലെ വനയോരത്തും കാര്യമായ രീതിയിൽ പ്രതിരോധ സംവിധാനങ്ങൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനശല്യം ജനജീവിതത്തിന് കടുത്ത വെല്ലുവിളിയായിട്ടും സർക്കാറും വനം വകുപ്പും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.