ആന, കടുവ, കാട്ടുപന്നി; ബത്തേരിയിൽ ജനജീവിതം ദുസ്സഹമാകുന്നു
text_fieldsസുൽത്താൻ ബത്തേരി: വനയോര മേഖലയായ ബത്തേരിയിൽ കാട്ടുമൃഗങ്ങളുടെ ഇടപെടൽ ജനജീവിതം ദുസ്സഹമാക്കുന്നു. ചെതലയം, മുത്തങ്ങ വനങ്ങളാണ് മേഖലയിൽ വന്യമൃഗങ്ങൾ എത്താൻ കാരണം. ബത്തേരി പൂമല കരടിമൂലയിൽ തിങ്കളാഴ്ച വെളുപ്പിന് കടുവ വീണ്ടും എത്തി ആടുകളെ ആക്രമിച്ചത് കടുവ കാര്യത്തിൽ വനം വകുപ്പിന്റെ നിസ്സഹായത വെളിവാക്കുന്നു.
പതിവ് തുടരുമ്പോൾ പരാതി പറഞ്ഞു മടുത്ത ജനം ഇപ്പോൾ സമരങ്ങൾക്കും കാര്യമായി മെനക്കെടുന്നില്ല. അടിയന്തരമായി പ്രദേശത്തിറങ്ങിയ കടുവയെ പിടികൂടാനായില്ലെങ്കിൽ വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നുറപ്പാണ്. കഴിഞ്ഞ ഡിസംബർ പകുതി മുതലാണ് കരടിമൂല മേഖലയിൽ കടുവയുടെ ആക്രണം തുടങ്ങിയത്.
കരടിമൂല പ്രദേശത്ത് കടുവയെ നിരീക്ഷിക്കുന്നതിന് കാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞദിവസം ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്. പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ ആറ് ആടുകളെ രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചു. പ്രദേശത്ത് രണ്ടാഴ്ചക്കുള്ളില്‍ നാല് ആടുകള്‍ ചാവുകയും നാല് വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ കുടവയുടെ ദൃശ്യങ്ങള്‍ ലഭിച്ചതിനുശേഷമായിരിക്കും കൂടുവെക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.
പൂതിക്കാട്, ചെട്ടിമൂല പ്രദേശങ്ങളിലായി രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമണത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചാവുകയും, നാലെണ്ണത്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ കടുവശല്യം രൂക്ഷമായതോടെ പറമ്പുകളില്‍ ജോലിക്കുപോലും ആളെ ലഭിക്കുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.
പി. എം. രണ്ട് അരസിരാജ എന്ന ആനയെ തിങ്കളാഴ്ചയാണ് വനം വകുപ്പ് കുപ്പാടിയിൽ നിന്നും പിടികൂടിയത്. ബീനാച്ചി, കട്ടയാട്, മുള്ളൻകുന്ന്, ഗ്യാരേജ്, ഒന്നാം മൈൽ, കുപ്പാടി, നൂൽപ്പുഴ പഞ്ചായത്തിൽപ്പെട്ട വടക്കനാട്, കല്ലൂർ എന്നിവിടങ്ങളിലൊക്കെ കാട്ടാനകൾ സ്ഥിരം സാന്നിധ്യമാണ്.
ഏതാനും ദിവസത്തെ കടുവ ആക്രമണങ്ങൾ ആന 'ഓപറേഷനിൽ ' കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. ആന, കടുവ എന്നിവ എത്തുന്നിടത്തൊക്കെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. കാട്ടുപന്നികൾ വരുത്തുന്ന കൃഷി നാശവും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളും നാട്ടുനടപ്പ് രൂപത്തിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.