ബത്തേരിയിലെ തോൽവി; ജാനുവിനെ വിട്ടൊഴിയാതെ വിവാദങ്ങൾ
text_fieldsസുൽത്താൻ ബത്തേരി: മണ്ഡലത്തിലെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനുവിനെ വിട്ടൊഴിയാതെ വിവാദങ്ങൾ. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് അവരെ കൂടുതൽ വലക്കുന്നത്. പാർട്ടിയിൽനിന്നു ജാനുവിനെ സസ്പെൻഡ് ചെയ്ത സംസ്ഥാന നേതാക്കളുടെ നടപടി വരും ദിവസങ്ങളിൽ കൂടുതുൽ രാഷട്രീയ വിവാദങ്ങൾക്കിടയാക്കും.
ജാനു ബി.ജെ.പി നേതാക്കളുമായി ചേർന്ന് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ജെ.ആർ.പി നേതാക്കളുടെ ആരോപണം. ഇക്കാര്യം ജാനുവും ബി.ജെ.പി നേതാക്കളും നിഷേധിച്ചു. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിൽ പറയാതെ പുറത്ത് വിളിച്ചു പറയുന്ന ചില ജെ.ആർ.പി നേതാക്കളുടെ നടപടി ശരിയല്ലെന്നാണ് ജാനുവിെൻറ നിലപാട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഒരു അവലോകന യോഗം പോലും ജെ.ആർ.പിയിൽ നടന്നിട്ടില്ല. ഇത് പാർട്ടിയിലെ ഉൾപ്പോര് കൂടുതൽ ശക്തമാക്കിയതായി വേണം കരുതാൻ.
ജെ.ആർ.പിയിലെ കലഹത്തിനിടയിൽ, പഴയ മുത്തങ്ങ സമരത്തിൽ ജാനുവിനോടൊപ്പം നിന്ന ചിലർ അവർക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, വിവാദങ്ങൾ അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
സുൽത്താൻ ബത്തേരിയിലെ വോട്ടിൽ കാര്യമായ കുറവുണ്ടായത് എങ്ങനെയെന്ന് ഇഴകീറി പരിശോധിക്കാൻ ബി.ജെ.പി തയാറായിട്ടില്ല. തൽക്കാലം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക എന്ന രീതിയാണ് ബി.ജെ.പി സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.