വയനാട്ടിൽ വീണ്ടും കടുവ ആക്രമണ ഭീതി; പരപ്പനങ്ങാടിയിൽ യുവാവിനുനേരെ ചീറിയടുത്തു
text_fieldsസുൽത്താൻ ബത്തേരി: തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരിയിൽ തോമസ് എന്ന കർഷകനെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തിന്‍റെ അലയൊലികൾ അടങ്ങുംമുമ്പെ ജില്ലയിൽ വീണ്ടും കടുവ ആക്രമണ ഭീതി. പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരി പരപ്പനങ്ങാടിയിൽ താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവിനുനേരെ കടുവ പാഞ്ഞടുത്തു.
ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പാമ്പ്ര സമരഭൂമിയിലെ മരിയനാട് ഭാഗത്ത് കുടിൽകെട്ടി താമസിക്കുന്ന ബിനുവിനെയാണ് പരപ്പനങ്ങാടിയിൽ കടുവ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമിക്കാൻ ചാടിയടുത്ത കടുവയിൽനിന്ന് ജീവൻപണയം വെച്ച് മരത്തിൽ കയറുകയായിരുന്നു ബിനു.
മരത്തിൽ കയറാൻ കഴിഞ്ഞതിനാലാണ് ബിനു രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വണ്ണം കുറഞ്ഞ സിൽവറോക്ക് മരമായതിനാൽ കടുവക്ക് കയറാനായില്ല. എന്നാൽ മരത്തിന് ചുറ്റും കുറച്ചു നേരം മുരണ്ടു കൊണ്ട് നടന്നു. വെപ്രാളത്തിൽ മരത്തിൽ കയറുന്നതിനിടെ ബിനുവിന്‍റെ കൈക്കും മറ്റും മരത്തിലുരഞ്ഞ് പരിക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സ തേടി.
ഐ.സി. ബാലകൃ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വനപാലകരുമായി ചർച്ച നടത്തി. തുടർന്ന് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. അടുത്ത ദിവസം കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാപ്ലശേരി, മോസ്കോക്കുന്ന്, വളാഞ്ചേരി, പരപ്പനങ്ങാടി പ്രദേശങ്ങളിൽ ഒരു മാസം മുമ്പ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് തയാറായില്ല. ഒരു മാസം മുമ്പ് തിരച്ചിൽ നടത്തിയിരുന്നതാണ്.
പാമ്പ്ര എസ്റ്റേറ്റ് ചെതലയം കാടിനോട് ചേർന്നു കിടക്കുന്നതാണ്. ഇടക്കിടെ ഇവിടെ കടുവ എത്താൻ കാരണവും ചെതലയം കാടിന്‍റെ സാന്നിധ്യമാണ്. കാട്ടുപന്നി, മാൻ, കാട്ടാട് എന്നിവയൊക്കെ പാമ്പ്രയിൽ ധാരാളമുണ്ട്. അരുവികൾ, കുളം എന്നിവയും കടുവകളെ ആകർഷിക്കും. എസ്റ്റേറ്റിന്‍റെ ഒരു ഭാഗത്ത് ആദിവാസികളുടെ കുടിൽ കെട്ടി സമരം നടക്കുന്നതിനാൽ കടുവ സാന്നിധ്യത്തിന് പ്രാധാന്യമേറുകയാണ്. മനുഷ്യ ജീവന് അപകടമുണ്ടാകാതിരിക്കാൻ സർക്കാറിന്‍റെ അടിയന്തര നടപടികളാണ് ഇവിടെ ആവശ്യം.
പൊൻമുടിക്കോട്ടയിൽ പുലി വളർത്തുനായെ കൊന്നു
അമ്പലവയൽ: പൊൻമുടിക്കോട്ടയിൽ പുലി വളർത്തുനായയെ കൊന്നു. പൊൻമുടിക്കോട്ട കുറ്റിക്കാടൻ റെജിയുടെ വളർത്തു നായെ ആണ് പുലി ആക്രമിച്ച് കൊന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഓടി മറഞ്ഞു. പരിസരത്ത് കണ്ട കാൽപാടുകൾ പുലിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആഴ്ചകളായി പ്രദേശത്ത് കടുവ ഭീതി നിലനിൽക്കുകയാണ്.
കടുവയെ പിടികൂടുന്നതിനായി പൊൻമുടികോട്ടയിൽ കൂടും എട്ടു നിരീക്ഷണ കാമറകളും നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. കടുവ ഭീതിക്കിടെയാണ് പ്രദേശത്ത് പുലിയുടെ ആക്രമണം കൂടി ഉണ്ടായത്. ഇതോടെ പ്രദേശവാസികളുടെ ഭീതി ഏറി. കടുവയെ നിരീക്ഷിക്കുന്നതിനായി കുറച്ചു ദിവസങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെയും പുലിയുടെയും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.