അരിവയലിൽ വീണ്ടും കടുവ ഭീതി; പശുക്കിടാവിനെ ആക്രമിച്ചു
text_fieldsസുൽത്താൻ ബത്തേരി: അരിവയൽ പ്രദേശത്ത് ഭീതിപരത്തി വീണ്ടും കടുവയുടെ ആക്രമണം. നമ്പീശൻകവല ഇളവനപുറത്ത് ഇ.ജെ. ശിവദാസെൻറ പശുക്കിടാവിനെ ഞായറാഴ്ച രാത്രി പത്തോടെ കടുവ ആക്രമിച്ചു.ഗുരുതര പരിക്കേറ്റ പശുക്കിടാവിന് ഉടൻ പ്രാഥമിക ചികിത്സ നൽകിയതിനാൽ ജീവൻ നിലനിർത്താനായി.
തിങ്കളാഴ്ച രാവിലെ പുല്ലരിയാൻ പോയവരും കടുവയെ കണ്ട് ഭയന്നോടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മധ്യപ്രദേശ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നുള്ള പ്രദേശങ്ങളാണ് അരിവയൽ, സീസി, നമ്പീശൻ കവല ഭാഗങ്ങൾ. ഇവിടങ്ങളിൽ കടുവ സാന്നിധ്യം പതിവായി. അരിവയലിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ വാകേരിയിൽ ഒരു മാസം മുമ്പുവരെ കടുവ സ്ഥിരമായി എത്തുമായിരുന്നു. നാട്ടുകാർ സംഘടിച്ച് ആക്ഷേപമുന്നയിച്ചതോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചു. തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് വാകേരിയിൽനിന്ന് കടുവ കൂട്ടിൽ കുടുങ്ങി. ഈ കടുവയെ മുത്തങ്ങക്ക് 10 കിലോമീറ്റർ മാറി ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിട്ടു.ഒമ്പത് വയസ്സുള്ള പെൺകടുവയായിരുന്നു അന്ന് കൂട്ടിൽ കുടുങ്ങിയത്.
ആ കടുവ തന്നെയാണോ വീണ്ടും എത്തിയത് എന്ന് അരിവയൽ മേഖലയിലെ നാട്ടുകാർ സംശയമുന്നയിക്കുന്നുണ്ട്. വാകേരിയിൽ കടുവ കൂട്ടിൽ കുടുങ്ങിയതിന് ശേഷം ഇതുവരെ അരിവയൽ, നമ്പീശൻ കവല, സീസി ഭാഗങ്ങളിൽ കടുവ സാന്നിധ്യമുണ്ടായിരുന്നില്ല. കടുവ പിടിയിലായാൽ മൃഗശാലയിലേക്ക് മാറ്റുകയാണ് പതിവ്.
മുകളിൽനിന്ന് ഉത്തരവ് ലഭിക്കാത്തതിനാലാണ് അന്ന് കാട്ടിൽ തുറന്നുവിട്ടതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.