മരത്തിൽ കയറി കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
text_fieldsസുൽത്താൻ ബത്തേരി: മരത്തിൽ കയറിയശേഷം അവശനിലയിലായി ഇറങ്ങാൻ കഴിയാതിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന. കല്ലൂരിലും പാപ്ലശ്ശേരിയിലുമായി നടന്ന സംഭവങ്ങളിലാണ് അഗ്നിരക്ഷാസേന രക്ഷകരായെത്തിയത്.
പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരി അഴിക്കോട് നഗറിൽ 25 അടിയോളം ഉയരമുള്ള പ്ലാവിൽ കുടുങ്ങി അവശനിലയിലായ നാടിക്കുന്നേൽ മനോജിനെയും (46) നൂൽപുഴ പഞ്ചായത്തിലെ കല്ലൂർ ചുണ്ടക്കരയിൽ 40 അടി ഉയരമുള്ള പ്ലാവിൽ കുടുങ്ങി അവശ നിലയിലായ ബേബി (40), ഷൈജു (38) എന്നിവരെയുമാണ് സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവങ്ങൾ.
അഴിക്കോടൻ നഗറിലെ മനോജ് വീട്ടുവളപ്പിലെ പ്ലാവിൽ കയറിയതായിരുന്നു. വെറ്റില മുറുക്കിയതിനുശേഷം പ്ലാവിൽ കയറിയ മനോജിന് മുകളിലെത്തിയപ്പോൾ തലകറങ്ങി. വീട്ടുകാർ വിവരമറിയിച്ചതോടെ അഗ്നിരക്ഷാസേന എത്തി നിലത്തിറക്കുകയായിരുന്നു. പുൽപള്ളിയിൽ ചുമട്ടുതൊഴിലാളിയാണ് മനോജ്.
കല്ലൂരിലെ ബേബി ഇല വെട്ടാൻ കയറിയതാണ്. ഇറങ്ങാൻ കഴിയാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്ന ഷൈജു മരത്തിൽ കയറി ബേബിയെ താങ്ങിപ്പിടിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ സാഹസികമായാണ് അപകടം കൂടാതെ ഇവരെ നിലത്തിറക്കിയത്.
സുൽത്താൻ ബത്തേരി അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, എൻ. ബാലകൃഷ്ണൻ, എൻ.വി. ഷാജി, ജിജുമോൻ, കെ.എസ്. മോഹനൻ, എൻ.എസ്. അനൂപ്, സജീവൻ, ധനീഷ് കുമാർ, വിനീത്, അഖിൽരാജ്, അജിൽ, ബേസിൽ, അനുറാം, രഞ്ജിത് ലാൽ, കെ.സി. പൗലോസ്, ഫിലിപ്പ് എബ്രഹാം, സുജേയ് ശങ്കർ, കീർത്തിക് കുമാർ, പി.കെ. ശശീന്ദ്രൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.