ഫയർലാൻഡ് പട്ടയപ്രശ്നം: പട്ടയാവകാശ സംരക്ഷണ സമിതി കുടിൽകെട്ടി സമരത്തിന്
text_fieldsസുൽത്താൻ ബത്തേരി: ഫയർലാൻഡ്, സീക്കുന്ന് പ്രദേശങ്ങളിൽ സർക്കാർ ഉത്തരവുണ്ടായിട്ടും കുടുംബങ്ങൾക്ക് പട്ടയം നൽകാത്തതിനെതിരെ സിവിൽ സ്റ്റേഷന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് ഫയർലാൻഡ് പട്ടയാവകാശ സംരക്ഷണ സമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരുടെ ലാഭക്കൊതിയാണ് പട്ടയം നൽകാതിരിക്കാൻ കാരണം. സർക്കാർ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ചില ജീവനക്കാരുടെ നീക്കങ്ങൾ.
ഫയർലാൻഡിൽ 205 കുടുംബങ്ങളും സീക്കുന്നിൽ 55 കുടുംബങ്ങളുമാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ വീടുവെച്ച് താമസിക്കുന്നവരാണ് എല്ലാവരും. 2010ൽ ഇവിടത്തെ 43 കുടുംബങ്ങൾക്ക് പട്ടയം കൊടുത്തിരുന്നു.
അന്നില്ലാത്ത തടസ്സവാദങ്ങളാണ് ഇപ്പോൾ ചിലർ പറയുന്നത്. പട്ടയമില്ലാത്തതിനാൽ സർക്കാറുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യങ്ങളും കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. ഏഴു പാവപ്പെട്ട കുടുംബങ്ങൾക്ക് പി.എം.എ.വൈ പദ്ധതിയിൽ അടുത്തിടെ പാസായ അനുകൂല്യം പട്ടയമില്ലാത്തതിനാൽ ലാപ്സായി. വിദ്യാഭ്യാസം, വിവാഹം എന്നിവക്കുള്ള ബാങ്ക് വായ്പകൾ നിരവധി കുടുംബങ്ങൾക്ക് ആവശ്യമുണ്ട്. പട്ടയമില്ലാത്തതിനാൽ ബാങ്കുകൾ കൈമലർത്തുന്നു.
ജില്ല കലക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പട്ടയ സംരക്ഷണ സമിതി ചെയർമാൻ പി. പ്രഭാകരൻ നായർ, കൺവീനർ നൗഫൽ കളരിക്കണ്ടി, അസ്കർ, ഷെമീർ ബാബു, മാടക്കര അഷ്റഫ്, അഷ്റഫ് പൊയിൽ എന്നിവർ പങ്കെടുത്തു.
യു.ഡി.എഫ് തെറ്റിദ്ധരിപ്പിക്കുന്നു –സി.പി.ഐ
സുൽത്താൻ ബത്തേരി: ഫയർലാൻഡിലെ പട്ടയപ്രശ്നം ഉന്നയിച്ച് യു.ഡി.എഫ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.ഐ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസും ലീഗും നടത്തുന്ന നീക്കങ്ങളാണ് പട്ടയ പ്രശ്ന സമരങ്ങൾക്കു പിന്നിൽ. ഫയർലാൻഡിലെ പട്ടയ ശ്രമങ്ങൾക്ക് 50 വർഷത്തിലേറെ പഴക്കമുണ്ട്. ഫയർലാൻഡ് ഭാഗം പഞ്ചായത്തായിരുന്നപ്പോൾ കോൺഗ്രസുകാരനായിരുന്നു അവിടത്തെ പ്രതിനിധി.
ഇപ്പോൾ നഗരസഭയായപ്പോൾ ലീഗ് കൗൺസിലറാണ്. കഴിഞ്ഞ കാലത്ത് പട്ടയ പ്രശ്നമുന്നയിച്ച് ഒരു സമരവും യു.ഡി.എഫ് നടത്തിയിരുന്നില്ല. 10 വർഷമായി യു.ഡി.എഫുകാരനായ എം.എൽ.എ സുൽത്താൻ ബത്തേരിയെ പ്രതിനിധാനം ചെയ്തിട്ടും പട്ടയത്തിനായി ശ്രമിച്ചില്ല. 2010 ലെ സർക്കാർ ഉത്തരവിൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ 43 കുടുംബങ്ങൾക്ക് പട്ടയം നൽകി. അന്ന് പി. കൃഷ്ണപ്രസാദിയിരുന്നു എം.എൽ.എ. 2015ൽ സുൽത്താൻ ബത്തേരി നഗരസഭയായി. 2010ലെ സർക്കാർ ഉത്തരവ് അനുസരിച്ച് ചില തടസ്സങ്ങളുണ്ടായി.
അതു പരിഹരിച്ച് പട്ടയം കൊടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുമ്പോൾ യു.ഡി.എഫ് സമരങ്ങളുമായി എത്തുന്നത് തെരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ടാണ്.വാർത്തസമ്മേളനത്തിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ. ഗീവർഗീസ്, ബത്തേരി മണ്ഡലം സെക്രട്ടറി സി.എം. സുധീഷ്, ലോക്കൽ സെക്രട്ടറി പി.ജി. സോമനാഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.